| Tuesday, 8th July 2025, 7:37 am

ഇതൊരു ചരിത്രം സൃഷ്ടിക്കല്‍, ഇന്ത്യ പുതിയ പുതിയ ഇടങ്ങള്‍ കീഴടക്കുകയാണിപ്പോള്‍; പ്രശംസയുമായി ആകാശ് ചോപ്ര

സ്പോര്‍ട്സ് ഡെസ്‌ക്

ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്‌സണ്‍ ട്രോഫിയിലെ രണ്ടാം മത്സരത്തില്‍ കഴിഞ്ഞ ദിവസം ഇന്ത്യ വിജയിച്ചിരുന്നു. ബെര്‍മിങ്ഹാമിലെ എഡ്ജ്ബാസ്റ്റണില്‍ നടന്ന മത്സരത്തില്‍ 336 റണ്‍സിന്റെ വിജയമാണ് ഇന്ത്യ നേടിയത്. ഇന്ത്യ ഉയര്‍ത്തിയ 608 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇംഗ്ലണ്ട് 271ന് പുറത്താവുകയായിരുന്നു. ഇതോടെ പരമ്പരയില്‍ ഇന്ത്യ ഇംഗ്ലണ്ടിനോടൊപ്പമെത്തി.

ചരിത്രത്തിലാദ്യമായാണ് ഇന്ത്യ എഡ്ജ്ബാസ്റ്റണില്‍ ഒരു ടെസ്റ്റ് മത്സരം വിജയിക്കുന്നത്. ഇതിന് മുമ്പ് കളിച്ച എട്ടില്‍ ഏഴ് മത്സരത്തിലും ഇന്ത്യ പരാജയപ്പെട്ടിരുന്നു. ഒരു മത്സരം സമനിലയില്‍ അവസാനിച്ചതായിരുന്നു ഇന്ത്യയുടെ ഈ വേദിയിലെ ഏറ്റവും വലിയ നേട്ടം.

ഇപ്പോള്‍ ഈ ചരിത്ര നേട്ടത്തിന് പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രശംസിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര. എഡ്ജ്ബാസ്റ്റണില്‍ പുതിയ ചരിത്രമാണ് ഇന്ത്യന്‍ ടീം ഉണ്ടാക്കിയതെന്നും ടീമിന്റെ പ്രകടനത്തില്‍ ശുഭ്മന്‍ ഗില്ലും മുഹമ്മദ് സിറാജും ആകാശ് ദീപും മികച്ച പ്രകടനം നടത്തിയെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ കേപ്പ് ടൗണിലെയും പെര്‍ത്തിലെയും ഗാബയിലെയും വിജയങ്ങളെയും അദ്ദേഹം പരാമര്‍ശിച്ചു. ബാസ്‌ബോള്‍ ശൈലിയെ പൂര്‍ണമായി മറികടന്നത് കൊണ്ട് ഈ വിജയം ആഘോഷിക്കപ്പെടേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഇതൊരു ചരിത്രം സൃഷ്ടിക്കലാണ്. എഡ്ജ്ബാസ്റ്റണില്‍ പുതിയ ചരിത്രമാണ് ഇന്ത്യന്‍ ടീം ഉണ്ടാക്കിയത്. ശുഭ്മന്‍ ഗില്‍ വലിയ സ്‌കോര്‍ കണ്ടെത്തി ഇന്ത്യന്‍ സ്‌കോര്‍ 1000 റണ്‍സ് കടത്തി. ഒന്നാം ഇന്നിങ്‌സില്‍ മിയാന്‍ മാജിക്കാണ് നമ്മള്‍ കണ്ടതെങ്കില്‍ രണ്ടാം ഇന്നിങ്‌സില്‍ ആകാശ് ദീപ് മികവ് തെളിയിച്ചു.

നമ്മള്‍ ഒരിക്കലും എഡ്ജ്ബാസ്റ്റണില്‍ ജയിച്ചിരുന്നില്ല. പക്ഷെ നമ്മള്‍ ഇപ്പോള്‍ അത് മാറ്റി എഴുതി. ഈ അടുത്ത കാലത്തേ വിജയങ്ങളെ നോക്കുമ്പോള്‍ ഇന്ത്യ ഓരോ വിജയത്തിനൊപ്പവും ചരിത്രം സൃഷ്ടിക്കുകയാണ്. നമ്മള്‍ കേപ്പ് ടൗണിലും പെര്‍ത്തിലും, ഗാബയിലും വിജയിച്ചു.

പുതിയ പുതിയ സ്റ്റേഡിയങ്ങള്‍ കീഴടക്കുകയാണ് ഇന്ത്യയിപ്പോള്‍. നമ്മള്‍ ബാസ്‌ബോള്‍ ശൈലിയെ പൂര്‍ണമായി മറികടന്നു. അതുകൊണ്ട് ഈ വിജയം ആഘോഷിക്കപ്പെടേണ്ടതാണ്,’ ചോപ്ര പറഞ്ഞു.

Content Highlight: Ind vs Eng: Akash Chopra hails Indian Team for the Test victory in Edgbaston Stadium in England

We use cookies to give you the best possible experience. Learn more