ഓസ്ട്രേലിയക്കെതിരെയുള്ള രണ്ടാം ഏകദിനത്തില്‍ തകര്‍പ്പന്‍ നേട്ടവുമായി സൂപ്പര്‍ താരം രോഹിത് ശര്‍മ. മത്സരത്തില്‍ അര്‍ധ സെഞ്ച്വറി നേടിയാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്. 97 പന്തില്‍ 73 റണ്‍സാണ് മുന്‍ നായകന്‍ എടുത്തത്. രണ്ട് സിക്സും ഏഴ് ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്.
ഈ ഇന്നിങ്സോടെ ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യന്‍ താരങ്ങളില്‍ മൂന്നാം സ്ഥാനത്തേക്ക് ഉയരാനാണ് രോഹിത്തിന് സാധിച്ചത്. നിലവില്‍ താരത്തിന് 50 ഓവര്‍ ക്രിക്കറ്റില്‍ 11249 റണ്‍സാണ് സ്‌കോര്‍ ചെയ്തിട്ടുള്ളത്. 275 മത്സരങ്ങളില്‍ കളിച്ചാണ് താരം ഇത്രയും റണ്‍സിലെത്തിയത്.
രണ്ടാം ഏകദിനത്തിന് ഇറങ്ങുമ്പോള്‍ രോഹിത്തിന് 11176 റണ്‍സാണ് ഉണ്ടായിരുന്നത്. ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളുടെ ലിസ്റ്റില്‍ മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലിക്ക് പിന്നിലായി നാലാം സ്ഥാനത്തായിരുന്നു താരം. ഓസ്ട്രേലിയക്കെതിരെ 45 റണ്‍സ് ചേര്‍ത്തതോടെയാണ് താരം മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നത്. സച്ചിന്‍ ടെന്‍ഡുല്‍ക്കറും വിരാട് കോഹ്ലിയുമാണ് ഈ ലിസിറ്റില്‍ മുംബൈ താരത്തിന് മുമ്പിലുള്ളത്.
(താരം – മത്സരങ്ങള്‍ – റണ്‍സ് എന്നീ ക്രമത്തില്‍)
സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – 463 – 18426
വിരാട് കോഹ്ലി – 304 – 14181*
രോഹിത് ശര്‍മ – 275 – 11249*
സൗരവ് ഗാംഗുലി – 308 – 11221
രാഹുല്‍ ദ്രാവിഡ് – 340 – 10768
രോഹിത്തിന് പുറമെ, ശ്രേയസ് അയ്യരും മികച്ച ബാറ്റിങ് നടത്തി. താരം 77 പന്തില്‍ ഏഴ് ഫോറുള്‍പ്പടെ 61 റണ്‍സ് സ്‌കോര്‍ ചെയ്തു. എന്നാല്‍, മറ്റാര്‍ക്കും സ്‌കോര്‍ ബോര്‍ഡിലേക്ക് വലിയ സംഭാവന നടത്താനായില്ല. കെ.എല്‍ രാഹുല്‍ (15 പന്തില്‍ 11), ശുഭ്മന്‍ ഗില്‍ (ഒമ്പത് പന്തില്‍ ഒമ്പത്), വിരാട് കോഹ്ലി (നാല് പന്തില്‍ 0) എന്നിവര്‍ നിരാശപ്പെടുത്തി.
അതേസമയം, മത്സരത്തില്‍ ഇന്ത്യയുടെ ബാറ്റിങ് തുടരുകയാണ്. നിലവില്‍ 41 ഓവറുകള്‍ പിന്നിടുമ്പോള്‍ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സ് നേടിയിട്ടുണ്ട്. 29 പന്തില്‍ 31 റണ്‍സ് നേടിയ അക്സര്‍ പട്ടേലും 11 പന്തില്‍ പത്ത് റണ്‍സ് സ്‌കോര്‍ ചെയ്ത് വാഷിങ്ടണ്‍ സുന്ദറുമാണ് ക്രീസിലുള്ളത്.
രോഹിത് ശര്‍മ, ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), വിരാട് കോഹ്ലി, ശ്രേയസ് അയ്യര്‍, അക്സര്‍ പട്ടേല്‍, കെ.എല്‍. രാഹുല്‍ (വിക്കറ്റ് കീപ്പര്‍), വാഷിങ്ടണ്‍ സുന്ദര്‍, നിതീഷ് കുമാര്‍ റെഡ്ഡി, ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിങ്, മുഹമ്മദ് സിറാജ്.
മിച്ചല്‍ മാര്‍ഷ് (ക്യാപ്റ്റന്‍), ട്രാവിസ് ഹെഡ്, മാറ്റ് ഷോര്‍ട്ട്, മാറ്റ് റെന്‍ഷോ, അലക്സ് കാരി (വിക്കറ്റ് കീപ്പര്‍), കൂപ്പര്‍ കനോലി, മിച്ചല്‍ ഓവന്‍. സേവ്യര്‍ ബാര്‍ട്ലെറ്റ്, മിച്ചല്‍ സ്റ്റാര്‍ക്, ആദം സാംപ, ജോഷ് ഹെയ്സല്‍വുഡ്.
Content Highlight: Ind vs Aus: Rohit Sharma became third player to score most runs in ODI Cricket for India surpassing Sourav Ganguly