| Thursday, 6th November 2025, 4:18 pm

ആകാശം തൊട്ട രണ്ട് സിക്‌സുകള്‍; രോഹിത്തിനെ വെട്ടി സൂര്യ തലപ്പത്ത്

സ്പോര്‍ട്സ് ഡെസ്‌ക്

ഓസ്ട്രേലിക്കെതിരെയുള്ള നാലാം ടി – 20യില്‍ ഭേദപ്പെട്ട സ്‌കോര്‍ ഉയര്‍ത്തി ഇന്ത്യ. മത്സരത്തില്‍ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റിന് 167 റണ്‍സെടുത്തിട്ടുണ്ട്. വൈസ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന്റെ കരുത്തിലാണ് ടീം പൊരുതാവുന്ന സ്‌കോര്‍ ഉയര്‍ത്തിയത്.

മത്സരത്തില്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന് മികച്ച ബാറ്റിങ് നടത്താനായില്ല. താരം പത്ത് പന്തില്‍ 20 റണ്‍സ് നേടിയാണ് പുറത്തായത്. പക്ഷേ, ഒരു സൂപ്പര്‍ നേട്ടം സ്വന്തമാക്കാന്‍ താരത്തിന് സാധിച്ചു. ക്യാപ്റ്റന്റെ ഇന്നിങ്‌സില്‍ രണ്ട് സിക്‌സുകളുണ്ടായിരുന്നു. ഇതിന്റെ കരുത്തിലാണ് വലം കൈയ്യന്‍ ബാറ്റര്‍ ഈ നേട്ടം സ്വന്തമാക്കിയത്.

സേന (സൗത്ത് ആഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലാന്‍ഡ്, ഓസ്‌ട്രേലിയ) രാഷ്ട്രത്തില്‍ ഏറ്റവും കൂടുതല്‍ സിക്‌സ് നേടുന്ന ഇന്ത്യന്‍ താരമാകാനാണ് സൂര്യക്ക് സാധിച്ചത്. മുന്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയെ മറികടന്നാണ് താരം ഈ നേട്ടത്തില്‍ തലപ്പത്തെത്തിയത്.

സേന രാഷ്ട്രങ്ങളില്‍ ഏറ്റവും കൂടുതല്‍ ടി – 20 സിക്‌സുകള്‍ നേടിയ ഇന്ത്യന്‍ താരങ്ങള്‍, സിക്‌സുകള്‍

സൂര്യകുമാര്‍ യാദവ് – 43

രോഹിത് ശര്‍മ – 41

വിരാട് കോഹ്ലി – 30

കെ.എല്‍. രാഹുല്‍ – 28

യുവരാജ് സിങ് – 28

സഞ്ജു സാംസണ്‍ – 22

തിലക് വര്‍മ – 22

മത്സരത്തില്‍ ഇന്ത്യയ്ക്കായി ഗില്‍ 39 പന്തില്‍ 46 റണ്‍സെടുത്തു മികച്ച പ്രകടനം നടത്തി. താരത്തിന് പുറമെ അഭിഷേക് ശര്‍മ, ശിവം ദുബെ, അക്സര്‍ പട്ടേല്‍ എന്നിവരും ഭേദപ്പെട്ട ബാറ്റിങ് പുറത്തെടുത്തു.

അഭിഷേക് 21 പന്തില്‍ 28 റണ്‍സെടുത്തപ്പോള്‍ ദുബെ 18 പന്തില്‍ 22 റണ്‍സ് സ്‌കോര്‍ ചെയ്തു. അക്സര്‍ 11 പന്തില്‍ 21 റണ്‍സെടുത്ത പുറത്താവാതെ നിന്നു.

ഓസീസിനായി നഥാന്‍ എല്ലിസും ആദം സാംപയും മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തി. സേവ്യര്‍ ബാര്‍ട്ട്ലെറ്റ്, മാര്‍ക്കസ് സ്റ്റോയിനിസ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.

നിലവില്‍ ഓസ്‌ട്രേലിയ ബാറ്റിങ് ആരംഭിച്ചിട്ടുണ്ട്. രണ്ട് ഓവറുകള്‍ പിന്നിടുമ്പോള്‍ ആതിഥേയര്‍ വിക്കറ്റൊന്നും നഷ്ടമാവാതെ 22 റണ്‍സ് നേടിയിട്ടുണ്ട്. 12 പന്തില്‍ 17 റണ്‍സ് നേടിയ മാത്യു ഷോര്‍ട്ടും നാല് പന്തില്‍ അഞ്ച് റണ്‍സെടുത്ത മിച്ചല്‍ മാര്‍ഷുമാണ് ക്രീസിലുള്ളത്.

Content Highlight: Ind vs Aus: Suryakumar Yadav tops the list of Indians with most sixes in SENA countries  by surpassing Rohit Sharma

We use cookies to give you the best possible experience. Learn more