| Friday, 31st October 2025, 2:11 pm

ഇന്ത്യയും ഓസ്‌ട്രേലിയയും ഇന്ന് കറുപ്പ് ആം ബാന്‍ഡ് ധരിക്കുന്നു, ആര്‍ക്ക് വേണ്ടി?

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ രണ്ടാം ടി-20 മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ആരംഭിച്ചിരിക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ ഓസ്‌ട്രേലിയന്‍ നായകന്‍ മിച്ചല്‍ മാര്‍ഷ് ഇന്ത്യയെ ബാറ്റിങ്ങിനയച്ചു.

ഇരു ടീമിന്റെയും ക്യാപ്റ്റന്‍മാര്‍ കറുത്ത ആം ബാന്‍ഡ് ധരിച്ചാണ് ടോസിനെത്തിയത്. ക്യാപ്റ്റന്‍മാര്‍ മാത്രമല്ല, ടീമിലെ എല്ലാ താരങ്ങളും ആം ബാന്‍ഡ് ധരിച്ചാണ് മത്സരത്തിനിറങ്ങുന്നത്.

പ്രാക്ടീസിനിടെ പന്ത് കഴുത്തില്‍ കൊണ്ട് മരണപ്പെട്ട കൗമാര താരം ബെന്‍ ഓസ്റ്റിന് ആദരമര്‍പ്പിച്ചുകൊണ്ടാണ് ഇരു ടീമുകളും കറുത്ത ആം ബാന്‍ഡ് ധരിക്കുന്നത്.

ടി-20 മത്സരത്തിന്റെ പ്രാക്ടീസിനിടെയാണ് പന്ത് ഓസ്റ്റിന്റെ കഴുത്തില്‍ കൊണ്ടത്. അപകടം നടന്നയുടന്‍ ഓസ്റ്റിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ബെന്‍ ഓസ്റ്റിന്‍

മെല്‍ബണിലെ ഫെറന്‍ട്രീ ഗള്ളിയിലെ സ്റ്റേഡിയത്തില്‍ പരിശീലനത്തിലായിരുന്നു ഓസ്റ്റിന്‍. ഇതിനിടെയാണ് ഓസ്റ്റിന്റെ കഴുത്തില്‍ പന്ത് കൊള്ളുന്നത്. പ്രാക്ടീസിനിടെ ഓസ്റ്റിന്‍ ഹെല്‍മെറ്റ് ധരിച്ചിരുന്നെങ്കിലും സുരക്ഷയില്ലാത്ത ഭാഗത്താണ് പന്ത് കൊണ്ടത്.

മെഡിക്കല്‍ എമര്‍ജന്‍സി ടീം ഉടനെ തന്നെ സ്റ്റേഡിയത്തിലെത്തുകയും ഓസ്റ്റിന് പ്രാഥമിക ചികിത്സ നല്‍കുകയും ചെയ്തിരുന്നു. തുടര്‍ന്ന് മൊണാഷ് മെഡിക്കല്‍ സെന്ററിലേക്ക് മാറ്റി. വ്യാഴാഴ്ച രാവിലെ ഗള്ളി ക്രിക്കറ്റ് ക്ലബ് ഓസ്റ്റിന്റെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചു.

അതേസമയം, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ രണ്ട് ഓവര്‍ പിന്നിടുമ്പോള്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 18 റണ്‍സ് എന്ന നിലയിലാണ്. അഭിഷേക് ശര്‍മ നാല് പന്തില്‍ 14 റണ്‍സുമായും ശുഭ്മന്‍ ഗില്‍ എട്ട് പന്തില്‍ നാല് റണ്‍സ് നേടുമാണ് ക്രീസില്‍ തുടരുന്നത്.

പരമ്പരയിലെ ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു. പരമ്പരയില്‍ ഇരു ടീമുകള്‍ക്കും മുമ്പിലെത്താനുള്ള അവസരമാണ് മെല്‍ബണ്‍ ടി-20.

ഇന്ത്യ പ്ലെയിങ് ഇലവന്‍

അഭിഷേക് ശര്‍മ, ശുഭ്മന്‍ ഗില്‍, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, അക്‌സര്‍ പട്ടേല്‍, ഹര്‍ഷിത് റാണ, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുംറ.

ഓസ്‌ട്രേലിയ പ്ലെയിങ് ഇലവന്‍

മിച്ചല്‍ മാകര്‍ഷ് (ക്യാപ്റ്റന്‍), ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ് (വിക്കറ്റ് കീപ്പര്‍), ടിം ഡേവിഡ്, മിച്ചല്‍ ഓവന്‍, മാര്‍കസ് സ്‌റ്റോയ്‌നിസ്, മാറ്റ് ഷോര്‍ട്ട്, സേവ്യര്‍ ബാര്‍ട്‌ലെറ്റ്, നഥാന്‍ എല്ലിസ്, മാത്യു കുന്‍മാന്‍, ജോഷ് ഹെയ്‌സല്‍വുഡ്.

Content Highlight: IND vs AUS: 2nd T20: both team wear black arm band  in memory of Ben Austin

We use cookies to give you the best possible experience. Learn more