| Friday, 11th July 2025, 10:22 am

എന്റര്‍ടെയ്ന്‍മെന്റുകളില്ല, ബോറന്‍ ടെസ്റ്റ് ക്രിക്കറ്റിലേക്ക് സ്വാഗതം: ശുഭ്മന്‍ ഗില്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിലെ മൂന്നാം മത്സരം ക്രിക്കറ്റിന്റെ മക്കയായ ലോര്‍ഡ്സില്‍ ആരംഭിച്ചിരിക്കുകയാണ്. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ 1-1ന് ഇരു ടീമുകളും ഒപ്പത്തിനൊപ്പമാണ്. ലോര്‍ഡ്സ് ടെസ്റ്റില്‍ വിജയിച്ച് എതിരാളികള്‍ക്ക് മേല്‍ ആധിപത്യം നേടാനുറച്ചാണ് ഇരു ടീമുകളും കളത്തിലിറങ്ങിയിരിക്കുന്നത്. മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തെരഞ്ഞെടുത്തു.

മത്സരത്തിന്റെ ഒന്നാം ദിവസം അവസാനിക്കുമ്പോള്‍ 251 റണ്‍സിന് നാല് വിക്കറ്റ് എന്ന നിലയിലാണ് ഇംഗ്ലണ്ട്. സാക്ക് ക്രോളി (43 പന്തില്‍ 18), ബെന്‍ ഡക്കറ്റ് (40 പന്തില്‍ 23), ഒലി പോപ്പ് (104 പന്തില്‍ 44), ഹാരി ബ്രൂക് (20 പന്തില്‍ 11) എന്നിവരുടെ വിക്കറ്റുകളാണ് ആദ്യ ദിവസം ഇംഗ്ലണ്ടിന് നഷ്ടമായത്. 191 പന്തില്‍ 99 റണ്‍സുമായി ജോ റൂട്ടും 102 പന്തില്‍ 39 റണ്‍സുമായി ബെന്‍ സ്റ്റോക്സുമാണ് നിലവില്‍ ആതിഥേയര്‍ക്കായി ക്രീസില്‍.

ഇംഗ്ലണ്ടിന്റെ അറ്റാക്കിങ് ശൈലിയായ ബാസ്‌ബോളിനെ പിടിച്ചുകെട്ടിയാണ് ലോര്‍ഡ്‌സില്‍ ഇന്ത്യ തിളങ്ങിയത്. ബെന്‍ ഡക്കറ്റും ഹാരി ബ്രൂക്കും അടക്കമുള്ള വെടിക്കെട്ട് വീരന്‍മാരെ ബാക്ക്ഫൂട്ടിലേക്കിറക്കിയും പുറത്താക്കിയുമാണ് ഇന്ത്യ ആദ്യ ദിനം അപ്പര്‍ഹാന്‍ഡ് നേടിയിരിക്കുന്നത്.

ടെസ്റ്റില്‍ ടി-20 കളിക്കുന്ന ഇംഗ്ലണ്ടിലെ മക്കെല്ലം യുഗത്തില്‍ ഇംഗ്ലണ്ടിനെ ടെസ്റ്റ് ക്രിക്കറ്റ് എന്താണെന്ന് പഠിപ്പിക്കുകയാണ് ഇന്ത്യ. മത്സരത്തിനിടെ ക്രീസില്‍ ഉറച്ചുനില്‍ക്കാന്‍ ശ്രമിക്കുന്ന ഇംഗ്ലണ്ട് താരങ്ങളെ ബാസ്‌ബോള്‍ ശൈലിയില്‍ കളിക്കുന്നില്ലേ എന്ന് ചോദിച്ച് സ്ലെഡ്ജ് ചെയ്യാനും ഇന്ത്യന്‍ ക്യാപ്റ്റനടക്കമുള്ളവര്‍ ശ്രമിക്കുന്നുണ്ട്.

