| Saturday, 28th June 2025, 8:36 pm

ഗംഭീർ തോറ്റുകൊണ്ടേയിരിക്കുകയാണ്; പരിശീലകനെ വിമർശിച്ച് മുൻ ഇന്ത്യൻ താരം

സ്പോര്‍ട്സ് ഡെസ്‌ക്

ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്സണ്‍ ട്രോഫിയിലെ ആദ്യ ടെസ്റ്റില്‍ ഇന്ത്യയെ ഇംഗ്ലണ്ട് പരാജയപ്പെടുത്തിയിരുന്നു. ലീഡ്‌സിലെ ഹെഡിങ്‌ലിയില്‍ നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റിന്റെ തോല്‍വിയായിരുന്നു ഇന്ത്യ വഴങ്ങിയത്. ഇതോടെ അഞ്ച് മത്സരങ്ങളുള്ള പരമ്പരയില്‍ ആതിഥേയര്‍ മുമ്പിലെത്തി.

ഇംഗ്ലണ്ടിനെതിരെ കൂടി തോറ്റതോടെ ഇന്ത്യ ടെസ്റ്റിൽ ഗൗതം ഗംഭീറിന്റെ കീഴിൽ മറ്റൊരു പരാജയം കൂടിയാണ് നേരിട്ടത്. പുതിയ പരിശീലകന്റെ കീഴിൽ അവസാനം കളിച്ച ഒമ്പത് മത്സരങ്ങളിൽ ഒരു വിജയം മാത്രമാണ് ഇന്ത്യ നേടിയത്. നേരത്തെ, ന്യൂസിലാൻഡിനെതിരെ 3 – 0ത്തിനും ഓസ്‌ട്രേലിയക്കെതിരെ 3 – ഒന്നിനും പരമ്പര തോറ്റിരുന്നു.

ഇപ്പോൾ ഇംഗ്ലണ്ടിനെതിരെ തോറ്റതോടെ ഗൗതം ഗംഭീർ വലിയ സമ്മർദത്തിലാകുമെന്ന് പറയുകയാണ് മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര. ഗംഭീർ തോറ്റുകൊണ്ടേയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

കോച്ചിങ് സ്റ്റാഫ് ആവശ്യപ്പെട്ടതൊക്കെ സെലക്ടർമാർ നൽകിയിട്ടുണ്ടെന്നും ഇനി റിസൾട്ട് ഉണ്ടാവണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു ആകാശ് ചോപ്ര.

‘ഗൗതം ഗംഭീർ വലിയ സമ്മർദത്തിലാണ്. സ്ഥിതി കൂടുതൽ സംഘർഷഭരിതമായിക്കൊണ്ടിരിക്കുകയാണ്. ബംഗ്ലാദേശിനെതിരെ രണ്ട് മത്സരങ്ങളിലും ഓസ്ട്രേലിയക്കെതിരെ ഒരു മത്സരത്തിലും ജയിച്ചെങ്കിലും ന്യൂസിലാൻഡിനോടും ഓസ്‌ട്രേലിയയോടും തോറ്റു. ഗംഭീർ തോറ്റുകൊണ്ടേയിരിക്കുകയാണ്. കോച്ചിങ് സ്റ്റാഫ് ആവശ്യപ്പെട്ടതൊക്കെ സെലക്ടർമാർ നൽകിയിട്ടുണ്ട്. അതുകൊണ്ട് ഇനി റിസൾട്ട് വരണം,’ ചോപ്ര പറഞ്ഞു.

അതേസമയം, ജൂലൈ രണ്ടിന് ബുധനാഴ്ചയാണ് ഇന്ത്യ പരമ്പരയിലെ രണ്ടാം മത്സരത്തിനിറങ്ങുന്നത്. ബെര്‍മിങ്ഹാമിലെ എഡ്ജ്ബാസ്റ്റണാണ് വേദി. ഇതിനായുള്ള തയ്യാറെടുപ്പിലാണ് ഇരു ടീമുകളും. രണ്ടാം മത്സരത്തിൽ ജയിച്ച് പരമ്പരയിൽ സമനില നേടുക എന്നതാണ് ഇന്ത്യയുടെ ലക്ഷ്യം.

ആദ്യ ടെസ്റ്റില്‍ പരാജയപ്പെട്ടതോടെ വരാനിരിക്കുന്ന മത്സരങ്ങൾ ഇന്ത്യയ്ക്ക് ഏറെ നിര്‍ണായകമാണ്. രോഹിത് ശര്‍മയുടെയേും വിരാട് കോഹ്‌ലിയുടേയും വിരമിക്കലിന് ശേഷം ക്യാപ്റ്റന്‍സി ഏറ്റെടുത്ത ശുഭ്മന്‍ ഗില്ലിന് വിജയത്തോടെ തുടങ്ങാന്‍ സാധിച്ചില്ലെങ്കിലും രണ്ടാം ടെസ്റ്റില്‍ ഇന്ത്യ വലിയ പ്രതീക്ഷയുമായാണ് കളത്തിലിറങ്ങുക.

Content Highlight: Ind vs Eng: Akash Chopra criticizes Gautham Gambhir

We use cookies to give you the best possible experience. Learn more