| Thursday, 23rd October 2025, 4:14 pm

ഗെയ്ലിനൊപ്പം രോഹിത്തും! സേനയിലെ കിരീടം ഇവര്‍ പങ്കിടും

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള രണ്ടാം ഏകദിന മത്സരത്തില്‍ 264 റണ്‍സിന്റെ വിജയലക്ഷ്യമാണ് സന്ദര്‍ശകര്‍ ഉയര്‍ത്തിയത്. ഒമ്പത് വിക്കറ്റിന്റെ നഷ്ടത്തിലാണ് ടീം ഇത്രയും റണ്‍സ് സ്‌കോര്‍ ചെയ്തത്. ഇന്ത്യക്കായി തിളങ്ങിയത് രോഹിത് ശര്‍മയും ശ്രേയസ് അയ്യരുമാണ്.

ഇതില്‍ ഇന്ത്യയുടെ ടോപ് സ്‌കോററായത് രോഹിത്താണ്. താരം 97 പന്തില്‍ 73 റണ്‍സ് എടുത്താണ് മടങ്ങിയത്. ഇന്ത്യന്‍ ഓപ്പണറുടെ ഇന്നിങ്‌സില്‍ രണ്ട് സിക്സും ഏഴ് ഫോറുമാണ് പിറന്നത്. മത്സരത്തില്‍ രണ്ട് സിക്‌സ് അടിച്ചതോടെ ഒരു സൂപ്പര്‍ നേട്ടമാണ് താരം കരസ്ഥമാക്കിയത്.

സേന രാഷ്ട്രങ്ങളില്‍ ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സിക്‌സ് നേടുന്ന വിസിറ്റിങ് താരമെന്ന നേട്ടമാണ് രോഹിത് സ്വന്തമാക്കിയത്. 92 സിക്‌സുമായാണ് മുന്‍ ഇന്ത്യന്‍ നായകന്‍ ഈ ലിസ്റ്റില്‍ ഒന്നാമതെത്തിയത്. ഇത്ര തന്നെ സിക്‌സ് നേടിയ വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയ്ലിനൊപ്പമാണ് താരം തലപ്പത്തുള്ളത്.

സേന ഏകദിനങ്ങളില്‍ ഏറ്റവും കൂടുതല്‍ സിക്‌സ് നേടിയ വിസിറ്റിങ് താരങ്ങള്‍

92 – രോഹിത് ശര്‍മ *

92 – ക്രിസ് ഗെയ്ല്‍

89 – സനത് ജയസൂര്യ

82 – ഷാഹിദ് അഫ്രീദി

59 – വിവ് റിച്ചാര്‍ഡ്സ്

53 – എം.എസ്. ധോണി

മത്സരത്തില്‍ ശ്രേയസ് അയ്യരും അര്‍ധ സെഞ്ച്വറി നേടി നിര്‍ണായകമായ ഇന്നിങ്സ് കാഴ്ച്ച വെച്ചു. താരം 77 പന്തില്‍ ഏഴ് ഫോറുള്‍പ്പടെ 61 റണ്‍സാണ് എടുത്തത്. രോഹിത്തിനും അയ്യര്‍ക്കും പുറമെ, അക്സര്‍ പട്ടേല്‍ 41 പന്തില്‍ 44 റണ്‍സ് സ്വന്തമാക്കി.

ഓസ്ട്രേലിയ്ക്കായി ആദം സാംപ നാല് വിക്കറ്റ് സ്വന്തമാക്കി മിന്നും പ്രകടനം നടത്തി. സേവ്യര്‍ ബാര്‍ട്ലെറ്റ് മൂന്ന് വിക്കറ്റും സ്വന്തമാക്കിയപ്പോള്‍ മിച്ചല്‍ സ്റ്റാര്‍ക്ക് രണ്ട് വിക്കറ്റും വീഴ്ത്തി.

നിലവില്‍ ഓസ്‌ട്രേലിയ ബാറ്റിങ്ങ് ആരംഭിച്ചിട്ടുണ്ട്. മറുപടി ബാറ്റിങ്ങില്‍ 32 ഓവറുകള്‍ പിന്നിടുമ്പോള്‍ നാല് വിക്കറ്റിന് 155 റണ്‍സ് എടുത്തിട്ടുണ്ട്. മാറ്റ് ഷോര്‍ട്ട് (67 പന്തില്‍ 59), കൂപ്പര്‍ കനോലി (14 പന്തില്‍ 15) എന്നിവരാണ് ബാറ്റിങ് നടത്തുന്നത്.

മാറ്റ് റെന്‍ഷോ (30 പന്തില്‍ 30), ട്രാവിസ് ഹെഡ് (40 പന്തില്‍ 28), ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷ് (24 പന്തില്‍ 11), അലക്‌സ് ക്യാരി (17 പന്തില്‍ ഒമ്പത്) വിക്കറ്റുകളാണ് ഓസീസിന് നഷ്ടമായത്. ഇന്ത്യയ്ക്കായി വാഷിങ്ടണ്‍ സുന്ദര്‍, അര്‍ഷ്ദീപ് സിങ്, അക്സര്‍ പട്ടേല്‍, ഹര്‍ഷിത് റാണ എന്നിവരാണ് വിക്കറ്റുകള്‍ വീഴ്ത്തിയത്.

Content Highlight: Ind vs Aus: Rohit Sharma joins with Chris Gayle in the record of  visiting players with most sixs in SENA ODIs

We use cookies to give you the best possible experience. Learn more