| Monday, 30th June 2025, 3:19 pm

കരുണിനെയോ സുദർശനേയോ ഒഴിവാക്കൂ, എന്നിട്ട് ഇവരെ ഉൾപ്പെടുത്തൂ; നിർദേശവുമായി കുക്ക്

സ്പോര്‍ട്സ് ഡെസ്‌ക്

പ്രഥമ ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്സണ്‍ ട്രോഫിയിലെ രണ്ടാം ടെസ്റ്റിനുള്ള കാത്തിരിപ്പിലാണ് ഇന്ത്യൻ ആരാധകർ. അഞ്ച് മത്സരങ്ങളുള്ള പരമ്പരയിൽ ആതിഥേയരായ ഇംഗ്ലണ്ട് ടീം മുന്നിലാണ്. ആദ്യ ടെസ്റ്റിൽ ഇന്ത്യയെ അഞ്ച് വിക്കറ്റിന് തോൽപ്പിച്ചാണ് ത്രീ ലയൺസ് ലീഡ് നേടിയത്.

ജൂലൈ രണ്ടിന് ബുധനാഴ്ചയാണ് ഇന്ത്യ പരമ്പരയിലെ രണ്ടാം മത്സരത്തിനിറങ്ങുന്നത്. ബെര്‍മിങ്ഹാമിലെ എഡ്ജ്ബാസ്റ്റണാണ് വേദി. ഇതിനായുള്ള തയ്യാറെടുപ്പിലാണ് ഇരു ടീമുകളും. രണ്ടാം മത്സരത്തിൽ ഇന്ത്യ ജയവും പരമ്പരയിൽ സമനിലയുമാണ് ലക്ഷ്യമിടുന്നത്.

ഇപ്പോൾ രണ്ടാം മത്സരത്തിന് മുന്നോടിയായി ഇന്ത്യൻ പ്ലെയിങ് ഇലവനിൽ വരുത്തേണ്ട മാറ്റങ്ങളെ കുറിച്ച് സംസാരിക്കുകയാണ് മുൻ ഇംഗ്ലണ്ട് നായകൻ അലിസ്റ്റർ കുക്ക്. സായി സുദർശനേയോ കരുൺ നായരെയോ ഒഴിവാക്കി നിതീഷ് കുമാർ റെഡ്ഡിയെ കളിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

കൂടാതെ ഒരു എക്സ്ട്രാ സ്പിന്നറായി കുൽദീപ് യാദവിനേയും ടീമിൽ ഉൾപ്പെടുത്താമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബ്രിട്ടീഷ് മാധ്യമമായ ദി സൺ‌ഡേ ടൈംസിലെ കോളത്തിലാണ് അലിസ്റ്റർ കുക്ക് ഈ നിർദേശങ്ങൾ മുന്നോട്ട് വെച്ചത്.

‘അവർ സായി സുദർശനേയോ കരുൺ നായരെയോ ടീമിൽ നിന്ന് ഒഴിവാക്കണം. എന്നിട്ട് നിതീഷ് കുമാർ റെഡ്ഡിയെ കളിപ്പിക്കണം. അവന് ബാറ്റ് ചെയ്യാനും ബൗൾ ചെയ്യാനും കഴിയും. കൂടാതെ ഒരു എക്സ്ട്രാ സ്പിന്നറായി കുൽദീപ് യാദവിനേയും ടീമിൽ ഉൾപ്പെടുത്താം,’ കുക്ക് പറഞ്ഞു.

ആദ്യ ടെസ്റ്റിൽ പരാജയപ്പെട്ടതോടെ വരാനിരിക്കുന്ന മത്സരങ്ങൾ ഇന്ത്യയ്ക്ക് ഏറെ നിർണായകമാണ്. രണ്ടാം മത്സരത്തിൽ ജയിച്ച് പരമ്പരയിൽ സമനില നേടുക എന്നതാണ് ഇന്ത്യയുടെ ലക്ഷ്യം. ശുഭ്മൻ ഗില്ലിന് വിജയത്തോടെ തുടങ്ങാൻ സാധിച്ചില്ലെങ്കിലും രണ്ടാം ടെസ്റ്റിൽ ഇന്ത്യ വലിയ പ്രതീക്ഷയുമായാണ് കളത്തിലിറങ്ങുക.

Content Highlight: Ind vs Eng: Alister Cook suggest that India might have to leave out either Karun Nair and Sai Sudharsan and play Nitish Kumar Reddy

We use cookies to give you the best possible experience. Learn more