| Thursday, 23rd October 2025, 11:37 am

ഒരുമിച്ച് മിനുട്ടുകള്‍ മാത്രം, റണ്‍സൊന്നുമില്ല; എന്നിട്ടും ചരിത്രം കുറിച്ച് രോ - കോ

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ഏകദിന പരമ്പരയിലെ രണ്ടാം മല്‍സരം അഡ്ലെയ്ഡ് ഓവലില്‍ നടന്നുകൊണ്ടിരിക്കുകയാണ്. ടോസ് നേടിയ ഓസ്‌ട്രേലിയ ഇന്ത്യയെ ബാറ്റിങ്ങിന് അയച്ചിരിക്കുകയാണ്. നിലവില്‍ 31 ഓവറുകള്‍ പിന്നിടുമ്പോള്‍ ഇന്ത്യ മൂന്ന് വിക്കറ്റിന് 143 റണ്‍സ് നേടിയിട്ടുണ്ട്. 72 പന്തില്‍ 56 റണ്‍സെടുത്ത ശ്രേയസ് അയ്യരും നാല് പന്തില്‍ രണ്ട് റണ്‍സ് നേടിയ അക്സര്‍ പട്ടേലുമാണ് ക്രീസിലുള്ളത്.

ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന്റെയും വിരാട് കോഹ്ലിയുടെയും രോഹിത് ശര്‍മയുടെയും വിക്കറ്റുകളാണ് ടീമിന് നഷ്ടമായത്. ഒമ്പത് പന്തില്‍ ഒമ്പത് റണ്‍സ് നേടിയ ഗില്ലിന്റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. പിന്നാലെ എത്തിയ കോഹ്ലി നാല് പന്തില്‍ റണ്‍സൊന്നും നേടാതെ തിരികെ നടന്നു. എന്നാല്‍, രോഹിത് അര്‍ധ സെഞ്ച്വറി നേടിയാണ് മടങ്ങിയത്. 97 പന്തില്‍ 73 റണ്‍സ് സ്‌കോര്‍ ചെയ്തായിരുന്നു താരത്തിന്റെ മടക്കം.

എന്നാല്‍, മത്സരത്തില്‍ ഒരു സൂപ്പര്‍ നേട്ടം കൊയ്താണ് റോ – കോ സഖ്യം മടങ്ങിയത്. ബാറ്റിങ് പെയര്‍ എന്ന നിലയില്‍ നൂറ് ഇന്നിങ്സുകള്‍ എന്ന നേട്ടമാണ് ഇരുവരും സ്വന്തമാക്കിയത്. ഇതിനായി ഇരുവരും ഒന്നിച്ച് ബാറ്റ് ചെയ്താല്‍ മാത്രം മതിയായിരുന്നു. ഗില്ലിന് പിന്നാലെ വിരാട് ക്രീസിലെത്തിയപ്പോള്‍ രോഹിത് മറുവശത്ത് ഉണ്ടായിരുന്നതിനാലാണ് ഈ നേട്ടത്തിലെത്തിയത്.

എന്നാല്‍ ഇരുവര്‍ക്കും ഒരുമിച്ച് സ്‌കോര്‍ ബോര്‍ഡിലേക്ക് ഒരു റണ്‍ പോലും ചേര്‍ക്കാനായില്ല. അതിനാല്‍ തന്നെ ഒരു റെക്കോഡാണ് പിറക്കാതെ പോയത്. രോഹിത്തിനും കോഹ്ലിക്കും ഒന്നിച്ച് 161 റണ്‍സ് ചേര്‍ത്തിരുന്നെങ്കില്‍ ഏകദിനത്തില്‍ ഏറ്റവുമധികം റണ്‍സടിക്കുന്ന രണ്ടാമത് പെയര്‍ എന്ന നേട്ടത്തിലേക്ക് എത്താനാവുമായിരുന്നു.

ഇന്ത്യ പ്ലെയിങ് ഇലവന്‍

രോഹിത് ശര്‍മ, ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), വിരാട് കോഹ്ലി, ശ്രേയസ് അയ്യര്‍, അക്സര്‍ പട്ടേല്‍, കെ.എല്‍. രാഹുല്‍ (വിക്കറ്റ് കീപ്പര്‍), വാഷിങ്ടണ്‍ സുന്ദര്‍, നിതീഷ് കുമാര്‍ റെഡ്ഡി, ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിങ്, മുഹമ്മദ് സിറാജ്.

ഓസ്ട്രേലിയ പ്ലെയിങ് ഇലവന്‍

മിച്ചല്‍ മാര്‍ഷ് (ക്യാപ്റ്റന്‍), ട്രാവിസ് ഹെഡ്, മാറ്റ് ഷോര്‍ട്ട്, മാറ്റ് റെന്‍ഷോ, അലക്സ് കാരി (വിക്കറ്റ് കീപ്പര്‍), കൂപ്പര്‍ കനോലി, മിച്ചല്‍ ഓവന്‍. സേവ്യര്‍ ബാര്‍ട്ലെറ്റ്, മിച്ചല്‍ സ്റ്റാര്‍ക്, ആദം സാംപ, ജോഷ് ഹെയ്സല്‍വുഡ്.

Content Highlight: Ind vs Aus: Rohit Sharma and Virat Kohli completed 100 innings as a batting pair

We use cookies to give you the best possible experience. Learn more