| Thursday, 26th June 2025, 2:00 pm

അവൻ മാൻ ഓഫ് ദി മാച്ചിന് അർഹനായിരുന്നു; ഇന്ത്യൻ താരത്തെ പ്രശംസിച്ച് ഡി വില്ലിയേഴ്‌സ്

സ്പോര്‍ട്സ് ഡെസ്‌ക്

പ്രഥമ ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്സണ്‍ ട്രോഫിയിലെ ആദ്യ ടെസ്റ്റിൽ ഇന്ത്യയെ ഇംഗ്ലണ്ട് പരാജയപ്പെടുത്തിയിരുന്നു. ലീഡ്സിലെ ഹെഡിങ്ലിയില്‍ നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റിന്റെ തോൽവിയാണ് ഇന്ത്യ വഴങ്ങിയത്. ഇന്ത്യ ഉയര്‍ത്തിയ 371 റണ്‍സിന്റെ വിജയലക്ഷ്യം ബെന്‍ ഡക്കറ്റിന്റെ സെഞ്ച്വറി കരുത്തില്‍ ഇംഗ്ലണ്ട് മറികടക്കുകയായിരുന്നു. ഇതോടെ അഞ്ച് മത്സരങ്ങളുള്ള പരമ്പരയിൽ ആതിഥേയർ മുമ്പിലെത്തി.

രണ്ട് ഇന്നിങ്സിലുമായി അഞ്ച് സെഞ്ച്വറികളുണ്ടായിരുന്നിട്ടും ഇന്ത്യ പരാജയപ്പെടുകയായിരുന്നു. അതില്‍ രണ്ട് സെഞ്ച്വറികള്‍ വൈസ് ക്യാപ്റ്റന്‍ റിഷബ് പന്താണ് സ്വന്തമാക്കിയത്. ആദ്യ ഇന്നിങ്സില്‍ പന്ത് 134 (178) റണ്‍സാണ് സ്വന്തമാക്കിയത്. ആറ് സിക്സും 12 ഫോറും ഉള്‍പ്പെടെയാണ് പന്ത് തന്റെ ഏഴാം ടെസ്റ്റ് സെഞ്ച്വറി പൂര്‍ത്തിയാക്കിയത്.

നിര്‍ണായകമായ രണ്ടാം ഇന്നിങ്സിലും താരം സെഞ്ച്വറിയടിച്ച് കരുത്ത് തെളിയിച്ചു. 140 പന്തില്‍ നിന്ന് മൂന്ന് സിക്സും 15 ഫോറും ഉള്‍പ്പെടെ 118 റണ്‍സാണ് താരം നേടിയത്. ഇതോടെ ഒരു ടെസ്റ്റില്‍ തുടര്‍ച്ചയായി രണ്ട് സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യന്‍ വിക്കറ്റ് കീപ്പറാകാനും താരത്തിന് സാധിച്ചു.

ഇപ്പോൾ താരത്തിനെ പ്രശംസിക്കുകയാണ് സൗത്ത് ആഫ്രിക്കൻ ഇതിഹാസം എ.ബി. ഡി വില്ലിയേഴ്‌സ്. പന്ത് വളരെയധികം റിസ്‌ക്കോടെയാണ് കളിക്കുന്നതെന്നും ഇംഗ്ലണ്ടിനെതിരെ അവൻ പലതവണ ഔട്ടാകുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

എതിരാളിയെ ആക്രമിക്കുന്ന ഒരു താരമാണ് പന്തെന്നും താരം മാൻ ഓഫ് ദി മാച്ച് അവാർഡിന് അർഹനായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു എ.ബി. ഡി വില്ലിയേഴ്‌സ്.

‘പന്ത് വളരെയധികം റിസ്‌ക്കോടെയാണ് കളിക്കുന്നത്. അത് നിങ്ങളെ ചിലപ്പോൾ പേടിപ്പെടുത്തും. രണ്ട് ഇന്നിങ്‌സിലുമായി 30 റൺസിന് താഴെ അവൻ 20 പ്രാവശ്യമെങ്കിലും ഔട്ടാകാനുള്ള അവസരമുണ്ടായിരുന്നു. പക്ഷേ, അവൻ പിടിച്ചു നിന്നുവെന്നുള്ളതാണ് പ്രധാനം. എതിരാളിയെ ആക്രമിക്കുന്ന ഒരു താരമാണവൻ. വിജയികളായ അത്‌ലറ്റുകളിൽ മിക്കവാറും ആളുകളും അങ്ങനെ തന്നെയാണ്.

ഇംഗ്ലണ്ടിനെതിരെ പന്ത് കളിക്കുമ്പോൾ അവൻ എന്താണ് ചെയ്യുന്നതെന്നാണ് ഞാൻ ചോദിച്ചത്. അങ്ങനെ കളിക്കാനുള്ള അവസരവും സ്ഥലവുമല്ലയെന്നാണ് എനിക്ക് അന്നേരം തോന്നിയത്. പക്ഷേ, റിസൾട്ട് നോക്കൂ, എല്ലാപ്പോഴും അതിനാണ് പ്രാധാന്യം. പന്ത് മാൻ ഓഫ് ദി മാച്ച് അവാർഡിന് അർഹനായിരുന്നു. എന്നാൽ അവന്റെ ടീം തോറ്റത് ലജ്ജരാകരമാണ്,’ ഡി വില്ലിയേഴ്‌സ് പറഞ്ഞു.

Content Highlight: Ind vs Eng: AB De Villiers praise Rishabh Pant

We use cookies to give you the best possible experience. Learn more