ഓസ്ട്രേലിയക്കെതിരെയുള്ള രണ്ടാം ഏകദിനത്തില്‍ അര്‍ധ സെഞ്ച്വറിയുമായി തിളങ്ങി രോഹിത് ശര്‍മ. മത്സരത്തില്‍ ഓപ്പണിങ്ങില്‍ എത്തി താരം 97 പന്തില്‍ 73 റണ്‍സ് എടുത്താണ് മടങ്ങിയത്. രോഹിത്തിന്റെ ഇന്നിങ്‌സില്‍ രണ്ട് സിക്സും ഏഴ് ഫോറുമാണ് അതിര്‍ത്തി കടന്നത്.
മത്സരത്തിലെ ഈ ഇന്നിങ്സോടെ ഒരു സൂപ്പര്‍ നേട്ടത്തിലാണ് രോഹിത് തന്റെ പേരെഴുതി ചേര്‍ത്തത്. 35 വയസിന് ശേഷം ഇന്ത്യയ്ക്കായി ഏകദിനത്തില്‍ ഏറ്റവും ഉയര്‍ന്ന ശരാശരിയുള്ള രണ്ടാമത്തെ താരമാകാനാണ് മുന്‍ നായകന് സാധിച്ചത്. ഈ ലിസ്റ്റില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് മുന്നിലുള്ളത്.
49.16 – സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍
49.15 – രോഹിത് ശര്‍മ
47.56 – എം.എസ് ധോണി
46.85 – വിരാട് കോഹ്ലി
42.20 – സുനില്‍ ഗവാസ്‌കര്‍
രോഹിത്തിന് പുറമെ, ശ്രേയസ് അയ്യരും അര്‍ധ സെഞ്ച്വറിയുമായി തിളങ്ങി. താരം 77 പന്തില്‍ ഏഴ് ഫോറുള്‍പ്പടെ 61 റണ്‍സ് സ്‌കോര്‍ ചെയ്തു. ഒപ്പം അക്സര്‍ പട്ടേല്‍ 41 പന്തില്‍ 44 റണ്‍സ് സ്വന്തമാക്കി. ഇവരുടെ പ്രകടനത്തില്‍ ഇന്ത്യ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റിന് 264 റണ്‍സ് എടുത്തു.
ഓസ്ട്രേലിയ്ക്കായി ആദം സാംപ നാല് വിക്കറ്റ് സ്വന്തമാക്കിയപ്പോള്‍ സേവ്യര്‍ ബാര്‍ട്ലെറ്റ് മൂന്ന് വിക്കറ്റ് നേടി. ഒപ്പം മിച്ചല്‍ സ്റ്റാര്‍ക്ക് രണ്ട് വിക്കറ്റും വീഴ്ത്തി.
നിലവില്‍ ഓസ്‌ട്രേലിയ ബാറ്റിങ്ങ് ആരംഭിച്ചിട്ടുണ്ട്. മറുപടി ബാറ്റിങ്ങില്‍ 13 ഓവറുകള്‍ പിന്നിടുമ്പോള്‍ രണ്ട് 58 റണ്‍സ് എടുത്തിട്ടുണ്ട്. മാറ്റ് ഷോര്‍ട്ട് (14 പന്തില്‍ 18), മാറ്റ് റെന്‍ഷോ (അഞ്ച് പന്തില്‍ ഏഴ്) എന്നിവരാണ് ക്രീസിലുള്ളത്.
ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷിന്റെയും ട്രാവിസ് ഹെഡിന്റെയും വിക്കറ്റുകളാണ് കങ്കാരുക്കള്‍ക്ക് നഷ്ടമായത്. ഇന്ത്യയ്ക്കായി അര്‍ഷ്ദീപ് സിങ്ങും ഹര്‍ഷിത് റാണയുമാണ് വിക്കറ്റുകള്‍ വീഴ്ത്തിയത്.
Content Highlight: Ind vs Aus: Rohit Sharma registers second best average of Indian batters in ODI after 35 years