| Tuesday, 5th August 2025, 1:55 pm

അവന്‍ ഗില്ലിനേക്കാള്‍ സ്ഥിരതയാര്‍ന്ന പ്രകടനം നടത്തി: അജയ് ജഡേജ

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനം സമനിലയില്‍ അവസാനിച്ചിരിക്കുകയാണ്. ഓവലില്‍ നടന്ന അഞ്ചാം ടെസ്റ്റില്‍ ഇന്ത്യ വിജയിച്ചതോടെയാണ് പരമ്പര 2 – 2 എന്ന നിലയില്‍ എത്തിയിരിക്കുന്നത്. ഈ വിജയം ഒരിക്കലും ഒരാളുടെ മാത്രം പ്രകടനത്തില്‍ നേടി എടുത്തതായിരുന്നില്ല. ഓരോ താരങ്ങളും തങ്ങളുടെ പങ്ക് ഭംഗിയായി നിര്‍വഹിച്ചിരുന്നു. സീനിയര്‍ താരവും ഓള്‍റൗണ്ടറുമായ രവീന്ദ്ര ജഡേജ അക്കൂട്ടത്തില്‍ ഒരാളാണ്.

എന്നാല്‍, എത്ര മികച്ച പ്രകടനം നടത്തിയാലും ജഡേജയ്ക്ക് പലപ്പോഴും അര്‍ഹതപ്പെട്ട അംഗീകാരം ലഭിക്കാറില്ല. ഇപ്പോള്‍ താരത്തെ പ്രശംസിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം അജയ് ജഡേജ. ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിനേക്കാള്‍ സ്ഥിരതയാര്‍ന്ന പ്രകടനം ജഡേജ നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു.

പരമ്പരയില്‍ രണ്ട് മത്സരങ്ങളില്‍ മാത്രമാണ് താരം നേരത്തെ പുറത്തായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സോണി സ്‌പോര്‍ട്‌സിലെ ഒരു ചര്‍ച്ചയ്ക്കിടെ രവീന്ദ്ര ജഡേജയുടെ പ്രകടനം എങ്ങനെ വിലയിരുത്തുന്നുവെന്ന ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു മുന്‍ താരം.

‘എന്തെങ്കിലും പറയേണ്ടതുണ്ടോ? തനിക്ക് എന്ത് ചെയ്യാന്‍ കഴിയുമെന്ന് ആ മനുഷ്യന്‍ നിങ്ങള്‍ക്ക് കാണിച്ചുതന്നു. അവന്‍ മികച്ച പ്രകടനമാണ് നടത്തിയത്. ഗില്‍ 754 റണ്‍സ് നേടിയപ്പോള്‍ ജഡേജ ഏകദേശം 550 റണ്‍സ് എടുത്തു. നാല് ഇന്നിങ്സിലാണ് അവന്‍ പുറത്താവാതെ നിന്നത്,’ അജയ് ജഡേജ പറഞ്ഞു.

വിജയിക്കില്ലെന്ന് ഉറപ്പുണ്ടായിട്ടും ലോര്‍ഡ്സില്‍ ജഡേജ നടത്തിയ പ്രകടനത്തില്‍ നിന്നാണ് എല്ലാം തുടങ്ങിയതെന്ന് അജയ് ജഡേജ പറഞ്ഞു. അവിടെ മുഹമ്മദ് സിറാജും ജഡേജയും കഠിനമായി പോരാടി. അത് പിന്നെ അടുത്ത മത്സരങ്ങളിലും തുടര്‍ന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അഞ്ച് മത്സരങ്ങളുള്ള പരമ്പരയിലുടനീളം ജഡേജ മികച്ച പ്രകടനമാണ് നടത്തിയത്. പത്ത് ഇന്നിങ്‌സില്‍ താരം 516 റണ്‍സാണ് നേടിയത്. ഒരു സെഞ്ച്വറിയും അഞ്ച് അര്‍ധ സെഞ്ച്വറിയും അടങ്ങുന്നതായിരുന്നു താരത്തിന്റെ ബാറ്റിങ് പ്രകടനം.

ബൗളിങ്ങും ഓള്‍ റൗണ്ടര്‍ ഭേദപ്പെട്ട പ്രകടനം നടത്തിയിരുന്നു. അഞ്ച് മത്സരങ്ങളിലെ ഒമ്പത് ഇന്നിങ്‌സില്‍ നിന്നായി ഏഴ് വിക്കറ്റുകളാണ് ജഡേജ നേടിയത്. ഇംഗ്ലണ്ടിനെതിരെ താരം പന്തെറിഞ്ഞത് 3.56 എക്കോണമിയിലായിരുന്നു.

Content Highlight: Ind vs Eng: Ajay Jadeja says that Ravindra Jadeja has been more consistent than Shubhman Gill

We use cookies to give you the best possible experience. Learn more