ഓസ്ട്രേലിയക്കെതിരെയുള്ള അവസാന ഏകദിന മത്സരം നാളെ (ഒക്ടോബര്‍ 25) നടക്കും. സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടാണ് ഈ മത്സരത്തിന് വേദിയാവുക. ആദ്യ രണ്ട് മത്സരങ്ങള്‍ ജയിച്ച ഓസ്‌ട്രേലിയ പരമ്പര സ്വന്തമാക്കിയിട്ടുണ്ട്, അതിനാല്‍ തന്നെ ആശ്വാസ വിജയം തേടിയാണ് ഗില്ലും സംഘവും ഈ കളത്തിലിറങ്ങുക.
ഈ മത്സരത്തിന് ഇറങ്ങുമ്പോള്‍ ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോഹ്ലിയെ കാത്തിരിക്കുന്നത് വമ്പന്‍ നേട്ടമാണ്. ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരങ്ങളില്‍ രണ്ടാമതാവാനാണ് വലം കൈയ്യന്‍ ബാറ്റര്‍ക്ക് അവസരമുള്ളത്. ഇതിനായി താരത്തിന് ആവശ്യം വെറും 54 റണ്‍സുകള്‍ മാത്രമാണ്.
നിലവില്‍ ശ്രീലങ്കന്‍ ഇതിഹാസം കുമാര്‍ സംഗക്കാരയാണ് രണ്ടാമത്. നാളെ നടക്കുന്ന അവസാന മത്സരത്തില്‍ ഇത്രയും നേടാന്‍ സാധിച്ചാല്‍ കോഹ്ലിക്ക് താരത്തെ മറികടക്കാനാവും. ഈ ലിസ്റ്റില്‍ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് മുന്നിലുള്ളത്.
(താരങ്ങള്‍ – ടീം – മത്സരങ്ങള്‍ – റണ്‍സ് എന്നീ ക്രമത്തില്‍)
സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – ഇന്ത്യ – 463 – 18426
കുമാര്‍ സംഗക്കാര – ശ്രീലങ്ക – 404 – 14234
വിരാട് കോഹ്ലി – ഇന്ത്യ – 304 – 14181
റിക്കി പോണ്ടിങ് – ഓസ്‌ട്രേലിയ – 375 – 13704
സനത് ജയസൂര്യ – ശ്രീലങ്ക – 445 – 13430
അതേസമയം, ഏറെ നാളുകള്‍ക്ക് ശേഷം ഇന്ത്യന്‍ കുപ്പായത്തില്‍ തിരിച്ചെത്തിയ കോഹ്ലിക്ക് ഈ പരമ്പരയില്‍ ഇതുവരെ തിളങ്ങാനായിട്ടില്ല. ആദ്യ രണ്ട് മത്സരങ്ങളിലും താരം ഡക്കായാണ് മടങ്ങിയത്. ഒന്നാം മത്സരത്തില്‍ എട്ട് പന്തുകള്‍ നേരിട്ട താരം രണ്ടാം ഏകദിനത്തില്‍ നാല് പന്തുകള്‍ മാത്രം കളിച്ചത്.
ആരാധകര്‍ പ്രതീക്ഷിക്കുന്ന പ്രകടനം ഇതുവരെ നടത്താന്‍ കോഹ്ലിക്ക് സാധിച്ചിട്ടില്ല. അതിനാല്‍ തന്നെ അവസാന മത്സരത്തില്‍ മുന്‍ ക്യാപ്റ്റന്‍ തന്റെ ഫോമിലേക്ക് തിരിച്ച് വരുമെന്നാണ് ക്രിക്കറ്റ് ലോകം പ്രതീക്ഷിക്കുന്നത്.
Content Highlight: Ind vs Aus: Virat Kohli needs 54 runs to became second highest run scorer by surpassing Kumar Sangakara in ODI cricket