ഇന്ത്യയുടെ ഓസ്ട്രേലിയന്‍ പര്യടനത്തിലെ രണ്ടാം ഏകദിനം ഇന്ന് നടക്കും. അഡ്ലെയ്ഡ് ഓവലിലാണ് ആരാധകര്‍ ഏറെ കാത്തിരിക്കുന്ന ഈ മത്സരം അരങ്ങേറുക. ആതിഥേയരായ ഓസ്‌ട്രേലിയ തുടര്‍ച്ചയായ വിജയവും പരമ്പരയും ലക്ഷ്യമിട്ടാണ് ഇറങ്ങുക. മറുവശത്ത് ഇന്ത്യക്കിത് ജീവന്‍മരണ പോരാട്ടമാണ്.
രണ്ടാം ഏകദിനത്തില്‍ വിജയം സ്വന്തമാക്കി പരമ്പരയില്‍ കങ്കാരുക്കള്‍ക്ക് ഒപ്പം എത്താനാണ് ഗില്ലും സംഘവും ഉന്നമിടുന്നത്. നേരത്തെ, ഒന്നാം മത്സരത്തില്‍ ഇന്ത്യ തോറ്റിരുന്നു. ഏഴ് വിക്കറ്റിന്റെ തോല്‍വിയാണ് ടീം വഴങ്ങിയത്. അതിനാല്‍ തന്നെ ഈ മത്സരത്തില്‍ വിജയം അനിവാര്യമാണ്.
ഏറെ കാലങ്ങള്‍ക്ക് ശേഷം ടീമില്‍ കളിക്കുന്ന സൂപ്പര്‍ താരങ്ങളായ വിരാട് കോഹ്ലിയും രോഹിത് ശര്‍മയും തന്നെയായിരിക്കും ശ്രദ്ധാ കേന്ദ്രം. എന്നാല്‍, ആദ്യ മത്സരത്തില്‍ വലിയ പ്രകടനം നടത്താതെ തിരികെ മടങ്ങിയത് ആശങ്കയാണ്. ഇരുവരും മികച്ച പ്രകടനവുമായി തിരികെ എത്തുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
ഓവലില്‍ കോഹ്ലിക്ക് മികച്ച റെക്കോഡുള്ളത് ഈ പ്രതീക്ഷക്ക് മികവ് കൂട്ടുന്നു. എന്നാല്‍, ഈ വേദി രോഹിത്തിന് വലിയ സ്‌കോര്‍ കണ്ടെത്താന്‍ കഴിയാത്ത ഇടമാണെന്നത് ആശങ്കയാണ്. ഇതോടൊപ്പം, കഴിഞ്ഞ മത്സരത്തില്‍ ടോപ് ഓര്‍ഡര്‍ പരാജയപ്പെട്ടതും ഇന്ത്യന്‍ സംഘത്തിന് വെല്ലുവിളി ഉയര്‍ത്തുന്നു. എന്നാല്‍, ഇതെല്ലാം മറികടന്ന് ഇന്ത്യ മുന്നേറുമെന്നാണ് ഏവരുടെയും പ്രതീക്ഷ.
ഒന്നാം ഏകദിനത്തില്‍ ഇന്ത്യയ്ക്കായി തിളങ്ങിയ കെ.എല്‍ രാഹുല്‍, അക്സര്‍ പട്ടേല്‍ എന്നിവര്‍ ഈ മത്സരത്തിലും തിളങ്ങുമെന്ന് തന്നെയാണ് പ്രതീക്ഷ. കൂടാതെ, അരങ്ങേറ്റത്തില്‍ മികച്ച ബാറ്റിങ് നടത്തിയ നിതീഷ് കുമാര്‍ റെഡ്ഡി ഇന്ത്യയ്ക്ക് പ്രതീക്ഷ നല്‍കുന്ന മറ്റൊരാളാണ്. ഇവര്‍ക്കൊപ്പം ക്യാപ്റ്റനും ടോപ് ഓര്‍ഡറും ഫോമിലേക്ക് എത്തിയാല്‍ ഇന്ത്യയ്ക്ക് ഓസ്ട്രേലിയക്കെതിരെ മികവ് പുലര്‍ത്താം.
ഇവരോടൊപ്പം, ബൗളിങ്ങും മികച്ച പ്രകടനവുമായി കളം നിറഞ്ഞ് കളിച്ചാല്‍ ഇന്ത്യയ്ക്ക് പ്രതീക്ഷയ്ക്ക് വകയുണ്ട്. ഇതിനെല്ലാം പുറമെ, ഈ വേദിയില്‍ കഴിഞ്ഞ 17 വര്‍ഷത്തില്‍ ഇന്ത്യ ഒരു ഏകദിന മത്സരം പോലും തോറ്റിട്ടില്ലെന്ന കണക്ക് ടീമിന് വലിയ മുന്‍തൂക്കമാണ് നല്‍കുന്നത്. ഒപ്പം മത്സരത്തിന് മഴ ഭീഷണിയില്ലെന്നതും ഗില്ലിനും സംഘത്തിന് ആശ്വാസമാണ്.
മറുവശത്ത് ഓസ്ട്രേലിയയില്‍ അഞ്ചോളം താരങ്ങളില്‍ ഇല്ലെങ്കിലും ടീമിന്റെ മൂർച്ചക്ക് ഒട്ടും കുറവില്ല. മിച്ചൽ സ്റ്റാർക്കും ജോഷ് ഹേസൽവുഡടക്കമുള്ള കരുത്തുറ്റ ബൗളിങ് നിര തന്നെ അവർക്കുണ്ട്. അതിനാല്‍ തന്നെ കങ്കാരുപ്പടക്കെതിരെ ഇന്ത്യ ശ്രദ്ധയോടെ കളിക്കേണ്ടതുണ്ട്.
Content Highlight: Ind vs Aus: Indian Cricket team face Australia in second ODI at Adelaide Oval, where India didn’t lose a game in 17 Years