| Wednesday, 29th October 2025, 7:26 am

അബ്‌സല്യൂട്ട് സൂപ്പര്‍ സ്റ്റാര്‍, പരമ്പരയിലെ ടോപ്‌സ്‌കോററാവും; ഇന്ത്യന്‍ താരത്തെ കുറിച്ച് ക്ലാര്‍ക്ക്

സ്പോര്‍ട്സ് ഡെസ്‌ക്

ഓസ്ട്രേലിയന്‍ പര്യടനത്തിലെ ടി – 20 പരമ്പരയ്ക്കുള്ള ഒരുക്കത്തിലാണ് ഇന്ത്യന്‍ സംഘം. അഞ്ച് മത്സരങ്ങളുള്ള പരമ്പര തുടങ്ങാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണ്. ആദ്യ മത്സരത്തിന് കാന്‍ബറയിലെ മാനുക ഓവലാണ് വേദി. മത്സരത്തിനിറങ്ങുമ്പോള്‍ ഏകദിന പരമ്പരയിലെ തോല്‍വിക്ക് പകരം വീട്ടാനുറച്ച് തന്നെയാവും സൂര്യയും കൂട്ടരും ഇറങ്ങുക.

ഇപ്പോള്‍ ഈ മത്സരത്തിന് മുന്നോടിയായി ഇന്ത്യന്‍ ഓപ്പണര്‍ അഭിഷേക് ശര്‍മയെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്ക്. താരം ഒരു അബ്‌സല്യൂട്ട് സൂപ്പര്‍ സ്റ്റാറാണെന്നും എല്ലാ ഫോര്‍മാറ്റിലും കളിക്കാന്‍ കഴിവുള്ള ഒരാളാണെന്നും അദ്ദേഹം പറഞ്ഞു.

ഓസ്ട്രേലിയയില്‍ അഭിഷേക് ശര്‍മ കളിക്കുന്നത് കാണാന്‍ കാത്തിരിക്കുകയാണെന്നും പരമ്പരയില്‍ താരം ടോപ് സ്‌കോററാവുമെന്നും മുന്‍ ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ കൂട്ടിച്ചേര്‍ത്തു. ബിയോണ്ട് 23 ക്രിക്കറ്റ് പോഡ്കാസ്റ്റില്‍ സംസാരിക്കുകയായിരുന്നു ക്ലാര്‍ക്ക്.

‘ഞാന്‍ അഭിഷേക് ശര്‍മയെ പിന്തുണക്കുന്നു. ഇന്ത്യയ്ക്കായി മൂന്ന് ഫോര്‍മാറ്റിലും അവന്‍ കളിക്കാന്‍ പര്യാപ്തനാണെന്ന് ഞാന്‍ കരുതുന്നു. ഒരു ടീമില്‍ ആര്‍ ബാറ്റര്‍മാരെ ഉള്‍പ്പെടുത്തുക ബുദ്ധിമുട്ടാണ്. പക്ഷേ, അവന്‍ ടി- 20യിലെ ഒരു അബ്‌സല്യൂട്ട് സൂപ്പര്‍സ്റ്റാറാണ്.

ഐ.പി.എല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനായി അഭിഷേക് മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. അന്താരാഷ്ട്ര വേദിയില്‍ അവന് ഒരു അവസരം അര്‍ഹിക്കുന്നുവെന്ന് ഞാന്‍ വിശ്വസിക്കുന്നു.

അവന്‍ വ്യത്യസ്ത ഷോട്ടുകളുള്ള ഒരു ഇടംകൈയ്യന്‍ ഓപ്പണറാണ്, അവന്‍ കളിക്കുന്നത് കാണാന്‍ ഞാന്‍ ആവേശത്തിലാണ്. ഈ പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്നതും അഭിഷേകായിരിക്കും,’ ക്ലാര്‍ക്ക് പറഞ്ഞു.

ഇന്ത്യക്കായി ഏഷ്യ കപ്പിലടക്കം മികച്ച ബാറ്റിങ് പുറത്തെടുത്ത താരമാണ് അഭിഷേക് ശര്‍മ. താരം ടൂര്‍ണമെന്റില്‍ ഏഴ് മത്സരങ്ങളില്‍ കളിച്ച് 314 റണ്‍സ് നേടിയിരുന്നു. മൂന്ന് അര്‍ധ സെഞ്ച്വറികളുടെ മികവിലായിരുന്നു താരത്തിന്റെ ഈ പ്രകടനം.

ഈ പ്രകടനങ്ങളുടെ മികവില്‍ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് അവാര്‍ഡും ഇടം കൈയ്യന്‍ ബാറ്റര്‍ സ്വന്തമാക്കിയിരുന്നു. ഈ പ്രകടനം തന്നെ ഓസ്ട്രേലിയക്കെതിരെ അവരുടെ മണ്ണിലും നടത്തുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

Content Highlight: Ind vs Aus: Michael Clarke says Abhishek Sharma is a absolute superstar and he will be top scorer in this series

We use cookies to give you the best possible experience. Learn more