ഇന്ത്യയുടെ ഓസ്ട്രേലിയന്‍ പര്യടനത്തിലെ രണ്ടാം ഏകദിനം നാളെ നടക്കും. അഡ്ലെയ്ഡ് ഓവലാണ് ഈ മത്സരത്തില്‍ വേദിയാവുന്നത്. പരമ്പരയിലെ ആദ്യ മത്സരത്തില്‍ തോറ്റതിനാല്‍ തന്നെ ഗില്ലിനും സംഘത്തിനും ഈ മത്സരം ഏറെ നിര്‍ണായകമാണ്. നിലവില്‍ പരമ്പരയില്‍ ആതിഥേയരായ ഓസ്‌ട്രേലിയ 1 – 0ന് മുമ്പിലാണ്.
പെര്‍ത്തില്‍ നടന്ന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ തോല്‍വി വഴങ്ങിയിരുന്നു. ഈ മത്സരത്തില്‍ ഏഴ് വിക്കറ്റിന്റെ തോല്‍വിയാണ് മെന്‍ ഇന്‍ ബ്ലൂ വഴങ്ങിയത്. മഴ മൂലം ഓവറുകള്‍ വെട്ടി കുറച്ചതും ബാറ്റിങ് നിര പരാജയപ്പെട്ടതും ഇന്ത്യയ്ക്ക് വിനയാവുകയായിരുന്നു.
ഒപ്പം ഏറെ നാളുകള്‍ക്ക് ശേഷം ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തിയ സൂപ്പര്‍ താരങ്ങളായ വിരാട് കോഹ്ലിയും പുതിയ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും മത്സരത്തില്‍ നിരാശപ്പെടുത്തി. ഇരു സൂപ്പര്‍ താരങ്ങളും ഇന്ത്യന്‍ ടീമും രണ്ടാം മത്സരത്തില്‍ തകര്‍പ്പന്‍ തിരിച്ച് വരവ് നടത്തുമെന്ന് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
വിജയം മാത്രം ലക്ഷ്യമിട്ട് ഇന്ത്യന്‍ ടീം ഇറങ്ങുമ്പോള്‍ ഇന്ത്യയ്ക്ക് പ്രതീക്ഷ നല്‍കുന്ന പല ഘടകങ്ങളുമുണ്ട്. അതിലൊന്ന് മത്സരത്തിന്റെ വേദി തന്നെയാണ്. അഡ്ലെയ്ഡ് ഓവല്‍ ഇന്ത്യയ്ക്ക് മികച്ച ട്രാക്ക് റെക്കോഡുള്ള സ്റ്റേഡിയമാണ്. കഴിഞ്ഞ 17 വര്‍ഷത്തില്‍ ഇവിടെ കളിച്ച ഏകദിനങ്ങളില്‍ ഒന്ന് പോലും ഇന്ത്യ തോറ്റിട്ടില്ല.
2008ലാണ് ഇന്ത്യ ഈ വേദിയില്‍ അവസാനമായി തോറ്റത്. ആ മത്സരത്തില്‍ എതിരാളി ഓസ്ട്രേലിയയായിരുന്നു. ഈ മത്സരത്തില്‍ ആതിഥേയര്‍ 50 റണ്‍സിന്റെ വിജയമാണ് സ്വന്തമാക്കിയത്. അതിന് ശേഷം ഇവിടെ കളിച്ച അഞ്ച് മത്സരത്തില്‍ നാലെണ്ണത്തില്‍ ഇന്ത്യന്‍ ടീം വിജയിച്ചപ്പോള്‍ ഒരു ഏകദിനം സമനിലയിലായി. 2012 ഫെബ്രുവരിയില്‍ ശ്രീലങ്കയുമായി നടന്ന മത്സരമാണ് സമനിലയില്‍ അവസാനിച്ചത്.
(മത്സരം – വിജയി – വിജയ മാര്‍ജിന്‍ – വര്‍ഷം എന്നീ ക്രമത്തില്‍)
ഇന്ത്യ vs ഓസ്‌ട്രേലിയ – ഇന്ത്യ – ആറ് വിക്കറ്റ് – 2019
ഇന്ത്യ vs പാകിസ്ഥാന്‍ – ഇന്ത്യ – 76 റണ്‍സ് – 2015
ഇന്ത്യ vs ശ്രീലങ്ക – സമനില – 2012
ഇന്ത്യ vs ഓസ്‌ട്രേലിയ – ഇന്ത്യ – നാല് വിക്കറ്റ് – 2012
ഇന്ത്യ vs ശ്രീലങ്ക – ഇന്ത്യ – രണ്ട് വിക്കറ്റ് – 2008
ഇന്ത്യ vs ഓസ്‌ട്രേലിയ – ഓസ്‌ട്രേലിയ – 50 റണ്‍സ് – 2008
Content Highlight: Ind vs Aus: India haven’t lost an ODI at Adelaide Oval in the last 17 Years