ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ഏകദിന പരമ്പരയില്‍ ജസ്പ്രീത് ബുംറയും ഹര്‍ദിക് പാണ്ഡ്യയും കളിച്ചിരുന്നെങ്കില്‍ റിസള്‍ട്ട് മറ്റൊന്നാകുമായിരുന്നെന്ന് മുന്‍ ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്ക്. ബുംറയ്‌ക്കൊപ്പം ഹര്‍ദിക് കൂടിയുണ്ടായിരുന്നെങ്കില്‍ ഓസ്ട്രേലിയക്ക് എതിരെയുള്ള പരമ്പര തികച്ചും വ്യത്യസ്തമാകുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബീയോണ്ട് 23 ക്രിക്കറ്റ് പോഡ്കാസ്റ്റില്‍ സംസാരിക്കുകയായിരുന്നു ക്ലാര്‍ക്ക്.
‘ജസ്പ്രീത് ബുംറ കളിക്കുമ്പോള്‍ ഇന്ത്യ വ്യത്യസ്തമായൊരു ടീമാണ്. നിലവിലെ ഇന്ത്യന്‍ ടി -20 ടീം ഒരുമിച്ച് അധികം മത്സരങ്ങള്‍ കളിച്ചിട്ടില്ല, പ്രത്യേകിച്ച് ഓസ്ട്രേലിയയില്‍. അതിനാല്‍ പൊരുത്തപ്പെടാന്‍ സമയം ആവശ്യമാണ്.
എന്നാല്‍, ബുംറ ഉണ്ടാവുബോള്‍ ടീമിന്റെ ശക്തി കൂടുന്നു. അതാണ് ഏകദിന പരമ്പരയില്‍ ഇന്ത്യയ്ക്ക് നഷ്ടമായത്.
അവനൊപ്പം ഹര്‍ദിക് പാണ്ഡ്യയും ആ പരമ്പരയില്‍ കളിച്ചിരുന്നെങ്കില്‍ അന്തിമഫലം വളരെ വ്യത്യസ്തമാകുമായിരുന്നു,’ ക്ലാര്‍ക്ക് പറഞ്ഞു.
ഓസ്ട്രേലിയക്ക് എതിരെനടന്ന ഏകദിന പരമ്പര 2 – 1 ആതിഥേയര്‍ സ്വന്തമാക്കിയിരുന്നു. ഈ പരമ്പരയില്‍ ബുംറക്ക് ഇന്ത്യന്‍ ടീം വിശ്രമം നല്‍കിയിരുന്നു. എന്നാല്‍, ഏഷ്യാ കപ്പിനിടെ പരിക്കേറ്റാണ് ഹര്‍ദിക് പാണ്ഡ്യക്ക് ഓസ്ട്രേലിയന്‍ പര്യടനം നഷ്ടമായത്.
ഹര്‍ദിക് പാണ്ഡ്യ ഓസ്ട്രേലിയക്ക് എതിരെ ഒരു ഒരു ഫോര്‍മാറ്റിലും കളിക്കുന്നില്ലെങ്കിലും ബുംറ ടി – 20 ടീമില്‍ ഇടം പിടിച്ചിട്ടുണ്ട്. ഇതുവരെ കളിച്ച മൂന്ന് മത്സരങ്ങളില്‍ രണ്ട് വിക്കറ്റ് താരം വീഴ്ത്തിയിട്ടുണ്ട്. പതിവ് പോലെ തന്നെ വളരെ എക്കോണമിക്കലായാണ് സ്റ്റാര്‍ പേസര്‍ ഓസീസിനെതിരെയും ബൗള്‍ ചെയ്യുന്നത്. ഇതിനെ കുറിച്ചും ക്ലാര്‍ക്ക് സംസാരിച്ചു.
‘ഈ ടി – 20 പരമ്പരയില്‍ ബുംറ പന്തെറിയുന്നത് രീതി താരം എത്ര മികച്ച ബൗളറാണെന്ന് തെളിയിക്കുന്നു. അവന്‍ യഥാര്‍ത്ഥത്തില്‍ ഒരു മികച്ച കളിക്കാരനാണ്.
ടീമിന്റെ ജയത്തിലും തോല്‍വിയിലും മികച്ച രീതിയില്‍ ബൗള്‍ ചെയ്യാന്‍ കഴിയുന്നതും ഒറ്റയ്ക്ക് വലിയ സ്വാധീനം ചെലുത്താന്‍ കഴിയുന്നതും അവന്റെ കഴിവ് അസാധാരണമാണെന്ന് കാണിക്കുന്നു,’ ക്ലാര്‍ക്ക് കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഇന്ത്യയും ഓസ്ടേലിയയും തമ്മിലുള്ള നാലാം ടി – 20 ഇന്ന് നടക്കും. കരാര സ്റ്റേഡിയമാണ് മത്സരത്തിന്റെ വേദി. കഴിഞ്ഞ മത്സരത്തില്‍ ജയിച്ചാല്‍ ഇന്ത്യ അതേ ടീമുമായി തന്നെ ഇറങ്ങാനാണ് സാധ്യതയേറെ.
Content Highlight: Ind vs Aus: Michael Clarkke says that ODI series against Australia would be different if Jasprit Bumrah and Hardik Pandya played together