| Monday, 8th June 2026, 10:49 am

ഇന്ത്യക്കെതിരെ ചരിത്രം കുറിച്ച് റഹ്‌മത്; ഇവന്‍ അഫ്ഗാന്റെ പുപ്പുലി!

ഫസീഹ പി.സി.

ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള വണ്‍ ഓഫ് ടെസ്റ്റ് മുല്ലാന്‍പ്പൂരില്‍ നടക്കുകയാണ്. മൂന്നാം ദിവസം ബാറ്റ് ചെയ്യുന്ന അഫ്ഗാന്‍ 54 ഓവറുകള്‍ പിന്നിടുമ്പോള്‍ ആറിന് 136 റണ്‍സെടുത്തിട്ടുണ്ട്. അര്‍ധ സെഞ്ച്വറി നേടിയ റഹ്‌മത് ഷായും 26 പന്തില്‍ 10 റണ്‍സെടുത്ത ഷറഫുദ്ദിന്‍ അഷ്‌റഫുമാണ് ക്രീസിലുള്ളത്.

റഹ്‌മത്തിന്റെ കരുത്തിലാണ് അഫ്ഗാന്‍ മുന്നോട്ട് പോകുന്നത്. താരം ഇതുവരെ 128 പന്തുകള്‍ നേരിട്ട് 55 റണ്‍സാണ് സ്‌കോര്‍ ചെയ്തത്. ഒരു സിക്സറും എട്ട് ഫോറുകളും അടക്കമാണ് ഓള്‍റൗണ്ടറുടെ ഇന്നിങ്സ്. ഇത് താരത്തിന്റെ ടെസ്റ്റിലെ ആറാം അര്‍ധ സെഞ്ച്വറിയാണ്.

ഇതോടെ ഒരു സൂപ്പര്‍ നേട്ടവും റഹ്‌മത് സ്വന്തമാക്കി. ഇന്ത്യക്കെതിരെ ടെസ്റ്റില്‍ അര്‍ധ സെഞ്ച്വറി നേടുന്ന ആദ്യ അഫ്ഗാന്‍ ബാറ്റര്‍ എന്ന നേട്ടമാണ് താരം കുറിച്ചത്. ഇതുവരെ ഈ ഫോര്‍മാറ്റില്‍ മറ്റാര്‍ക്കും ഈ നേട്ടം സ്വന്തമാക്കാന്‍ സാധിച്ചിരുന്നില്ല. അതാണിപ്പോള്‍ ഓള്‍ റൗണ്ടര്‍ തന്റെ പേരില്‍ എഴുതിയത്.

റഹ്മത് ഷാ. Photo: Afghanistan Cricket Board/x.com

ഹഷ്മത്തുള്ള ഷാഹിദി (48 പന്തില്‍ 20), സെദിഖുള്ള അടല്‍ (27 പന്തില്‍ 17), അബ്ദുല്‍ മാലിക് (18 പന്തില്‍ 16), റഹ്‌മത്തുള്ള ഗുര്‍ബാസ് (40 പന്തില്‍ 12), അഫ്‌സര്‍ സസായ് (26 പന്തില്‍ മൂന്ന്), അസ്മത്തുള്ള ഒമര്‍സായ് (പത്ത് പന്തില്‍ പൂജ്യം) എന്നിവരെ അഫ്ഗാനിസ്ഥാന് നഷ്ടമായിട്ടുണ്ട്.

ഇന്ത്യയ്ക്ക് വേണ്ടി മാനവ് സുതറും പ്രസിദ്ധ് കൃഷ്ണയും മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തി.

നേരത്തെ, ആദ്യം ബാറ്റ് ചെയ്ത ഇന്ത്യന്‍ എട്ട് വിക്കറ്റിന് 564 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്തിരുന്നു. രണ്ട് സെഞ്ച്വറികളുടെയും മൂന്ന് അര്‍ധ സെഞ്ച്വറികളുടെയും കരുത്തിലാണ് ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ കൂറ്റന്‍ സ്‌കോര്‍ ഉയര്‍ത്തിയത്.

ശുഭ്മൻ ഗില്ലും കെ.എൽ രാഹുലും. Photo: BCCI/x.com

ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ 177 പന്തില്‍ 126 റണ്‍സെടുത്തപ്പോള്‍ കെ.എല്‍ രാഹുല്‍ 165 പന്തില്‍ 100 റണ്‍സുമാണ് നേടി തിളങ്ങി. ഇവര്‍ക്കൊപ്പം സായി സുദര്‍ശന്‍ (104 പന്തില്‍ 81) റിഷബ് പന്ത് (121 പന്തില്‍ 81) വാഷിങ്ടണ്‍ സുന്ദര്‍ (68 പന്തില്‍ 52*) എന്നിവര്‍ സംഭാവന ചെയ്തു.

അഫ്ഗാന്‍ നിരയില്‍ ആറ് വിക്കറ്റുകള്‍ വീഴ്ത്തിയ മുഹമ്മദ് സലീമാണ് തിളങ്ങിയത്. ഒപ്പം ഹസ്മത്തുള്ള ഷാഹിദിയും സിയാവുര്‍ റഹ്‌മാനും ഓരോ വിക്കറ്റുകള്‍ വീതവും സ്വന്തമാക്കി.

Content Highlight: Ind vs Afg: Rahmat Shah became first Afganisthan batter to score fifty against India in Tests

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more