ഓസ്ട്രേലിയക്കെതിരെയുള്ള രണ്ടാം ഏകദിനത്തിലും ഇന്ത്യ കഴിഞ്ഞ ദിവസം പരാജയപ്പെട്ടിരുന്നു. രോഹിത് ശര്മയുടെയും ശ്രേയസ് അയ്യരുടെയും കരുത്തില്‍ മികച്ച ടോട്ടല്‍ ഉയര്‍ത്തിയിട്ടും ടീം തോല്‍വി വഴങ്ങുകയായിരുന്നു. അഡ്ലെയ്ഡ് ഓവലില്‍ നടന്ന മത്സരത്തില്‍ രണ്ട് വിക്കറ്റിനാണ് ആതിഥേയരുടെ വിജയം. ഇതോടെ മൂന്ന് മത്സരങ്ങളുള്ള പരമ്പര കങ്കാരുപ്പട സ്വന്തമാക്കി.
ഇപ്പോള്‍ പരമ്പരയിലെ അവസാന മത്സരത്തില്‍ ഇന്ത്യന്‍ പ്ലെയിങ് ഇലവനില്‍ മാറ്റം വരുത്തണമെന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ താരമായ പാര്‍ത്ഥിവ് പട്ടേല്‍. ഇന്ത്യയ്ക്ക് ബാറ്റര്‍മാരെ ഇനിയും ടീമില്‍ ഉള്‍പ്പെടുത്താന്‍ കഴില്ലെന്നും കുല്‍ദീപ് യാദവിനെ ടീമില്‍ ഉള്‍പ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
കൂടാതെ, ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാരെ ഇന്ത്യ വിശ്വസിക്കണമെന്നും താരം കൂട്ടിച്ചേര്‍ത്തു. ജിയോസ്റ്റാറിലെ ക്രിക്കറ്റ് ലൈവ് എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പാര്‍ത്ഥിവ് പട്ടേല്‍.
‘കുല്‍ദീപ് യാദവിനെ മൂന്നാം ഏകദിനത്തില്‍ കാണാന്‍ കഴിയുമെന്നാണ് എനിക്ക് തോന്നുന്നത്. റണ്‍സ് നേടുന്നതിലും പ്രകടനം കാഴ്ച വെക്കുന്നതിലും ഇന്ത്യ അവരുടെ ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാരെ വിശ്വസിക്കണം. ഒപ്പം ടീം ബാലന്‍സ് നിലനിര്‍ത്തുകയും വേണം. ബാറ്റിങ്ങിന് അധിക സുരക്ഷാ നല്‍കുന്നതിന് ഒരു ബാറ്ററെ ഉള്‍പ്പെടുത്തേണ്ടതില്ല.
കുല്‍ദീപ് യാദവിന് മധ്യഓവറുകളില്‍ വിക്കറ്റുകള്‍ വീഴ്ത്താനാവും. ഇന്ത്യയ്ക്ക് ഇപ്പോള്‍ അതാണ് ആവശ്യം. ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാര്‍ നേരത്തെ പുറത്താവുന്നത് മത്സരത്തിന്റെ ഭാഗമാണ്. അതിന്റെ ക്ഷീണം തീര്‍ക്കാന്‍ ബാറ്ററെ ഉള്‍പ്പെടുത്തികൊണ്ടേയിരിക്കാന്‍ കഴിയില്ല. അതിന് പകരം ഇന്ത്യ വിജയിക്കാന്‍ മികച്ച ടീമിനെ ഒരുക്കുന്നതില്‍ ശ്രദ്ധിക്കണം,’ പാര്‍ത്ഥിവ് പട്ടേല്‍ പറഞ്ഞു.
പരമ്പരയിലെ മൂന്നാം മത്സരം ഒക്ടോബര്‍ 25നാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടിലാണ് ഈ മത്സരം അരങ്ങേറുക. പരമ്പര നഷ്ടമായെങ്കിലും ആശ്വാസ ജയം തേടിയാവും ഇന്ത്യ ഈ മത്സരത്തിനെത്തുക. പുതിയ ക്യാപ്റ്റനായ ശുഭ്മന്‍ ഗില്ലിന് കീഴില്‍ ആദ്യ വിജയമായിരിക്കും ടീമിന്റെ ഈ മത്സരത്തിലെ ലക്ഷ്യം.
Content Highlight: Ind vs Aus: Parthiv Patel says India cannot add more batters and Kuldeep Yadav may play in third ODI