ഇന്ത്യയുടെ ഓസ്ട്രേലിയന്‍ പര്യടനത്തില്‍ ഒന്നാം ഏകദിനം പെര്‍ത്തിലെ ഒപ്റ്റസ് സ്റ്റേഡിയത്തില്‍ നടന്നുകൊണ്ടിരിക്കുകയാണ്. നിലവില്‍ ഇന്ത്യ 14 ഓവറുകള്‍ പിന്നിടുമ്പോള്‍ നാലിന് 46 റണ്‍സ് എടുത്തിട്ടുണ്ട്. 18 പന്തില്‍ 11 റണ്‍സെടുത്ത അക്സര്‍ പട്ടേലും നാല് പന്തില്‍ റണ്‍സൊന്നും എടുക്കാതെ കെ.എല്‍ രാഹുലുമാണ് ക്രീസിലുള്ളത്. രോഹിത് ശര്‍മ, വിരാട് കോഹ്ലി, ശുഭ്മന്‍ ഗില്‍, ശ്രേയ്‌സ് അയ്യര്‍ എന്നിവരുടെ വിക്കറ്റാണ് സന്ദര്‍ശകര്‍ക്ക് നഷ്ടമായത്.
നിലവില്‍ മത്സരം മഴ കാരണം നിര്‍ത്തിവെച്ചിരിക്കുകയാണ്. നേരത്തെയും മഴ കാരണം ഒന്നാം ഏകദിനം തടസപ്പെട്ടിരുന്നു. ഇങ്ങനെ രണ്ട് തവണയാണ് മത്സരം നിര്‍ത്തിവെച്ചത്. മഴ തുടരുന്നതിനാല്‍ ഓവറുകള്‍ വെട്ടിക്കുറച്ചിട്ടുണ്ട്.
ഇരുടീമുകള്‍ക്കും 35 ഓവറുകള്‍ വീതമാണ് കളിക്കുക. അഞ്ച് ബൗളര്‍മാര്‍ക്ക് ഏഴ് ഓവറുകള്‍ വീതമാണ് എറിയാന്‍ കഴിയുക. ഡി.എല്‍.എസ് വഴിയാണ് ഓസ്ട്രേലിയയുടെ ലക്ഷ്യം നിര്‍ണയിക്കുക.
മത്സരത്തിന്റെ തുടക്കത്തില്‍ മഴ എത്തിയപ്പോള്‍ ഒരു ഓവര്‍ വെട്ടികുറച്ചിരുന്നു. വീണ്ടും മഴ എത്തിയതോടെ മത്സരം 35 ഓവറാക്കി ചുരുക്കുകയായിരുന്നു.
നേരത്തെ, ടോസ് നേടിയ ഓസ്‌ട്രേലിയ ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. മത്സരത്തിന്റെ തുടക്കം തന്നെ ഇന്ത്യയ്ക്ക് തിരിച്ചടി ഏറ്റിരുന്നു. നാലാം ഓവറില്‍ തന്നെ ഓപ്പണര്‍ രോഹിത് ശര്‍മ തിരികെ നടന്നു. 14 പന്തില്‍ ഒരു ഫോറടക്കം എട്ട് റണ്‍സ് നേടിയ താരം ജോഷ് ഹസില്‍വുഡിന് മുന്നില്‍ വീഴുകയായിരുന്നു.
പിന്നാലെ കോഹ്ലി ഡക്കായി മടങ്ങി. എട്ട് പന്തുകള്‍ നേരിട്ട് റണ്‍സ് ഒന്നും എടുക്കാതെയായിരുന്നു താരത്തിന്റെ മടക്കം. മിച്ചല്‍ സ്റ്റാര്‍ക്കാണ് താരത്തിന്റെ വിക്കറ്റ് വീഴ്ത്തിയത്. അടുത്ത ഓവറില്‍ ശുഭ്മന്‍ ഗില്ലും കങ്കാരുക്കള്‍ക്ക് മുമ്പില്‍ അടിയറവ് പറഞ്ഞു. ക്യാപ്റ്റന്‍സി അരങ്ങേറ്റത്തില്‍ 18 പന്തില്‍ രണ്ട് ഫോറുള്‍പ്പടെ 10 റണ്‍സാണ് ഗില്‍ സ്വന്തമാക്കിയത്.
ക്യാപ്റ്റന്‍ പുറത്താവുമ്പോള്‍ ഇന്ത്യയുടെ സ്‌കോര്‍ 25 ആയിരുന്നു. ഇതിലേക്ക് 20 റണ്‍സ് കൂടി ചേര്‍ത്തപ്പോഴേക്കും ഇന്ത്യന്‍ സംഘത്തിന് മറ്റൊരു വിക്കറ്റും നഷ്ടമായി. ഇത്തവണ 24 പന്തില്‍ 11 റണ്‍സ് എടുത്ത അയ്യരാണ് പുറത്തായത്. ഹേസല്‍വുഡാണ് താരത്തെ മടക്കി ഇന്ത്യയ്ക്ക് പ്രഹരമേല്പിച്ചത്. ഇതിനിടയില്‍ പല തവണ മഴയെത്തുകയും കളി നിര്‍ത്തി വെക്കുകയും ചെയ്തിരുന്നു.
ഓസ്‌ട്രേലിയക്കായി ഹേസല്‍വുഡ് രണ്ടും എല്ലിസ്, സ്റ്റാര്‍ക്ക് എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.
രോഹിത് ശര്‍മ, ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), വിരാട് കോഹ്ലി, ശ്രേയസ് അയ്യര്‍, അക്സര്‍ പട്ടേല്‍, കെ.എല്‍. രാഹുല്‍ (വിക്കറ്റ് കീപ്പര്‍), വാഷിങ്ടണ്‍ സുന്ദര്‍, നിതീഷ് കുമാര്‍ റെഡ്ഡി, കുല്‍ദീപ് യാദവ്, ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിങ്, മുഹമ്മദ് സിറാജ്
ട്രാവിസ് ഹെഡ്, മിച്ചല്‍ മാര്‍ഷ് (ക്യാപ്റ്റന്‍), മാത്യു ഷോര്‍ട്ട്, ജോഷ് ഫിലിപ്പ് (വിക്കറ്റ് കീപ്പര്‍), മാത്യു റെന്‍ഷൗ, കൂപ്പര്‍ കനോലി, മിച്ചല്‍ ഓവന്‍, മിച്ചല്‍ സ്റ്റാര്‍ക്ക്, നഥാന്‍ എല്ലിസ്, മാത്യു കുഹ്നെമാന്‍, ജോഷ് ഹേസല്‍വുഡ്
Content Highlight: Ind vs Aus: Indian Cricket Team Struggle against Australia; Rain stops play and overs reduced