ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ടി – 20 പരമ്പരയ്ക്കാണ് ക്രിക്കറ്റ് ആരാധകര്‍ കാത്തിരിക്കുന്നത്. ഒക്ടോബര്‍ 29 മുതലാണ് അഞ്ച് മത്സരങ്ങളുള്ള പരമ്പരയ്ക്ക് തുടക്കമാവുന്നത്. ഏകദിന പരമ്പര നഷ്ടമായതിന്റെ ക്ഷീണം തീര്‍ക്കുക എന്നത് ലക്ഷ്യമിട്ടാണ് ഇന്ത്യന്‍ സംഘമിറങ്ങുക.
ഈ മത്സരത്തിനിറങ്ങുമ്പോള്‍ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിനെ കാത്തിരിക്കുന്നത് വമ്പന്‍ നേട്ടമാണ്.
അന്താരാഷ്ട്ര ടി – 20യില്‍ 1000 റണ്‍സ് എന്ന നാഴികക്കല്ല് സ്വന്തമാക്കാനാണ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ക്ക് സാധിക്കുക. അതിനായി താരത്തിന് വെറും ഏഴ് റണ്‍സ് എടുത്താല്‍ മതി.
ടി – 20 ക്രിക്കറ്റില്‍ നിലവില്‍ സഞ്ജു 993 റണ്‍സാണ് എടുത്തിട്ടുള്ളത്. 49 മത്സരങ്ങളിലെ 42 ഇന്നിങ്‌സില്‍ കളിച്ചാണ് താരം ഇത്രയും റണ്‍സ് നേടിയത്. 147.98 എന്ന സ്‌ട്രൈക്ക് റേറ്റും 26.13 ശരാശരിയുമാണ് താരത്തിന് ഈ ഫോര്‍മാറ്റിലുള്ളത്.
ടി – 20യില്‍ സഞ്ജുവിന് മൂന്ന് വീതം സെഞ്ച്വറിയും അര്‍ധ സെഞ്ച്വറിയുമുണ്ട്. ഒപ്പം ഈ ഫോര്‍മാറ്റില്‍ മലയാളി താരത്തിന് 52 സിക്സും 74 ഫോറുമുണ്ട്.
സഞ്ജു അവസാനമായി കളിച്ച ഏഷ്യാ കപ്പില്‍ ഈ നേട്ടത്തില്‍ എത്താന്‍ അവസരമുണ്ടായെങ്കിലും അത് നേടാനായില്ല. പല മത്സരങ്ങളില്‍ താരത്തിന് ബാറ്റിങ്ങിന് അവസരം ലഭിച്ചിരുന്നില്ല. അതിനാല്‍ തന്നെ ഓസ്ട്രേലിയക്കെതിരെ താരം ഈ നേട്ടത്തില്‍ എത്തുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
ഈ പരമ്പരയില്‍ 1000 റണ്‍സ് മാര്‍ക്ക് പിന്നിടാനായാല്‍ ഈ നേട്ടത്തില്‍ എത്തുന്ന 12ാമത്തെ ഇന്ത്യന്‍ താരമായി സഞ്ജുവിന് സ്വന്തം പേര് എഴുതി ചേര്‍ക്കാന്‍ സാധിക്കും.
നിലവില്‍ രോഹിത് ശര്‍മ, വിരാട് കോഹ്ലി, സൂര്യകുമാര്‍ യാദവ്, കെ.എല്‍. രാഹുല്‍, ഹര്‍ദിക് പാണ്ഡ്യ, ശിഖര്‍ ധവാന്‍, എം.എസ്. ധോണി, സുരേഷ് റെയ്‌ന, റിഷബ് പന്ത്, യുവരാജ് സിങ്, ശ്രേയസ് അയ്യര്‍ എന്നിവരാണ് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയത്.
Content Highlight: Ind vs Aus: Sanju Samson needs 7 runs to complete 1000 runs in T20I