ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ടി – 20 പരമ്പര നാളെ (ഒക്ടോബര്‍ 29) തുടക്കമാവുകയാണ്. അഞ്ച് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. നവംബര്‍ എട്ട് വരെയാണ് പരമ്പര നടക്കുക. ഏകദിന പരമ്പര നഷ്ടമായതിന്റെ ക്ഷീണം തീര്‍ക്കുകയെന്ന ലക്ഷ്യത്തോടെയാണ് സൂര്യകുമാര്‍ യാദവും സംഘവും ഓസീസിനെതിരെ മത്സരത്തിനെത്തുന്നത്.
കങ്കാരുപ്പടക്കെതിരെ മത്സരത്തിനിറങ്ങുമ്പോള്‍ സൂപ്പര്‍ താരങ്ങളായ ജസ്പ്രീത് ബുംറയെയും അര്‍ഷ്ദീപ് സിങ്ങിനെയും കാത്തിരിക്കുന്നത് ഒരു സൂപ്പര്‍ നേട്ടമാണ്. ഓസ്ട്രേലിയയില്‍ ടി – 20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടുന്ന ഇന്ത്യന്‍ താരങ്ങളുടെ ലിസ്റ്റില്‍ മുന്നിലെത്താനാണ് ഇരുവര്‍ക്കും അവസരമുള്ളത്.
ഇതിനായി അര്‍ഷ്ദീപിന് രണ്ട് വിക്കറ്റുകളാണ് വേണ്ടത്. ഇടം കൈയ്യന്‍ ബൗളര്‍ക്ക് ഓസ്ട്രേലിയയില്‍ ആറ് മത്സരങ്ങളില്‍ നിന്ന് പത്ത് വിക്കറ്റുകളുണ്ട്. മറുവശത്ത് ഈ ലിസ്റ്റില്‍ ഒന്നാമതെത്താന്‍ ബുംറയ്ക്ക് നാല് വിക്കറ്റുകള്‍ വീഴ്ത്തണം. ആറ് മത്സരങ്ങളില്‍ നിന്നായി എട്ട് വിക്കറ്റുകളാണ് താരം നേടിയിട്ടുള്ളത്.
നിലവില്‍ ആര്‍. അശ്വിനും ഹര്‍ദിക് പാണ്ഡ്യയുമാണ് ഈ നേട്ടത്തില്‍ മുന്നിലുള്ളത്. ഇരുവരും ഓസ്ട്രേലിയയിലെ ടി – 20കളില്‍ സ്വന്തമാക്കിയത് 11 വിക്കറ്റുകള്‍ വീതമാണ്.
(താരങ്ങള്‍ – മത്സരം – വിക്കറ്റുകള്‍ എന്നീ ക്രമത്തില്‍)
ആര്‍. അശ്വിന്‍ – 11 – 11
ഹര്‍ദിക് പാണ്ഡ്യ – 12 -11
അര്‍ഷ്ദീപ് സിങ് – 6 – 10
ജസ്പ്രീത് ബുംറ – 6 – 8
രവീന്ദ്ര ജഡേജ – 6 – 6
ഭുവനേശ്വര്‍ കുമാര്‍ – 9 – 6
മുഹമ്മദ് ഷമി – 7 – 6
ഓസീസിനെതിരെ 15 അംഗ ടീമാണ് ഇന്ത്യന്‍ മാനേജ്‌മെന്റ് പ്രഖ്യാപിച്ചിട്ടുള്ളത്. സൂര്യകുമാര്‍ യാദവ് ക്യാപ്റ്റനായി എത്തുമ്പോള്‍ ശുഭ്മന്‍ ഗില്ലാണ് വൈസ് ക്യാപ്റ്റന്റെ കുപ്പായത്തിലുള്ളത്. മലയാളി താരം സഞ്ജു സാംസണും സ്‌ക്വാഡില്‍ ഇടം പിടിച്ചിട്ടുണ്ട്.
Content Highlight: Ind vs Aus: Jasprit Bumrah needs four wickets and Arshdeep Singh needs two wickets to top the list of Indians with most wickets in T20 in Australia