ഏഷ്യാ കപ്പിന് ശേഷം ഇന്ത്യന്‍ സംഘം മറ്റൊരു ടി – 20 പരമ്പരയ്ക്ക് ഒരുങ്ങുകയാണ്. നാളെ (ഒക്ടോബര്‍ 29) തുടങ്ങുന്ന പരമ്പരയില്‍ ഓസ്ട്രേലിയയാണ് ഇന്ത്യയുടെ എതിരാളികള്‍. അഞ്ച് മത്സരങ്ങളാണ് പരമ്പരയില്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.
നാളെ മാനുക ഓവലില്‍ നടക്കുന്ന ഒന്നാം ടി – 20ക്ക് ഇറങ്ങുമ്പോള്‍ ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവിന് മുമ്പിലുള്ളത് വമ്പന്‍ നേട്ടമാണ്. ഈ ഫോര്‍മാറ്റില്‍ ഓസ്ട്രേലിയയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളില്‍ മൂന്നാം സ്ഥാനത്തേക്ക് ഉയരാനുള്ള അവസരമാണ് ഇന്ത്യന്‍ നായകനുള്ളത്.
ഇതിനായി സൂര്യകുമാര്‍ യാദവിന് 32 റണ്‍സ് നേടിയാല്‍ മതി. നിലവില്‍ താരത്തിന് ആറ് മത്സരങ്ങളില്‍ നിന്ന് 239 റണ്‍സാണുള്ളത്. ആദ്യ മത്സരത്തില്‍ 33 റണ്‍സ് നേടാനായാല്‍ ശിഖര്‍ ധവാനെ മറികടന്ന് മൂന്നാമനാവാന്‍ താരത്തിന് കഴിയും.
ഇതിന് പുറമെ, ഈ പരമ്പരയില്‍ 59 റണ്‍സ് കൂടി നേടിയാല്‍ ഇതേ നേട്ടത്തില്‍ രണ്ടാമതെത്താനും സൂര്യക്ക് സാധിക്കും. ഇത്ര റണ്‍സ് നേടിയാല്‍ രോഹിത് ശര്‍മയെ പിന്തള്ളാനാണ് ഇന്ത്യന്‍ നായകന് സാധിക്കുക. നിലവില്‍ ഓസ്ട്രേലിയയില്‍ കുട്ടി ക്രിക്കറ്റില്‍ രോഹിത്തിന് 297 റണ്‍സുണ്ട്.
വിരാട് കോഹ്ലി – 16 – 747
രോഹിത് ശര്‍മ – 13 – 297
ശിഖര്‍ ധവാന്‍ – 6 – 271
സൂര്യകുമാര്‍ യാദവ് – 6 -239
കെ.എല്‍. രാഹുല്‍ – 11 – 236
അതേസമയം, ടി – 20യിലെ സൂര്യയുടെ സമീപകാല പ്രകടനങ്ങള്‍ ആശങ്കാജനകമാണ്. സെപ്റ്റംബറില്‍ അവസാനിച്ച ഏഷ്യാ കപ്പിലും താരത്തിന് വലിയ പ്രകടനങ്ങള്‍ നടത്താന്‍ സാധിച്ചിരുന്നില്ല. താരം ടൂര്‍ണമെന്റില്‍ ആറ് ഇന്നിങ്‌സില്‍ കളിച്ച് 72 മാത്രമാണ് നേടിയിരുന്നത്.
Content Highlight: Ind vs Aus: Suryakumar Yadav can surpass Shikhar Dhawan and Rohit Sharma in list of most T20 runs in Australia