ഇന്ത്യ – അഫ്ഗാനിസ്ഥാന്‍ ടി-20 പരമ്പര ക്ലീന്‍ സ്വീപ് ചെയ്ത് ഇന്ത്യ. ദല്‍ഹി അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടന്ന മൂന്നാം മത്സരത്തില്‍ 127 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം നേടിയാണ് ഇന്ത്യ 3-0ന് പരമ്പര സ്വന്തമാക്കിയത്.
ഇന്ത്യ ഉയർത്തിയ 222 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ അഫ്ഗാനിസ്ഥാന്‍ 94 റണ്‍സിന് പുറത്താവുകയായിരുന്നു.
മത്സരത്തില്‍ ടോസ് നേടിയ അഫ്ഗാനിസ്ഥാന്‍ ഇന്ത്യയെ ബാറ്റിങ്ങിനയച്ചു. ആദ്യ വിക്കറ്റില്‍ അഭിഷേക് ശര്‍മയും സഞ്ജു സാംസണും ഒരുപോലെ തിളങ്ങിയപ്പോള്‍ ഇന്ത്യ കൂറ്റന്‍ സ്‌കോറിലേക്ക് നീങ്ങുമെന്ന് ആരാധകര്‍ ഉറപ്പിച്ചു.
ഒരു വശത്ത് നിന്ന് അഭിഷേക് സ്വതസിദ്ധമായ രീതിയില്‍ കൂറ്റനടി തുടര്‍ന്നപ്പോള്‍ മറുവശത്ത് വിക്കറ്റ് നഷ്ടപ്പെടാതെയും അതേസമയം സ്‌ട്രൈക് റേറ്റ് കുറയാതെയുമാണ് സഞ്ജു ബാറ്റ് വീശിയത്.
പവര്‍പ്ലേ അവസാനിച്ചപ്പോള്‍ തന്നെ സ്‌കോര്‍ ബോര്‍ഡില്‍ നൂറ് റണ്‍സ് കൂട്ടിച്ചേര്‍ത്ത ഇരുവരും ആദ്യ വിക്കറ്റില്‍ 142 റണ്‍സിന്റെ കൂട്ടുകെട്ടും പടുത്തുയര്‍ത്തി.
അഭിഷേക് ശര്‍മയെ റഹ്മാനുള്ള ഗുര്‍ബാസിന്റെ കൈകളിലെത്തിച്ച് റാഷിദ് ഖാനാണ് കൂട്ടുകെട്ട് പൊളിച്ചത്. 34 പന്തില്‍ 108 റണ്‍സുമായാണ് അഭിഷേക് തിരിച്ചുനടന്നത്. 11 സിക്‌സറും ഒമ്പത് ഫോറും അടക്കം 317.65 സ്‌ട്രൈക് റേറ്റിലായിരുന്നു അഭിഷേകിന്റെ പ്രകടനം.
പിന്നാലെയെത്തിയ തിലക് വര്‍മ അഞ്ച് പന്തില്‍ രണ്ട് റണ്‍സുമായി റണ്‍ ഔട്ടായി മടങ്ങി.
ടീം സ്‌കോര്‍ 164ല്‍ നില്‍ക്കവെ മൂന്നാം വിക്കറ്റായാണ് സഞ്ജു മടങ്ങിയത്. രണ്ട് ഫോറും നാല് സിക്‌സറും അടക്കം 35 പന്തില്‍ 50 റണ്‍സുമായാണ് താരം പുറത്തായത്.
ശ്രേയസ് അയ്യര്‍ (20 പന്തില്‍ 29), ശിവം ദുബെ (പത്ത് പന്തില്‍ 14), ഇഷാന്‍ കിഷന്‍ (എട്ട് പന്തില്‍ പത്ത്) എന്നിവരാണ് ഇന്ത്യന്‍ നിരയില്‍ ഇരട്ടയക്കം കണ്ട മറ്റ് താരങ്ങള്‍.
ഒടുവില്‍ നിശ്ചിത ഓവറില്‍ ഇന്ത്യ ഏഴിന് 221ലെത്തി.
അഫ്ഗാനിസ്ഥാനായി അസ്മത്തുള്ള ഒമര്‍സായ് രണ്ട് വിക്കറ്റും അബ്ദുള്ള അഹമ്മദ്‌സായ്, റാഷിദ് ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാനിസ്ഥാനും മോശമല്ലാത്ത തുടക്കമാണ് ലഭിച്ചത്. ആദ്യ വിക്കറ്റില്‍ 31 റണ്‍സുമായി ഓപ്പണര്‍മാര്‍ അടിത്തറയൊരുക്കിയെങ്കിലും നാലാം ഓവറില്‍ ഇരട്ട വിക്കറ്റുമായി അക്‌സര്‍ പട്ടേല്‍ ഇന്ത്യയ്ക്കാവശ്യമായ ബ്രേക്ക്ത്രൂ നല്‍കി.
നാലാം ഓവറിലെ ആദ്യ പന്തില്‍ റഹ്മാനുള്ള ഗുര്‍ബാസിനെ (11 പന്തില്‍ 15) പുറത്താക്കിയ അക്‌സര്‍, ഓവറിലെ അവസാന പന്തില്‍ സെദ്ദിഖുള്ള അടലിനെയും (മൂന്ന് പന്തില്‍ ഒന്ന്) മടക്കി.
ഡാര്‍വിഷ് റസൂലിയെ ക്ലീന്‍ ബൗള്‍ഡാക്കി ജസ്പ്രീത് ബുംറയും അഫ്ഗാനെ സമ്മര്‍ദത്തിലേക്ക് തള്ളിയിട്ടു.
യാഷ് താക്കൂര്‍, ജസ്പ്രീത് ബുംറ, നിതീഷ് കുമാര്‍ റെഡ്ഡിയെന്നിവര്‍ കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തിയതോടെ അഫ്ഗാന്‍ തോല്‍വിയിലേക്ക് വീഴാന്‍ ആരംഭിച്ചു.
ഒടുവില്‍ 94 റണ്‍സിന് അഫ്ഗാനിസ്ഥാന്‍ ഓള്‍ ഔട്ടായി.
16 പന്തില്‍ 25 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ഇബ്രാഹിം സദ്രാനാണ് അഫ്ഗാനിസ്ഥാന്റെ ടോപ്പ് സ്‌കോറര്‍.
ഇന്ത്യയ്ക്കായി നിതീഷ് കുമാര്‍ റെഡ്ഡിയും രവി ബിഷ്‌ണോയിയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. അക്‌സര്‍ പട്ടേല്‍ രണ്ട് അഫ്ഗാന്‍ താരങ്ങളെ മടക്കിയപ്പോള്‍ ജസ്പ്രീത് ബുംറയും യാഷ് താക്കൂറും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Content highlight: IND vs AFG: India won 3rd T20I, clean sweeps the series