| Sunday, 9th November 2025, 11:31 am

ഓസ്ട്രേലിയക്കെതിരെ പരമ്പര വിജയത്തില്‍ നിര്‍ണായക ഘടകമായത് ഈ താരം: ഇര്‍ഫാന്‍ പത്താന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യന്‍ ടീമിന്റെ കരുത്ത് ഓള്‍ റൗണ്ടര്‍മാരാണെന്ന് മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍. ശിവം ദുബെയുടെ പ്രകടനമാണ് ഇന്ത്യയുടെ വിജയത്തിലെ നിര്‍ണായകമായ ഘടകമെന്ന് അദ്ദേഹം പറഞ്ഞു. ഹര്‍ദിക് പാണ്ഡ്യയുടെ അഭാവത്തില്‍ താരം ഇന്ത്യന്‍ ടീമിന് വലിയ ആത്മവിശ്വാസം നല്‍കിയിട്ടുണ്ടെന്നും പത്താന്‍ കൂട്ടിച്ചേര്‍ത്തു. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു ഇര്‍ഫാന്‍ പത്താന്‍.

‘ഈ ടീമിന്റെ ശക്തി ഓള്‍റൗണ്ടര്‍മാരാണ്. ശിവം ദുബെ, വാഷിങ്ടണ്‍ സുന്ദര്‍, അക്‌സര്‍ പട്ടേല്‍ എന്നിവരാണ് ഏറ്റവും വലിയ പോസിറ്റീവുകള്‍. ശിവം ദുബെ ബൗളിങ്ങില്‍ തന്റെ പ്രകടനം മെച്ചപ്പെടുത്തിയിട്ടുണ്ട്. ഹാര്‍ദിക് പാണ്ഡ്യയുടെ പരിക്ക് പരിഗണിക്കുമ്പോള്‍ ഇത് ഇന്ത്യന്‍ ടീമിന് വലിയൊരു ഘടകമാണ്.

ഇന്ത്യയുടെ പ്ലാനിങ് മികച്ചതാണ്. ഹര്‍ദിക് പാണ്ഡ്യ ഇന്ത്യയുടെ ഒന്നാം നമ്പര്‍ ഓള്‍ റൗണ്ടറായതിനാല്‍ അവന് പരിക്കേല്‍ക്കുന്നത് ടീം ആഗ്രഹിക്കുന്നില്ല. പ്രധാനപ്പെട്ട ഒരു പരമ്പരയ്ക്കോ ടൂര്‍ണമെന്റിനോ തൊട്ടുമുമ്പ് പാണ്ഡ്യയ്ക്ക് പരിക്കേറ്റാല്‍, ടീമിന് മറ്റൊരു ഓപ്ഷന്‍ ആവശ്യമാണ്.

ശിവം ദുബെ ഇപ്പോള്‍ അവന്റെ ബാക്ക്അപ്പായി ഉപയോഗിക്കാവുന്ന സീം ഓള്‍ റൗണ്ടര്‍ ഓപ്ഷനാണ്. അവന്റെ സാന്നിധ്യം ഇന്ത്യയ്ക്ക് വലിയ ആത്മവിശ്വാസമാണ് നല്‍കുന്നത്,’ ഇര്‍ഫാന്‍ പത്താന്‍ പറഞ്ഞു.

ഓസ്ട്രേലിയക്കെതിരെയുള്ള ടി – 20 പരമ്പരയില്‍ ദുബെ അഞ്ച് മത്സരങ്ങളിലെ രണ്ട് ഇന്നിങ്‌സില്‍ കളിച്ച് 26 റണ്‍സ് എടുത്തിട്ടുണ്ട്. കൂടാതെ, ഇത്രയും മത്സരത്തില്‍ നിന്ന് മൂന്ന് വിക്കറ്റും താരം നേടിയിട്ടുണ്ട്. 21 ശരാശരിയില്‍ ബൗള്‍ ചെയ്താ താരം അഞ്ച് ഓവറില്‍ 63 റണ്‍സ് മാത്രമാണ് വിട്ടുനല്‍കിയത്.

അതേസമയം, ഇന്ത്യ 2 -1ന് ടി – 20 പരമ്പര സ്വന്തമാക്കി. കഴിഞ്ഞ ദിവസം നടന്ന അഞ്ചാം മത്സരം മഴ മൂലം ഉപേക്ഷിച്ചതോടെ ഇന്ത്യ ജേതാക്കളാവുകയായിരുന്നു.

നേരത്തെ, നാലാം മത്സരത്തില്‍ ജയിച്ച് ഇന്ത്യ ലീഡ് നേടിയിരുന്നു. ഇതാണ് പരമ്പര വിജയത്തിലേക്ക് നയിച്ചത്. അഞ്ച് മത്സരങ്ങളില്‍ ബാറ്റ് കൊണ്ട് തിളങ്ങിയ അഭിഷേക് ശര്‍മയാണ് പ്ലെയര്‍ ഓഫ് ദി സീരീസ്.

Content Highlight: Ind vs Aus: Irfan Pathan says that Shivam Dube’s performance is the biggest plus point of Indian Cricket Team against Australia

We use cookies to give you the best possible experience. Learn more