ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ടി – 20 പരമ്പര ഇന്ത്യ സ്വന്തമാക്കിയിരുന്നു. കങ്കാരുക്കള്‍ക്കെതിരെ സൂര്യയും സംഘവും നേടിയത് 2 -1ന്റെ പരമ്പര വിജയമാണ്. ഇന്ന് ഗാബയില്‍ നടന്ന അവസാന മത്സരം മഴ മൂലം ഉപേക്ഷിച്ചതോടെയാണ് മെന്‍ ഇന്‍ ബ്ലൂവിന്റെ നേട്ടം.
അഞ്ച് മത്സരങ്ങളുളള പരമ്പരയില്‍ ആകെ മൂന്ന് മത്സരങ്ങള്‍ മാത്രമാണ് നടന്നത്. അവസാന മത്സരം പോലെ ആദ്യം മത്സരവും മഴ മൂലം ഒഴിവാക്കിയിരുന്നു. രണ്ടാം മത്സരത്തില്‍ ആതിഥേയര്‍ ഇന്ത്യക്കെതിരെ വിജയിച്ചിരുന്നു. പിന്നീട് നടന്ന മത്സരത്തില്‍ ജയിച്ചാണ് ഇന്ത്യന്‍ സംഘം പരമ്പര സ്വന്തമാക്കിയത്.
മഴ മൂലം രണ്ട് മത്സരങ്ങള്‍ ഉപേക്ഷിച്ചതോടെ ആരാധകര്‍ മാത്രമല്ല, മൂന്ന് ഇന്ത്യന്‍ താരങ്ങള്‍ക്ക് കൂടിയാണ് നിരാശരാകേണ്ടി വന്നത്. മലയാളി താരം സഞ്ജു സാംസണ്‍, തിലക് വര്‍മ, സൂപ്പര്‍ പേസര്‍ ജസ്പ്രീത് ബുംറ എന്നിവരാണ് ഈ നിര്‍ഭാഗ്യവാന്മാര്‍. ഈ മത്സരങ്ങള്‍ ഉപേക്ഷിച്ചതോടെ ഇവര്‍ക്ക് കരിയറിലെ പ്രധാനപ്പെട്ട ചില നാഴികക്കല്ലുകളാണ് പൂര്‍ത്തിക്കാന്‍ സാധിക്കാതെ പോയത്.
എന്നാല്‍, അതിന് മഴ മാത്രമല്ല വില്ലനായത്. ചില മത്സരങ്ങളിൽ ടീമില്‍ ഇടം കിട്ടാത്തതും സഞ്ജുവടക്കമുള്ളവര്‍ക്ക് വിനയായി.
സഞ്ജുവിന് അന്താരാഷ്ട്ര ടി – 20യിൽ 1000 റണ്‍സ് എന്ന സ്വപ്ന നേട്ടമാണ് മുന്നിലുണ്ടായിരുന്നത്. എന്നാല്‍, താരത്തിന് രണ്ട് മത്സരത്തിലാണ് അവസരം ലഭിച്ചത്. അതില്‍ ഒന്ന് മഴ കാരണം ഉപേക്ഷിച്ചപ്പോള്‍ രണ്ടാം മത്സരത്തില്‍ താരം രണ്ട് റണ്‍സിന് പുറത്തായി. പിന്നീടുള്ള മൂന്ന് മത്സരത്തിലും താരത്തിന് ബെഞ്ചിലിരിക്കാനായിരുന്നു വിധി.
പരമ്പര തുടങ്ങുമ്പോള്‍ സഞ്ജുവിന് ഈ നാഴികക്കല്ല് പൂര്‍ത്തിയാക്കാന്‍ ഏഴ് റണ്‍സായിരുന്നു ആവശ്യം. രണ്ടാം മത്സരത്തിലെ രണ്ട് റണ്‍സോടെ അത് അഞ്ച് റണ്‍സായി ചുരുങ്ങി. ശേഷിക്കുന്ന മത്സരങ്ങളില്‍ താരം ഈ നേട്ടത്തില്‍ എത്തുമെന്ന് ആരാധകര്‍ പ്രതീക്ഷിച്ചിരിക്കെയാണ് ടീമില്‍ നിന്ന് പുറത്തായത്.
സഞ്ജുവിന്റെ അതേ നേട്ടത്തില്‍ തന്നെയാണ് തിലക് വര്‍മയും കണ്ണുവെച്ചത്. താരത്തിന് ഈ നേട്ടത്തില്‍ എത്താന്‍ നാല് റണ്‍സാണ് വേണ്ടിയിരുന്നത്. അവസാന മത്സരത്തില്‍ ഇന്ത്യ 23 കാരന് വിശ്രമം നല്‍കിയതോടെ ഈ നേട്ടം കുറിക്കാനുള്ള അവസരം നഷ്ടമാവുകയായിരുന്നു.
ജസ്പ്രീത് ബുംറയെ കാത്തിരുന്നത് ഒരു ഐക്കോണിക് ‘സെഞ്ച്വറി’യായിരുന്നു. അത് ടി – 20യില്‍ ഇന്ത്യയ്ക്കായി 100 വിക്കറ്റുകള്‍ സുവര്‍ണ നേട്ടമായിരുന്നു. അവസാന മത്സരത്തിന് ഇറങ്ങുമ്പോള്‍ ഇതിനായി താരത്തിന് ഒരു വിക്കറ്റിന്റെ ദൂരം മാത്രമാണുണ്ടായിരുന്നത്. എന്നാല്‍, മഴ അതിനുള്ള അവസരം ബുംറയ്ക്കും നല്‍കിയില്ല.
Content Highlight: Ind vs Aus: Sanju Samson and Tilak Varma cannot complete 1000 T20I runs while Jasprit Bumrah missed 100 T20I wickets