ടെൻഡുൽക്കർ – ആൻഡേഴ്സൺ ട്രോഫിയിലെ രണ്ടാം ടെസ്റ്റ് നടന്നുകൊണ്ടിരിക്കുകയാണ്. രണ്ടാം ദിനം അവസാനിക്കുമ്പോൾ ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്സിൽ ബാറ്റിങ് ആരംഭിച്ചിട്ടുണ്ട്. നിലവിൽ ആതിഥേയർ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 77 റൺസാണ് നേടിയത്. ജോ റൂട്ടും ഹാരി ബ്രൂക്കുമാണ് ക്രീസിലുള്ളത്. ഇന്ത്യയ്ക്കായി ആകാശ് ദീപ് രണ്ട് വിക്കറ്റും മുഹമ്മദ് സിറാജ് ഒരു വിക്കറ്റും നേടി.
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ് ആരംഭിച്ച ഇന്ത്യ ഒന്നാം ഇന്നിങ്സിൽ 587 റൺസെടുത്തിരുന്നു. ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിന്റെ ഇരട്ട സെഞ്ച്വറി കരുത്തിലാണ് ഇന്ത്യ കൂറ്റൻ സ്കോർ പടുത്തുയർത്തിയത്. കൂടാതെ, നായകൻ ഒപ്പം ഉറച്ച് നിന്ന ഓൾറൗണ്ടർ രവീന്ദ്ര ജഡേജയും ഇന്ത്യൻ ഇന്നിങ്സിൽ നിർണായക പങ്ക് വഹിച്ചിരുന്നു. താരം ഏഴാമനായി ഇറങ്ങി ഒരു സിക്‌സറും പത്ത് ഫോറും ഉൾപ്പെടെ 89 റൺസെടുത്തിരുന്നു. അതിന് പുറമെ ഗില്ലിനൊപ്പം 203 റൺസിന്റെ കൂട്ടുകെട്ടും സ്പിൻ ഓൾ റൗണ്ടർ പടുത്തുയർത്തിയിരുന്നു.
ഇപ്പോൾ താരത്തെ പ്രശംസിക്കുകയാണ് മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര. ഗില്ലിനോടൊപ്പം തന്നെ രവീന്ദ്ര ജഡേജയുടെ ഇന്നിങ്സിനെ കുറിച്ചും സംസാരിക്കണമെന്നും താരത്തിന്റെ 80 റൺസ് വളരെ പ്രാധാന്യമുള്ളതാണെന്നും ചോപ്ര പറഞ്ഞു.
ജഡേജയുടെ സംഭാവന വളരെ മൂല്യമുള്ളതായിരുന്നുവെന്നും അവൻ ഗില്ലുമായി ഉയർത്തിയ കൂട്ടുക്കെട്ടാണ് ഇന്ത്യയെ ശക്തമായ നിലയിലെത്തിച്ച് ടീമിന് കളി നിയന്ത്രിക്കാനുള്ള അവസരം നൽകിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു ആകാശ് ചോപ്ര.
‘രവീന്ദ്ര ജഡേജയെ കുറിച്ചും നമ്മൾ സംസാരിക്കേണ്ടതുണ്ട്. ഇന്ത്യയ്ക്ക് റിഷബ് പന്തിനേയും നിതീഷ് കുമാർ റെഡ്ഡിയെയും ഒരുമിച്ച് നഷ്‌ടമായ സന്ദർഭമുണ്ടായിരുന്നു. ഒന്ന് രണ്ട് വിക്കറ്റുകൾ കൂടെ നഷ്ടമായിരുന്നെങ്കിൽ നമ്മൾ സംസാരിക്കുമായിരുന്നത് ബാറ്റിങ് തകർച്ചയെ കുറിച്ചായിരുന്നേനെ.
എന്നാൽ 80കളോട് പ്രത്യേക ബന്ധമുള്ള ജഡേജ ഒരിക്കൽ കൂടി 80 റൺസെടുത്തു. അവൻ നിരവധി തവണ ഈ സ്‌കോറിൽ എത്തിയിട്ടുണ്ടെങ്കിലും, ഇത് വളരെ പ്രാധാന്യമുള്ളതാണ്. അതൊരു സെഞ്ച്വറി ആയിരുന്നെങ്കിൽ ഇതിലും മികച്ചതാകുമായിരുന്നു.
പക്ഷെ, അവന്റെ സംഭാവന വളരെ മൂല്യമുള്ളതായിരുന്നു. അവൻ ഉത്തരവാദിത്തത്തോടെ ബാറ്റ് ചെയ്തു. അവൻ ഗില്ലുമായി ഉയർത്തിയ കൂട്ടുക്കെട്ട് ഇന്ത്യയെ ശക്തമായ നിലയിലെത്തിച്ചു, ടീമിന് കളി നിയന്ത്രിക്കാനുള്ള അവസരം നൽകി,’ ചോപ്ര പറഞ്ഞു.
മത്സരത്തിൽ ഇന്ത്യൻ ഇന്നിങ്സിൽ മിന്നും പ്രകടനം നടത്തിയത് നായകൻ ശുഭ്മൻ ഗില്ലായിരുന്നു. താരം 387 പന്തുകൾ നേരിട്ട് 269 റൺസാണ് എഡ്ജ്ബാസ്റ്റണിൽ അടിച്ചെടുത്തത്. ഇവർക്ക് പുറമെ യശസ്വി ജെയ്‌സ്വാളും വാഷിങ്ടൺ സുന്ദറും മികച്ച പ്രകടനം കാഴ്ച വെച്ചിരുന്നു. ഇന്നിങ്സ് ഓപ്പൺ ചെയ്ത ജെയ്‌സ്വാൾ 107 പന്തുകളില്‍ 13 ബൗണ്ടറികള്‍ ഉള്‍പ്പെടെ 87 റണ്‍സ് നേടിയപ്പോൾ സുന്ദർ 103 പന്തില്‍ 42 റൺസും എടുത്തു.
Content Highlight: Ind vs Eng: Akash Chopra praises Ravindra Jadeja’s Innings against England