| Sunday, 7th June 2026, 11:32 am

സച്ചിന് ഭീഷണിയായവനെയും ഓസീസ് തലയെയും കടത്തി വെട്ടി ഗില്‍; ഇനി ഇന്ത്യന്‍ ക്യാപ്റ്റന്‍ ഒന്നാമന്‍!

ഫസീഹ പി.സി.

ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള വണ്‍ ഓഫ് ടെസ്റ്റ് മുല്ലാന്‍പ്പൂര്‍ സ്റ്റേഡിയത്തില്‍ നടക്കുകയാണ്. 108 ഓവറുകള്‍ പിന്നിടുമ്പോള്‍ ഇന്ത്യ ആറ് വിക്കറ്റിന് 470 റണ്‍സെടുത്തിട്ടുണ്ട്. 21 പന്തില്‍ 13 റണ്‍സെടുത്ത വാഷിങ്ടണ്‍ സുന്ദറും 12 പന്തില്‍ അഞ്ച് റണ്‍സ് നേടിയ മാനവ് സുതറുമാണ് ക്രീസിലുള്ളത്.

മത്സരത്തില്‍ ശുഭ്മന്‍ ഗില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയാണ് തിരികെ നടന്നത്. നാലാമനായി ഇറങ്ങിയ 177 പന്തില്‍ 126 റണ്‍സാണ് ഇന്ത്യന്‍ ക്യാപ്റ്റന്റെ സമ്പാദ്യം. ഒരു സിക്സറും 15 ഫോറുകളുമാണ് താരത്തിന്റെ ഇന്നിങ്സ് പിറന്നത്. ഇത് ടെസ്റ്റിലെ 25കാരന്റെ 11ാം സെഞ്ച്വറിയാണ്.

ശുഭ്മന്‍ ഗിൽ. Photo: BCCI/x.com

ഈ ഇന്നിങ്സോടെ ഒരു സൂപ്പര്‍ നേട്ടവും ഗില്‍ സ്വന്തമാക്കി. 2025ന് ശേഷം ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന നേട്ടം ഇന്ത്യന്‍ ക്യാപ്റ്റന്‍ നേടിയെടുത്തത്. 1109 റണ്‍സുമായാണ് താരത്തിന്റെ കുതിപ്പ്.

ഈ പരമ്പരക്ക് മുമ്പ് 983 റണ്‍സുമായി ഗില്‍ മൂന്നാം സ്ഥാനത്തായിരുന്നു. ഓസീസ് ബാറ്റര്‍ ട്രാവിസ് ഹെഡിനെയും ഇംഗ്ലണ്ട് ഇതിഹാസം ജോ റൂട്ടിനെയും മറികടന്നാണ് ഇന്ത്യന്‍ നായകന്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. ഹെഡിന് 1009 റണ്‍സും റൂട്ടിന് 980 റണ്‍സുമാണുള്ളത്.

2025ന് ശേഷം ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങള്‍

(താരം – ടീം – ഇന്നിങ്സ് – റണ്‍സ് എന്നീ ക്രമത്തില്‍)

ശുഭ്മന്‍ ഗില്‍ – ഇന്ത്യ – 17 – 1109

ട്രാവിസ് ഹെഡ് – ഓസ്‌ട്രേലിയ – 22 – 1009

ജോ റൂട്ട് – ഇംഗ്ലണ്ട് – 20 – 980

ഹാരി ബ്രൂക്ക് – ഇംഗ്ലണ്ട് – 16 – 953

കെ.എല്‍. രാഹുല്‍ – ഇന്ത്യ – 15 – 913

ഇന്ത്യന്‍ നിരയില്‍ ഗില്ലിന് പുറമെ കെ.എല്‍ രാഹുലും സെഞ്ച്വറി നേടി. 165 പന്തില്‍ 100 റണ്‍സാണ് താരം നേടിയത്. ഒപ്പം 104 പന്തില്‍ 81 റണ്‍സെടുത്ത സായ് സുദര്‍ശനും 121 പന്തില്‍ 81 റണ്‍സ് നേടിയ റിഷബ് പന്തും തിളങ്ങി. യശസ്വി ജെയ്സ്വാള്‍ (32 പന്തില്‍ 24), ധ്രുവ് ജുറെല്‍ (20 പന്തില്‍ 19) എന്നിവരെയും ഇന്ത്യയ്ക്ക് നഷ്ടമായിട്ടുണ്ട്.

കെ.എൽ രാഹുൽ. Photo: BCCI/x.com

അഫ്ഗാനായി മുഹമ്മദ് സലിം നാല് വിക്കറ്റുകള്‍ വീഴ്ത്തി. ഹസ്മത്തുള്ള ഷാഹിദിയും സിയാവുര്‍ റഹ്‌മാനും ഓരോ വിക്കറ്റുകള്‍ വീതവും നേടി.

Content Highlight: Ind vs Afg: Shubhman Gill tops the list of batters with most Test Runs since 2025 by surpassing Joe Root and Travis Head

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more