ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള ഏക ടെസ്റ്റ് മത്സരം മുല്ലാന്‍പ്പൂര്‍ സ്റ്റേഡിയത്തില്‍ നടക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റ് ചെയ്യാനാണ് തീരുമാനിച്ചത്. നിലവില്‍ മത്സരത്തിലെ ആദ്യ ദിനം അവസാനിച്ചപ്പോള്‍ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 368 റണ്‍സ് എടുത്തിട്ടുണ്ട്. സെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും അര്‍ധ സെഞ്ച്വറിയുമായി റിഷബ് പന്തുമാണ് ക്രീസിലുള്ളത്.
നിലവില്‍ 143 പന്തുകളില്‍ നിന്ന് 103 റണ്‍സാണ് ഗില്ലിന്റെ സമ്പാദ്യം. ഒരു സിക്സും 11 ഫോറും അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിങ്സ്. ഇത് താരത്തിന്റെ 11ാം ടെസ്റ്റ് സെഞ്ച്വറിയാണ്.
ശുഭ്മന്‍ ഗിൽ. Photo: BCCI/x.com
ഈ ഇന്നിങ്സോടെ ഗില്‍ ക്യാപ്റ്റന്‍ എന്ന നിലയില്‍ 1000 ടെസ്റ്റ് റണ്‍സ് എന്ന നാഴികക്കല്ലും പിന്നിട്ടിട്ടുണ്ട്. ഒപ്പം ഒരു നേട്ടവും താരം സ്വന്തമാക്കി. ടെസ്റ്റില്‍ ഏറ്റവും വേഗത്തില്‍ 1000 റണ്‍സ് പൂര്‍ത്തിയാക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ ക്യാപ്റ്റന്‍ എന്ന നേട്ടമാണ് താരം കൈപിടിയിലൊതുക്കിയത്.
15 ഇന്നിങ്‌സില്‍ ആയിരമടിച്ചാണ് ഗില്ലിന്റെ ഈ നേട്ടം. സുനില്‍ ഗവാസ്‌കറാണ് ഈ നേട്ടത്തില്‍ ഒന്നാമത്. വെറും 14 ഇന്നിങ്‌സില്‍ കളിച്ചായിരുന്നു മുന്‍ നായകന്‍ 1000 റണ്‍സ് പൂര്‍ത്തിയാക്കിയത്.
കൂടാതെ, ഏറ്റവും കുറഞ്ഞ കാലയളവില്‍ 1000 റണ്‍സ് നേടുന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ നേട്ടവും ഗില്‍ തന്റെ പേരിലാക്കി. വെറും 351 ദിവസങ്ങള്‍ക്കുള്ളിലാണ് താരം ഈ നാഴികക്കല്ല് പിന്നിട്ടത്.
കെ.എൽ രാഹുൽ. Photo: BCCI/x.com
അതേസമയം, മത്സരത്തില്‍ പന്ത് 70 പന്തുകള്‍ നേരിട്ട് 50 റണ്‍സാണ് നേടിയത്. ഇന്ത്യയ്ക്ക് കെ.എല്‍ രാഹുല്‍, സായ് സുദര്‍ശന്‍, യശസ്വി ജെയ്സ്വാള്‍ എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടമായിട്ടുണ്ട്. രാഹുല്‍ 165 പന്തില്‍ 100 റണ്‍സും സായ് 104 പന്തില്‍ 81 റണ്‍സുമാണ് സ്‌കോര്‍ ചെയ്തത്.
ജെയ്സ്വാള്‍ 32 പന്തില്‍ 24 റണ്‍സും നേടി. അഫ്ഗാനിസ്ഥാന് വേണ്ടി മുഹമ്മദ് സലീം രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ സയ്യൂര്‍ റഹ്‌മാന്‍ ഒരു വിക്കറ്റും പിഴുതു.
Content Highlight: Ind vs Afg: Shubhman Gill became quickest and second fastest Indian captain to complete 1000 Test runs