ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള അഞ്ചാം ടി – 20 മത്സരം മഴ കാരണം ഉപേക്ഷിച്ചു. ഗാബ സ്റ്റേഡിയത്തിലെ മത്സരത്തില്‍ ഇന്ത്യയുടെ ബാറ്റിങ്ങിനിടെയായിരുന്നു മഴയെത്തിയത്. മഴ മാറാന്‍ മണിക്കൂറുകളോളം കാത്തിരുന്നെങ്കിലും അഞ്ച് ഓവര്‍ മത്സരം പോലും നടത്താന്‍ കഴിയാതായതോടെ ഉപേക്ഷിക്കുകയായിരുന്നു.
മത്സരം നടന്നില്ലെങ്കിലും ഇന്ത്യ പരമ്പര 2 – 1ന് വിജയിച്ചു. അഞ്ച് മത്സരങ്ങളുള്ള പരമ്പരയില്‍ രണ്ടെണ്ണത്തില്‍ ഇന്ത്യ ജയിച്ചിരുന്നു. ഇതോടെയാണ് സൂര്യയും സംഘവും പരമ്പര സ്വന്തമാക്കിയത്. ഒരു മത്സരത്തില്‍ ആതിഥേയരായ ഓസ്ട്രേലിയയുമായിരുന്നു ജയിച്ചത്.
ഒന്നാം മത്സരവും മഴ കാരണം ഉപേക്ഷിച്ചിരുന്നു. രണ്ടാം മത്സരത്തില്‍ ഓസീസ് വിജയിച്ചപ്പോള്‍ ബാക്കി രണ്ട് മത്സരങ്ങളും ജയിച്ചാണ് മെന്‍ ഇന്‍ ബ്ലൂ പരമ്പരയിലേക്ക് തിരിച്ച് വരവ് നടത്തിയത്.
അഞ്ചാം മത്സരം കങ്കാരുപ്പടയ്ക്ക് പരമ്പരയില്‍ ഇന്ത്യക്കൊപ്പം എത്താന്‍ ഏറെ നിര്‍ണായകമായിരുന്നു. അതിനാല്‍ തന്നെ മികച്ചൊരു മത്സരമാണ് ക്രിക്കറ്റ് ആരാധകര്‍ പ്രതീക്ഷിച്ചിരുന്നത്. അതിനിടെയാണ് മഴ രസം കൊല്ലിയായി എത്തിയതും പിന്നീട് മത്സരം ഒഴിവാക്കുന്നതിലേക്ക് നയിച്ചതും.
പരമ്പരയില്‍ ഉടനീളം മികച്ച പ്രകടനവുമായി കളം നിറഞ്ഞ അഭിഷേക് ശര്‍മ പ്ലെയര്‍ ഓഫ് ദി സീരിയസായി. താരം അഞ്ച് മത്സരങ്ങളില്‍ നിന്ന് ഒരു അര്‍ധ സെഞ്ച്വറിയടക്കം 163 റണ്‍സാണ് സ്‌കോര്‍ ചെയ്തത്.
അതേസമയം, അഞ്ചാം മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട ഇന്ത്യ ബാറ്റിങ് ആരംഭിച്ചിരുന്നു. ശുഭ്മന്‍ ഗില്‍ 16 പന്തില്‍ 29 റണ്‍സും അഭിഷേക് 13 പന്തില്‍ 23 റണ്‍സുമായി ഇന്ത്യയെ മികച്ച നിലയില്‍ കൊണ്ടുപോകവേ മഴ എത്തുകയായിരുന്നു.
അപ്പോള്‍ ഇന്ത്യന്‍ സംഘം 4.5 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 52 റണ്‍സാണ് ഇന്ത്യ സ്‌കോര്‍ ചെയ്തിരുന്നത്. പിന്നാലെ മഴ തുടര്‍ന്നതോടെ മത്സരം ഉപേക്ഷിക്കുകയായിരുന്നു.
Content Highlight: Ind vs Aus: India clinch series against Australia as 5th T20i abandoned due to rain