| Saturday, 12th July 2025, 9:20 am

നമുക്കിവന്‍ ജസ്പ്രീത് ബുംറ, എന്നാല്‍ റൂട്ടിന് ഇവന്‍ കാലന്‍! ചരിത്ര നേട്ടം, ഒന്നാമത്

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിലെ മൂന്നാം ടെസ്റ്റ് മത്സരം ലോര്‍ഡ്സില്‍ തുടരുകയാണ്. മത്സരത്തിന്റെ രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 145 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ ബാറ്റിങ് തുടരുന്നത്.

സ്‌കോര്‍ (രണ്ടാം ദിവസം അവസാനിക്കുമ്പോള്‍)

ഇംഗ്ലണ്ട്: 387

ഇന്ത്യ: 145/3 (43)

രണ്ടാം ടെസ്റ്റില്‍ പുറത്തിരുന്നതിന് പിന്നാലെ തിരികെയെത്തിയ ജസ്പ്രീത് ബുംറയുടെ കരുത്തിലാണ് ഇന്ത്യ ആതിഥേയരെ പിടിച്ചുകെട്ടിയത്. മോഡേണ്‍ ഡേ ലെജന്‍ഡ് ജോ റൂട്ടിന്റേതടക്കം അഞ്ച് വിക്കറ്റുകളാണ് ബുംറ വീഴ്ത്തിയത്.

251ന് നാല് എന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിങ് പുനരാരംഭിച്ച ഇംഗ്ലണ്ടിനെ ജസ്പ്രീത് ബുംറയുടെ നേതൃത്വത്തില്‍ എറിഞ്ഞിടുകയായിരുന്നു. 74 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റാണ് താരം വീഴ്ത്തിയത്. കരിയറില്‍ ഇത് 15ാം തവണയാണ് ബുംറ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്നത്.

മത്സരത്തിന്റെ ആദ്യ ദിവസം ഹാരി ബ്രൂക്കിനെ മടക്കിയ സൂപ്പര്‍ പേസര്‍ രണ്ടാം ദിവസം ജോ റൂട്ട്, ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സ്, ക്രിസ് വോക്സ്, ജോഫ്രാ ആര്‍ച്ചര്‍ എന്നിവരെയും പുറത്താക്കി.

ക്ലീന്‍ ബൗള്‍ഡാക്കിയാണ് റൂട്ടിനെ ബുംറ മടക്കിയത്. താരത്തിന്റെ മിഡില്‍ സ്റ്റംപ് തന്നെയാണ് സൂപ്പര്‍ താരം എറിഞ്ഞിട്ടത്. ഇത് 11ാം തവണയാണ് ടെസ്റ്റില്‍ ജോ റൂട്ട് ജസ്പ്രീത് ബുംറയോട് തോറ്റ് മടങ്ങുന്നത്.

ടെസ്റ്റില്‍ ഏറ്റവുമധികം തവണ റൂട്ടിനെ പുറത്താക്കിയ താരമെന്ന നേട്ടവും സ്വന്തമാക്കിക്കൊണ്ടാണ് ബുംറ ഇംഗ്ലണ്ട് ലെജന്‍ഡിനെ പറഞ്ഞയച്ചത്.

ടെസ്റ്റ് ഫോര്‍മാറ്റില്‍ ഏറ്റവുമധികം തവണ ജോ റൂട്ടിനെ പുറത്താക്കുന്ന ബൗളര്‍

(താരം – ടീം – ഇന്നിങ്‌സ് – എത്ര തവണ പുറത്താക്കി എന്നീ ക്രമത്തില്‍)

ജസ്പ്രീത് ബുംറ – ഇന്ത്യ – 27 – 11*

പാറ്റ് കമ്മിന്‍സ് – ഓസ്‌ട്രേലിയ – 31 – 10

ജോഷ് ഹെയ്‌സല്‍വുഡ് – ഓസ്‌ട്രേലിയ – 31 – 10

മിച്ചല്‍ സ്റ്റാര്‍ക് – ഓസ്‌ട്രേലിയ – 31 – 8

ബുംറയ്ക്ക് പുറമെ ഇന്ത്യയ്ക്കായി മുഹമ്മദ് സിറാജും നിതീഷ് കുമാര്‍ റെഡ്ഡിയും രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കിയിരുന്നു. രവീന്ദ്ര ജഡേജയാണ് ശേഷിച്ച വിക്കറ്റെടുത്തത്.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് സൂപ്പര്‍ താരം ജോ റൂട്ടിന്റെ സെഞ്ച്വറി കരുത്തിലാണ് സ്‌കോര്‍ പടുത്തുയര്‍ത്തിയത്. 199 പന്ത് നേരിട്ട താരം 104 റണ്‍സ് നേടി. ടെസ്റ്റ് ഫോര്‍മാറ്റില്‍ റൂട്ടിന്റെ 37ാം സെഞ്ച്വറിയാണിത്.

അര്‍ധ സെഞ്ച്വറി നേടിയ ബ്രൈഡന്‍ കാര്‍സിന്റെയും ജെയ്മി സ്മിത്തിന്റെയും ഇന്നിങ്സുകളും ആതിഥേയര്‍ക്ക് തുണയായി. കാര്‍സ് 83 പന്തില്‍ 56 റണ്‍സ് നേടിയപ്പോള്‍ സ്മിത് 56 പന്തില്‍ 51 റണ്‍സും നേടി. 44 റണ്‍സ് വീതം നേടിയ ബെന്‍ സ്റ്റോക്സിന്റെയും ഒലി പോപ്പിന്റെയും പ്രകടനവും ഒന്നാം ഇന്നിങ്സ് ടോട്ടലില്‍ നിര്‍ണായകമായി.

ആദ്യ ഇന്നിങ്സ് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് രണ്ടാം ഓവറില്‍ തന്നെ യശസ്വി ജെയ്സ്വാളിനെ നഷ്ടമായിരുന്നു. എട്ട് പന്തില്‍ 13 റണ്‍സ് നേടിയാണ് താരം മടങ്ങിയത്. നീണ്ട ഇടവേളയ്ക്ക് ശേഷം ടെസ്റ്റിലേക്ക് മടങ്ങിയെത്തിയ ജോഫ്രാ ആര്‍ച്ചറാണ് ഇന്ത്യയുടെ ആദ്യ രക്തം ചിന്തിയത്.

വണ്‍ ഡൗണായെത്തിയ കരുണ്‍ നായര്‍ 62 പന്ത് നേരിട്ട് 40 റണ്‍സും ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ 44 പന്തില്‍ 16 റണ്‍സുമായി പുറത്തായി. 113 പന്ത് നേരിട്ട് 53 റണ്‍സുമായി കെ.എല്‍. രാഹുലും 33 പന്തില്‍ 19 റണ്‍സുമായി റിഷബ് പന്തുമാണ് ക്രീസില്‍. ആര്‍ച്ചറിന് പുറമെ ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സും ക്രിസ് വോക്‌സും രണ്ടാം ദിനം ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.

Content Highlight: IND vs ENG: 3rd Test: Jasprit Bumrah becomes the bowler to dismiss Joe Root most times in Tests

We use cookies to give you the best possible experience. Learn more