| Monday, 14th July 2025, 4:35 pm

പണി പാളുമോ! അഞ്ചാം ദിവസം തിരിച്ചടിച്ച് ഇംഗ്ലണ്ട്, രക്ഷിക്കാന്‍ ഇനി ആരുണ്ട്?

സ്പോര്‍ട്സ് ഡെസ്‌ക്

ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേ്‌സണ്‍ ട്രോഫിയുടെ മൂന്നാം ടെസ്റ്റിന്റെ അഞ്ചാം ദിനം ആരംഭിച്ചത് ഇംഗ്ലണ്ടിന്റെ മേധാവിത്തത്തോടെയാണ്. ഇന്ത്യയുടെ കാവല്‍ മാലാഖമാരെ ആറ് ഓവറിനിടെ മടക്കിയാണ് ഇംഗ്ലണ്ട് പിടിമുറുക്കിയിരിക്കുന്നത്.

193 റണ്‍സ് എന്ന ചെറിയ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇന്ത്യയ്ക്ക് തുടക്കം പാളിയിരുന്നു. യശസ്വി ജെയ്‌സ്വാളിന്റേതും ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന്റേതും നൈറ്റ് വാച്ച്മാനായി ഇറങ്ങിയ ആകാശ് ദീപിന്റേതുമടക്കം നാല് വിക്കറ്റുകള്‍ നാലാം ദിവസം തന്നെ ഇന്ത്യയ്ക്ക് നഷ്ടമായിരുന്നു.

58 റണ്‍സിന് നാല് വിക്കറ്റ് എന്ന നിലയിലാണ് ഇന്ത്യ അഞ്ചാം ദിവസം ബാറ്റിങ് ആരംഭിച്ചത്. റിഷബ് പന്തും കെ.എല്‍. രാഹുലുമാണ് ക്രീസിലുണ്ടായിരുന്നത്. ഇവര്‍ ടീമിനെ വിജയത്തിലേക്ക് നയിക്കുമെന്നാണ് ആരാധകര്‍ കരുതിയത്.

എന്നാല്‍ 21ാം ഓവറിലെ അഞ്ചാം പന്തില്‍ റിഷബ് പന്തിനെ മടക്കി ജോഫ്രാ ആര്‍ച്ചര്‍ ഇംഗ്ലണ്ടിന് ബ്രേക് ത്രൂ സമ്മാനിച്ചു. 12 പന്തില്‍ ഒമ്പത് റണ്‍സുമായാണ് പന്ത് മടങ്ങിയത്.

അധികം വൈകാതെ കെ.എല്‍. രാഹുലിനെയും മടക്കിയ ഇംഗ്ലണ്ട് ഇന്ത്യയെ വലിയ സമ്മര്‍ദത്തിലേക്ക് തള്ളിയിട്ടു. ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സിന്റെ പന്തില്‍ വിക്കറ്റിന് മുമ്പില്‍ കുടുങ്ങിയാണ് രാഹുല്‍ പുറത്തായത്. 58 പന്ത് നേരിട്ട താരം 39 റണ്‍സാണ് സ്വന്തമാക്കിയത്.

നാലാം ദിവസം ഇംഗ്ലണ്ടിന്റെ അന്തകനായ വാഷിങ്ടണ്‍ സുന്ദറിന്റെ വിക്കറ്റും വളരെ പെട്ടെന്ന് തന്നെ ഇന്ത്യയ്ക്ക് നഷ്ടമായി. നാല് പന്ത് നേരിട്ട താരം അക്കൗണ്ട് തുറക്കും മുമ്പേയാണ് മടങ്ങിയത്. നാല് വര്‍ഷങ്ങള്‍ക്ക് ശേഷം ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയ ജോഫ്രാ ആര്‍ച്ചറിന് റിട്ടേണ്‍ ക്യാച്ച് നല്‍കിയാണ് സുന്ദര്‍ പുറത്തായത്.

നിലവില്‍ 26 ഓവര്‍ പിന്നിടുമ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 86 എന്ന നിലയിലാണ് ഇന്ത്യ. 17 പന്തില്‍ പത്ത് റണ്‍സുമായി രവീന്ദ്ര ജഡേജയും ആറ് പന്തില്‍ രണ്ട് റണ്‍സുമായി നിതീഷ് കുമാര്‍ റെഡ്ഡിയുമാണ് ക്രീസില്‍.\

എളുപ്പത്തില്‍ മൂന്നാം ടെസ്റ്റ് വിജയിച്ചുകയറാം എന്ന ഇന്ത്യന്‍ ആരാധകരുടെ പ്രതീക്ഷകളും ഇപ്പോള്‍ ത്രിശങ്കുവിലാണ്. ഇതുവരെ ലോര്‍ഡ്‌സില്‍ കളിച്ച 20 മത്സരത്തില്‍ മൂന്നെണ്ണത്തില്‍ മാത്രമാണ് ഇന്ത്യയ്ക്ക് വിജയിക്കാന്‍ സാധിച്ചത്. വിജയശതമാനം 15.70 മാത്രം. ഈ നിലയില്‍ മാറ്റമുണ്ടാകുമെന്നാണ് ഇംഗ്ലണ്ട് പുറത്തായതിന് പിന്നാലെ ഇന്ത്യന്‍ ആരാധകര്‍ കണക്കുകൂട്ടിയത്. എന്നാല്‍ അതേ നാണയത്തില്‍ തന്നെ ഇപ്പോള്‍ ആതിഥേയര്‍ തിരിച്ചടിച്ചിരിക്കുകയാണ്.

Content Highlight: IND vs ENG: 3rd Test: Day : England with a great breakthrough

We use cookies to give you the best possible experience. Learn more