ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ഒന്നാം ഏകദിനം പെര്‍ത്തില്‍ പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. മത്സരത്തില്‍ 11.5 ഓവറുകള്‍ പിന്നിടുമ്പോള്‍ ഇന്ത്യ മൂന്ന് വിക്കറ്റിന് 37 എന്ന നിലയിലാണ് ബാറ്റിങ് തുടരുന്നത്. ശ്രേയസ് അയ്യര്‍ (20 പന്തില്‍ ആറ്*), അക്സര്‍ പട്ടേല്‍ (11 പന്തില്‍ ഏഴ്*) എന്നിവരാണ് ക്രീസിലുള്ളത്. നിലവില്‍ മഴ കാരണം മത്സരം നിര്‍ത്തി വെച്ചിരിക്കുകയാണ്.
രോഹിത് ശര്‍മ, വിരാട് കോഹ്ലി, ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ എന്നിവരുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. കോഹ്ലി ഡക്കായി മടങ്ങിയപ്പോള്‍ 18 പന്തില്‍ 10 റണ്‍സ് സ്‌കോര്‍ ചെയ്താണ് ഗില്‍ തിരികെ നടന്നത്.
ഇവര്‍ക്ക് ഒപ്പം, രോഹിത്തും ചെറിയ സ്‌കോറില്‍ തന്നെയാണ് പുറത്തായത്. 14 പന്തില്‍ എട്ട് റണ്‍സ് മാത്രമാണ് താരം സ്‌കോര്‍ ചെയ്തത്. എന്നാല്‍, ഏറെ സ്‌പെഷ്യലായ മത്സരത്തിലാണ് ഇന്ത്യന്‍ ഓപ്പണര്‍ക്ക് നിരാശയോടെ മടങ്ങേണ്ടി വന്നത്. ഓസ്‌ട്രേലിയക്ക് എതിരെ ഒന്നാം ഏകദിനത്തില്‍ ഇറങ്ങിയതോടെ കരിയറിലെ 500ാം അന്താരാഷ്ട്ര മത്സരമാണ് രോഹിത് കളിച്ചത്.
പക്ഷേ, കരിയറില്‍ ഈ സ്‌പെഷ്യല്‍ മോമെന്റില്‍ രോഹിത്തിന് തിളങ്ങാനായില്ല. എന്നാല്‍, ഇങ്ങനെ രോഹിത്തിന് മാത്രമല്ല, തിളങ്ങാനാവാതെ പോയത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ രോഹിത്തിന് പുറമെ, പത്ത് പേര്‍ 500 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. ഇതില്‍ നാല് പേരും ഇന്ത്യന്‍ താരങ്ങളാണ്.
ഇങ്ങനെ 500 അന്താരാഷ്ട്ര മത്സരങ്ങള്‍ താരങ്ങളില്‍ പലരും ഈ മത്സരങ്ങളില്‍ വലിയ സ്‌കോര്‍ കണ്ടെത്തിയിട്ടില്ല. ചില താരങ്ങള്‍ ഒറ്റയക്കത്തിന് മടങ്ങി. എന്നാല്‍, മറ്റ് ചിലര്‍ നാല്‍പ്പതുകളില്‍ പുറത്താവുകയായിരുന്നു. സനത് ജയസൂര്യ, ജാക് കാല്ലിസ്, രാഹുല്‍ ദ്രാവിഡ് എന്നിവര്‍ ഒറ്റയക്കത്തിന് പുറത്തായപ്പോള്‍ സംഗക്കാരയും പോണ്ടിങ്ങുമാണ് അര്‍ധ സെഞ്ച്വറിക്ക് തൊട്ടരികില്‍ മടങ്ങിയത്.
ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോഹ്ലി മാത്രമാണ് ഇക്കാര്യത്തില്‍ വ്യത്യസ്തനായത്. താരം തന്റെ 500ാം മത്സരം സെഞ്ച്വറി അടിച്ചാണ് ആഘോഷിച്ചത്.
(താരം – ടീം – 500ാം മത്സരത്തിലെ സ്‌കോര്‍ – ആകെ മത്സരം എന്നീ ക്രമത്തില്‍)
സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – ഇന്ത്യ – 35 – 664
മഹേല ജയവര്‍ധനെ – ശ്രീലങ്ക – 11 – 652
കുമാര്‍ സംഗക്കാര – ശ്രീലങ്ക – 48 – 594
സനത് ജയസൂര്യ – ശ്രീലങ്ക – 1 – 586
റിക്കി പോണ്ടിങ് – ഓസ്‌ട്രേലിയ – 44 – 560
എം.എസ്. ധോണി – ഇന്ത്യ – 32* – 538
വിരാട് കോഹ്ലി – ഇന്ത്യ – 121 – 536*
ഷാഹിദ് അഫ്രിദി – പാകിസ്ഥാന്‍ – 22 – 524
ജാക് കാല്ലിസ് – സൗത്ത് ആഫ്രിക്ക – 6 – 519
രാഹുല്‍ ദ്രാവിഡ് – ഇന്ത്യ – 2 – 509
രോഹിത് ശര്‍മ – ഇന്ത്യ – 8 – 500
Content Highlight: Ind vs Aus: Rohit Sharma dismissed for a low score in his 500th international match