ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്സണ്‍ ട്രോഫിയിലെ ആദ്യ ടെസ്റ്റില്‍ ഇന്ത്യയെ ഇംഗ്ലണ്ട് പരാജയപ്പെടുത്തിയിരുന്നു. ലീഡ്‌സിലെ ഹെഡിങ്‌ലിയില്‍ നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റിന്റെ തോല്‍വിയായിരുന്നു ഇന്ത്യ വഴങ്ങിയത്. ഇതോടെ അഞ്ച് മത്സരങ്ങളുള്ള പരമ്പരയില്‍ ആതിഥേയര്‍ മുമ്പിലെത്തി.
ഇപ്പോൾ ഇന്ത്യൻ ടീമിൽ രണ്ട് തരത്തിലുള്ള പ്രശ്നങ്ങളുണ്ടെന്ന് പറയുകയാണ് മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര. ഇന്ത്യൻ ലോവർ ഓർഡർ ബാറ്റ് ചെയ്യുകയോ ടോപ് ഓർഡർ പന്തെറിയുകയോ ചെയ്യുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ടോപ് ഓർഡറിൽ ബൗൾ ചെയ്യാൻ കഴിയുന്ന താരമുണ്ടെങ്കിൽ അതിലൂടെ ടീമിന് ബാലൻസും കുറച്ച് കൂടെ ഓപ്ഷൻസും ചോയ്‌സും ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു ആകാശ് ചോപ്ര.
‘ഇന്ത്യയ്ക്ക് രണ്ട് തരത്തിലുള്ള പ്രശ്നങ്ങളുണ്ട്. നമ്മുടെ ലോവർ ഓർഡർ ബാറ്റ് ചെയ്യുകയോ ടോപ് ഓർഡർ പന്തെറിയുകയോ ചെയ്യുന്നില്ല. അവർ കുറച്ചെങ്കിലും ബൗൾ ചെയ്യണം. അവർ 15 ഓവർ ബൗൾ ചെയ്യണമെന്നല്ല ഞാൻ പറയുന്നത്.
ജാക്വസ് കാല്ലിസിനെ പോലെ ഒരാളോ സൗത്ത് ആഫ്രിക്ക വിയാൻ മുൾഡറിനെയും എയ്ഡൻ മാർക്രമിനെയും കളിപ്പിക്കുന്നത് പോലെ ഒരു താരത്തിനെ ഇന്ത്യയ്ക്ക് വേണമെന്നാണ്. അങ്ങനെ ഒരാൾ ഇല്ലെങ്കിലും ടീം മുന്നോട്ട് പോകും.
പക്ഷേ, അങ്ങനെ ടോപ് ഓർഡറിൽ ബൗൾ ചെയ്യാൻ കഴിയുന്ന താരമുണ്ടെങ്കിൽ അതിലൂടെ ടീമിന് ബാലൻസും കുറച്ച് കൂടെ ഓപ്ഷൻസും ചോയ്‌സും ലഭിക്കും,’ ചോപ്ര പറഞ്ഞു.
അതേസമയം, ജൂലൈ രണ്ടിന് ബുധനാഴ്ചയാണ് ഇന്ത്യ പരമ്പരയിലെ രണ്ടാം മത്സരത്തിനിറങ്ങുന്നത്. ബെര്‍മിങ്ഹാമിലെ എഡ്ജ്ബാസ്റ്റണാണ് വേദി. ഇതിനായുള്ള തയ്യാറെടുപ്പിലാണ് ഇരു ടീമുകളും.
Content Highlight: Ind vs Eng: Akash Chopra says that Indian Cricket Team’s tail doesn’t bat, and top order doesn’t bowl