ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ടി-20 പരമ്പര ആരംഭിച്ചിരിക്കുകയാണ്. കാന്‍ബറയിലെ മനൂക ഓവലില്‍ നടക്കുന്ന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ടോസ് നേടിയ ആതിഥേയര്‍ ഇന്ത്യയെ ബാറ്റിങ്ങിനയച്ചു. മത്സരത്തിനിടെ രസം കൊല്ലിയായി മഴയെത്തിയതോടെ ഓവറുകള്‍ വെട്ടിച്ചുരുക്കുകയും ചെയ്തു.
നാലാം ഓവറില്‍ ഓപ്പണര്‍ അഭിഷേക് ശര്‍മയെ ഇന്ത്യയ്ക്ക് നഷ്ടമായിരുന്നു. 14 പന്ത് നേരിട്ട താരം 19 റണ്‍സ് നേടി. വണ്‍ ഡൗണായി ക്രീസിലെത്തിയ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും വൈസ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും സ്‌കോര്‍ ഉയര്‍ത്തുന്നതിനിടെ മഴ വീണ്ടും വില്ലനായി. നിലവില്‍ 9.4 ഓവറില്‍ 97ന് ഒന്ന് എന്ന നിലയിലാണ് ഇന്ത്യ ബാറ്റിങ് തുടരുന്നത്.
ഗില്‍ 20 പന്തില്‍ 37 റണ്‍സും സൂര്യ 24 പന്തില്‍ 39 റണ്‍സും നേടിയാണ് ക്രീസില്‍ തുടരുന്നത്. കഴിഞ്ഞ കുറച്ച് മത്സരങ്ങളായി മോശം ഫോമില്‍ തുടരുന്ന സൂര്യയെ സംബന്ധിച്ച് തിരിച്ചുവരവിനുള്ള അവസരം കൂടിയാണ് ഈ പരമ്പര. കാന്‍ബറയില്‍ പതിഞ്ഞ് തുടങ്ങിയ സൂര്യ, പിന്നീട് തന്റെ പതിവ് ശൈലിയില്‍ ബാറ്റ് വീശി.
മൂന്ന് ഫോറും രണ്ട് സിക്‌സറും അടക്കം 162.50 സ്‌ട്രൈക്ക് റേറ്റിലാണ് സൂര്യ ബാറ്റ് വീശുന്നത്. പത്താം ഓവറിലെ മൂന്നാം പന്തില്‍ നഥാന്‍ എല്ലിസിനെ ഇന്നിങ്‌സിലെ തന്റെ രണ്ടാം സിക്‌സറിന് പറത്തിയ സൂര്യ ഒരു തകര്‍പ്പന്‍ നേട്ടവും സ്വന്തമാക്കി.
അന്താരാഷ്ട്ര ടി-20യില്‍ 150 സിക്‌സറുകള്‍ പൂര്‍ത്തിയാക്കുന്ന അഞ്ചാമത് താരമെന്ന നേട്ടമാണ് സ്‌കൈ സ്വന്തമാക്കിയത്. രോഹിത് ശര്‍മയ്ക്ക് ശേഷം ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോഡും ഇതോടെ സൂര്യകുമാര്‍ തന്റെ പേരില്‍ കുറിച്ചു.
(താരം – ടീം – സിക്‌സര്‍ എന്നീ ക്രമത്തില്‍)
രോഹിത് ശര്‍മ – ഇന്ത്യ – 205
മുഹമ്മദ് വസീം – യു.എ.ഇ – 187
മാര്‍ട്ടിന്‍ ഗപ്ടില്‍ – ന്യൂസിലാന്‍ഡ് – 173
ജോസ് ബട്‌ലര്‍ – ഇംഗ്ലണ്ട് – 172
സൂര്യകുമാര്‍ യാദവ് – ഇന്ത്യ – 150*
അതേസമയം, മത്സരത്തില്‍ വില്ലനായി മഴ തുടരുകയാണ്. നിലവില്‍ 18 ഓവറായി വെട്ടിച്ചുരുക്കിയ മത്സരത്തില്‍ വീണ്ടും ഓവറുകള്‍ വെട്ടിച്ചുരുക്കുമോ എന്ന ആശങ്കയാണ് ആരാധകര്‍ക്കുള്ളത്.
ഇന്ത്യന്‍ പ്ലെയിങ് ഇലവന്‍
അഭിഷേക് ശര്‍മ, ശുഭ്മന്‍ ഗില്‍, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, അക്‌സര്‍ പട്ടേല്‍, ഹര്‍ഷിത് റാണ, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുംറ
ഓസ്‌ട്രേലിയന്‍ പ്ലെയിങ് ഇലവന്‍
മിച്ചല്‍ മാര്‍ഷ് (ക്യാപ്റ്റന്‍), ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ് (വിക്കറ്റ് കീപ്പര്‍), ടിം ഡേവിഡ്, മിച്ചല്‍ ഓവന്‍, മാര്‍കസ് സ്റ്റോയ്‌നിസ്, ജോഷ് ഫിലിപ്പ്, സേവ്യര്‍ ബാര്‍ട്ട്‌ലെറ്റ്, നഥാന്‍ എല്ലിസ്, മാത്യു കുന്‍മാന്‍, ജോഷ് ഹേസല്‍വുഡ്
Content Highlight: IND vs AUS: Suryakumar Yadav completes 150 T20I sixes