‘എന്റര്‍ടെയ്‌നിങ് ക്രിക്കറ്റ് ഇനിയില്ല. ബോറിങ് ടെസ്റ്റ് ക്രിക്കറ്റിലേക്ക് നിങ്ങള്‍ക്ക് സ്വാഗതം’ എന്നാണ് കളിക്കിടെ ഇന്ത്യന്‍ നായകന്‍ ശുഭ്മന്‍ ഗില്‍ തമാശപൂര്‍വം പറഞ്ഞത്.

‘എവിടെ, ബാസ്‌ബോള്‍ എവിടെ. എനിക്കത് കാണണം,’ മറ്റൊരവസരത്തില്‍ മുഹമ്മദ് സിറാജ് ഇംഗ്ലണ്ട് ബാറ്റര്‍മാരോട് പറഞ്ഞു.

ബാസ്‌ബോള്‍ യുഗത്തില്‍ 80+ ഓവര്‍ ബാറ്റ് ചെയ്ത സാഹചര്യത്തില്‍ ഒരു ദിവസം ഏറ്റവും കുറവ് റണ്‍സ് പിറന്നതും ഈ മത്സരത്തിലാണ്. ആദ്യ ദിനം 251 റണ്‍സ് മാത്രമാണ് ഇംഗ്ലണ്ടിന് നേടാന്‍ സാധിച്ചത്. 2024ല്‍ റാഞ്ചിയില്‍ ഇന്ത്യയ്‌ക്കെതിരെ നേടിയ 302 റണ്‍സാണ് ഇതിന് മുമ്പ് ഈ പട്ടികയില്‍ ഒന്നാം സ്ഥാനത്തുണ്ടായിരുന്നത്.

ബാസ്‌ബോള്‍ യുഗത്തില്‍ ഇംഗ്ലണ്ടിന്റെ ഏറ്റവും ചെറിയ ഒരു ദിവസത്ത സ്‌കോര്‍ (ചുരുങ്ങിയത് 80 ഓവര്‍)

(എതിരാളികള്‍ – വേദി – വര്‍ഷം – റണ്‍സ് എന്നീ ക്രമത്തില്‍)

ഇന്ത്യ – ലോര്‍ഡ്‌സ് – 2025 – 251*

ഇന്ത്യ – റാഞ്ചി – 2024 – 302

ഓസ്‌ട്രേലിയ – ലോര്‍ഡ്‌സ് – 2024 – 358

ആദ്യ ദിവസം ഇന്ത്യയ്ക്കായി നിതീഷ് കുമാര്‍ റെഡ്ഡി രണ്ട് വിക്കറ്റുമായി തിളങ്ങി. ജസ്പ്രീത് ബുംറയും രവീന്ദ്ര ജഡേജയുമാണ് ശേഷിച്ച വിക്കറ്റുകളെടുത്തത്.

ഇംഗ്ലണ്ട് പ്ലെയിങ് ഇലവന്‍

സാക് ക്രോളി, ബെന്‍ ഡക്കറ്റ്, ഒലി പോപ്പ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ബെന്‍ സ്റ്റോക്സ് (ക്യാപ്റ്റന്‍), ജെയ്മി സ്മിത് (വിക്കറ്റ് കീപ്പര്‍), ക്രിസ് വോക്സ്, ബ്രൈഡന്‍ കാര്‍സ്, ജോഫ്രാ ആര്‍ച്ചര്‍, ഷോയ്ബ് ബഷീര്‍.

ഇന്ത്യ പ്ലെയിങ് ഇലവന്‍

യശസ്വി ജെയ്സ്വാള്‍, കെ.എല്‍. രാഹുല്‍, കരുണ്‍ നായര്‍, ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), നിതീഷ് കുമാര്‍ റെഡ്ഡി, രവീന്ദ്ര ജഡേജ, വാഷിങ്ടണ്‍ സുന്ദര്‍, ആകാശ് ദീപ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.

Content Highlight: IND vs ENG: 3rd Test: Shubman Gill trolls bazball

We use cookies to give you the best possible experience. Learn more