| Friday, 11th July 2025, 11:38 am

സച്ചിനെ നേരത്തെ വെട്ടി, ഇപ്പോള്‍ മറ്റാര്‍ക്കും നേടാനാകാത്ത ചരിത്രവും; റൂട്ട് ഗാഥ അവസാനിക്കുന്നില്ല

സ്പോര്‍ട്സ് ഡെസ്‌ക്

ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്സണ്‍ ട്രോഫിയിലെ മൂന്നാം മത്സരത്തിന് ക്രിക്കറ്റിന്റെ മക്കയായ ലോര്‍ഡ്സില്‍ തുടക്കമായിരിക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തെരഞ്ഞെടുത്തു.

പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ 1-1ന് ഇരു ടീമുകളും ഒപ്പത്തിനൊപ്പമാണ്. ലോര്‍ഡ്സ് ടെസ്റ്റില്‍ വിജയിച്ച് എതിരാളികള്‍ക്ക് മേല്‍ ആധിപത്യം നേടാനുറച്ചാണ് ഇരു ടീമുകളും കളത്തിലിറങ്ങിയിരിക്കുന്നത്.

മത്സരത്തിന്റെ ആദ്യ ദിവസം അവസാനിക്കുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 251 എന്ന നിലയിലാണ് ഇംഗ്ലണ്ട്. സാക്ക് ക്രോളി (43 പന്തില്‍ 18), ബെന്‍ ഡക്കറ്റ് (40 പന്തില്‍ 23), ഒലി പോപ്പ് (104 പന്തില്‍ 44), ഹാരി ബ്രൂക് (20 പന്തില്‍ 11) എന്നിവരുടെ വിക്കറ്റുകളാണ് ആദ്യ ദിവസം ഇംഗ്ലണ്ടിന് നഷ്ടമായത്. 191 പന്തില്‍ 99 റണ്‍സുമായി ജോ റൂട്ടും 102 പന്തില്‍ 39 റണ്‍സുമായി ബെന്‍ സ്റ്റോക്സുമാണ് നിലവില്‍ ആതിഥേയര്‍ക്കായി ക്രീസില്‍.

ആദ്യ ദിനം ഇന്ത്യയ്ക്കായി നിതീഷ് കുമാര്‍ റെഡ്ഡി രണ്ട് വിക്കറ്റ് വീഴ്ത്തി. ജസ്പ്രീത് ബുംറയും രവീന്ദ്ര ജഡേജയും ഓരോ വിക്കറ്റുമായും തിളങ്ങി.

ജോ റൂട്ടിന്റെ കരുത്തിലാണ് ഇംഗ്ലണ്ട് ടെസ്റ്റ് ഫോര്‍മാറ്റില്‍ സ്‌കോര്‍ ബോര്‍ഡ് ചലിപ്പിക്കുന്നത്. കരിയറിലെ 37ാം ടെസ്റ്റ് സെഞ്ച്വറിക്ക് ഒരു റണ്‍സകലെ ബാറ്റിങ് തുടരുകയാണ്.

ആദ്യ ഇന്നിങ്‌സില്‍ റൂട്ടിന്റെ പേരില്‍ ഒരു ചരിത്ര നേട്ടവും പിറവിയെടുത്തു. ടെസ്റ്റ് ഫോര്‍മാറ്റില്‍ ഇന്ത്യയ്‌ക്കെതിരെ 3000 റണ്‍സ് എന്ന നാഴികക്കല്ല് പിന്നിട്ടാണ് ഇംഗ്ലണ്ടിന്റെ ഗോള്‍ഡന്‍ ചൈല്‍ഡ് ബാറ്റിങ് തുടരുന്നത്. ഈ നേട്ടത്തിലെത്തുന്ന ചരിത്രത്തിലെ ആദ്യ താരമാണ് റൂട്ട്.

ഇതിനൊപ്പം മറ്റൊരു ചരിത്ര നേട്ടവും റൂട്ട് സ്വന്തമാക്കി. ഇംഗ്ലണ്ട് – ഇന്ത്യ ടെസ്റ്റ് പരമ്പരകളില്‍ 3000 റണ്‍സ് പൂര്‍ത്തിയാക്കുന്ന ആദ്യ താരമെന്ന നേട്ടമാണ് റൂട്ട് സ്വന്തമാക്കിയത്. സാക്ഷാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറിന് പോലും നേടാന്‍ സാധിക്കാത്ത നേട്ടത്തിലേക്കാണ് റൂട്ട് കാലെടുത്ത് വെച്ചിരിക്കുന്നത്.

ഇന്ത്യ – ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരകളില്‍ ഏറ്റവുമധികം റണ്‍സ് നേടിയ താരങ്ങള്

(താരം – ടീം – റണ്‍സ് – ശരാശരി എന്നീ ക്രമത്തില്‍)

ജോ റൂട്ട് – ഇംഗ്ലണ്ട് – 3046 – 57.71*

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – ഇന്ത്യ – 2535 – 51.73

സുനില്‍ ഗവാസ്‌കര്‍ – ഇന്ത്യ – 38.20 – 2483

അലസ്റ്റര്‍ കുക്ക് – ഇംഗ്ലണ്ട് – 2431 – 42.36

വിരാട് കോഹ്‌ലി – ഇന്ത്യ – 1991 – 42.36

രാഹുല്‍ ദ്രാവിഡ് – ഇന്ത്യ – 1950 – 60.93

ഇതിന് പുറമെ പല റെക്കോഡുകളും റൂട്ടിന് മുമ്പില്‍ തകര്‍ന്നുവീഴാനുള്ള സാധ്യതകളേറെയാണ്. ആ റെക്കോഡുകളിലെത്താന്‍ ഇംഗ്ലണ്ടിന്റെ ഗോള്‍ഡന്‍ ചൈല്‍ഡിന് സാധിക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

ഇംഗ്ലണ്ട് പ്ലെയിങ് ഇലവന്‍

സാക് ക്രോളി, ബെന്‍ ഡക്കറ്റ്, ഒലി പോപ്പ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ബെന്‍ സ്റ്റോക്സ് (ക്യാപ്റ്റന്‍), ജെയ്മി സ്മിത് (വിക്കറ്റ് കീപ്പര്‍), ക്രിസ് വോക്സ്, ബ്രൈഡന്‍ കാര്‍സ്, ജോഫ്രാ ആര്‍ച്ചര്‍, ഷോയ്ബ് ബഷീര്‍.

ഇന്ത്യ പ്ലെയിങ് ഇലവന്‍

യശസ്വി ജെയ്സ്വാള്‍, കെ.എല്‍. രാഹുല്‍, കരുണ്‍ നായര്‍, ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), നിതീഷ് കുമാര്‍ റെഡ്ഡി, രവീന്ദ്ര ജഡേജ, വാഷിങ്ടണ്‍ സുന്ദര്‍, ആകാശ് ദീപ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.

Content Highlight: IND vs ENG: 3rd Test: Joe Root becomes the first batter to complete 3000 runs in India vs England test series

We use cookies to give you the best possible experience. Learn more