| Friday, 24th October 2025, 2:37 pm

ഓസീസിനെ വിറപ്പിച്ചവരിൽ ആദ്യ പത്തിലെ ആറ് പേർ വിരമിച്ചവർ; മൂന്നാളുകൾ ടീമിന് പുറത്ത്, ഒരാൾ ബെഞ്ചിലും!

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ഏകദിന പരമ്പര പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. മൂന്ന് മത്സരങ്ങളുള്ള പരമ്പര ആതിഥേയരായ ഓസ്ട്രേലിയ സ്വന്തമാക്കിയിട്ടുണ്ട്. പരമ്പരയിൽ അവസാനിച്ച രണ്ട് മത്സരങ്ങളിൽ കങ്കാരുപ്പട വിജയം സ്വന്തമാക്കിയിരുന്നു. ഒന്നാം മത്സരത്തിൽ മഴ മൂലം ചെറിയ വിജയലക്ഷ്യമായിരുന്നു ഡിഫൻഡ് ചെയ്യാൻ ഉണ്ടായിരുന്നതെങ്കിൽ രണ്ടാം മത്സരത്തിൽ കൂറ്റൻ സ്കോർ ഉയർത്തിയിട്ടും ഇന്ത്യൻ ടീം തോൽക്കുകയായിരുന്നു.

ഒന്നാം മത്സരത്തിൽ മഴമൂലം മത്സരം 26 ഓവറായും വിജയലക്ഷ്യം 131 ആയും കുറച്ചിരുന്നു. ആ മത്സരത്തിൽ ഇന്ത്യയുടെ ടോപ് ഓർഡർ ബാറ്റർമാരും ബൗളർമാരും ഒരുപോലെ പരാജയപ്പെട്ടിരുന്നു. അതാണ് ടീമിന്റെ തോൽവിക്ക് കാരണമായത്. എന്നാൽ, രണ്ടാം മത്സരത്തിൽ രോഹിത് ശർമയുടെയും ശ്രേയസ് അയ്യരുടെയും അർധ സെഞ്ച്വറികളുടെ കരുത്തിൽ വലിയ സ്കോർ പടുത്തുയർത്തിയിരുന്നു. പക്ഷേ, എട്ട് വിക്കറ്റുകൾ വീഴ്ത്തിയിട്ടും ബൗളർമാർക്ക് ടീമിന് വിജയം സമ്മാനിക്കാനായില്ല.

ഇതിന് പിന്നാലെ ബാറ്റർമാർക്കാണ് കൂടുതൽ പ്രാധാന്യം നൽകിയതെന്നും വിമർശനമുയർന്നിരുന്നു. കുൽദീപ് യാദവ് അടക്കമുള്ള ബൗളർമാരെ ബെഞ്ചിൽ ഇരുത്തിയതും ഏറെ വിമർശനങ്ങൾക്ക് കാരണമായിട്ടുണ്ട്. ഇന്ത്യ വിജയിക്കാനായി മികച്ച ബൗളിങ് യൂണിറ്റിനെ തെരഞ്ഞെടുക്കണമെന്നാണ് ക്രിക്കറ്റ് നിരീക്ഷകർ അഭിപ്രായപ്പെടുന്നത്.

കുൽദീപ് യാദവിന് അവസരം നൽകാത്തതിന് പുറമെ, മുഹമ്മദ് ഷമിയെയും രവീന്ദ്ര ജഡേജയെയും സ്‌ക്വാഡിൽ നിന്ന് ഒഴിവാക്കിയതിലും വിമർശനങ്ങൾ ഉയർന്നിരുന്നു. ഇരുവരും ഓസ്‌ട്രേലിയക്കെതിരെ മികച്ച പ്രകടനം നടത്തിയ താരങ്ങളാണ്. എന്നിട്ടും സ്‌ക്വാഡിൽ പോലും ഇടം ലഭിച്ചില്ലെന്നാണ് ശ്രദ്ധേയം.

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ദ്വിരാഷ്ട്ര പരമ്പരകളിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ വീഴ്ത്തിയ ഇന്ത്യൻ താരങ്ങളുടെ പട്ടികയെടുത്താൽ മൂവരും മുൻപന്തിയിലാണ്. ഈ ലിസ്റ്റിലെ ആദ്യ പത്തിൽ സജീവ ക്രിക്കറ്റ് കളിക്കുന്ന നാല് താരങ്ങളാണുള്ളത്.

കപിൽ ദേവാണ് ഈ ലിസ്റ്റിൽ മുമ്പിലുള്ളത്. താരത്തിന് 41 മത്സരങ്ങളിൽ 45 വിക്കറ്റുണ്ട്. രണ്ടാമതായി 42 വിക്കറ്റുള്ള ഷമിയാണുള്ളത്. തൊട്ട് പിന്നാലെ തന്നെ ജഡേജയുമുണ്ട്. എട്ടാം സ്ഥാനത്ത് കുൽദീപും പത്താമതായി ബുംറയുമുണ്ട്.

ഓസ്‌ട്രേലിയക്കെതിരെയുള്ള ഏകദിന പരമ്പരയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ ഇന്ത്യൻ താരങ്ങള്‍

(താരം – മത്സരം – വിക്കറ്റുകള്‍ എന്ന ക്രമത്തില്‍)

കപിൽ ദേവ് – 41 – 45

മുഹമ്മദ് ഷമി – 26 – 42

രവീന്ദ്ര ജഡേജ – ഇന്ത്യ – 45 – 39

അജിത് അഗാർക്കർ – 21 – 36

ജവഗൽ ശ്രീനാഥ് – 29 – 33

ഹർഭജൻ സിങ് – 35 – 32

ഇർഫാൻ പത്താൻ – 24 – 31

കുല്‍ദീപ് യാദവ് – 23 – 31

അനിൽ കുംബ്ലെ – 29 – 31

ജസ്പ്രീത് ബുംറ – 21 – 30

Content Highlight: Ind vs Aus: Top ten Indian wicket takers including Mohammed Shami and Ravindra Jadeja in India vs Australia ODI didn’t playing in ongoing series

We use cookies to give you the best possible experience. Learn more