| Sunday, 13th September 2026, 10:31 pm

റണ്ണഭിഷേകത്തില്‍ മുട്ടുമടക്കി അഫ്ഗാന്‍ സിംഹങ്ങള്‍; ദല്‍ഹിയില്‍ ഇന്ത്യന്‍ കൊടുങ്കാറ്റ്; ജയം, മുമ്പില്‍

ആദർശ് എം.കെ.

അഫ്ഗാനിസ്ഥാന്റെ ഇന്ത്യന്‍ പര്യടനത്തിലെ ആദ്യ ടി-20യില്‍ വിജയവുമായി ആതിഥേയര്‍. ദല്‍ഹി അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിനാണ് ഇന്ത്യയുടെ വിജയം.

അഫ്ഗാനിസ്ഥാന്‍ ഉയര്‍ത്തിയ 157 റണ്‍സിന്റെ വിജയലക്ഷ്യം 38 പന്ത് ശേഷിക്കെ ഇന്ത്യ മറികടക്കുകയായിരുന്നു. അഭിഷേക് ശര്‍മയുടെ വെടിക്കെട്ടാണ് ഇന്ത്യയ്ക്ക് അനായാസ വിജയം സമ്മാനിച്ചത്.

ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരത്തിന് പിന്നാലെ ഇന്ത്യ 1-0ന് മുമ്പിലെത്തി.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാനിസ്ഥാന് തുടക്കം പാളിയിരുന്നു. ഏഴ് ഓവറില്‍ 43 റണ്‍സ് കൂട്ടിച്ചേര്‍ക്കും മുമ്പ് അഞ്ച് മുന്‍നിര വിക്കറ്റുകള്‍ അഫ്ഗാനിസ്ഥാന് നഷ്ടപ്പെട്ടിരുന്നു.

വിക്കറ്റ് കീപ്പര്‍ റഹ്മാനുള്ള ഗുര്‍ബാസിനെ സില്‍വര്‍ ഡക്കാക്കി മടക്കി സറ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയാണ് വേട്ട തുടങ്ങിയത്. പിന്നാലെ ക്യാപ്റ്റന്‍ ഇബ്രാഹിം സദ്രാന്‍ (പത്ത് പന്തില്‍ 11), സെദ്ദിഖുള്ള അടല്‍ (13 പന്തില്‍ 13), ഗുല്‍ബദീന്‍ നായിബ് (ആറ് പന്തില്‍ രണ്ട്), ഡാര്‍വിഷ് റസൂലി (ആറ് പന്തില്‍ രണ്ട്) എന്നിവരുടെ വിക്കറ്റുകളാണ് ടീമിന് നഷ്ടപ്പെട്ടത്.

എന്നാല്‍ ആറാം വിക്കറ്റില്‍ അഫ്ഗാന്‍ ലെജന്‍ഡ് മുഹമ്മദ് നബിയെ ഒപ്പം കൂട്ടി അസ്മത്തുള്ള ഒമര്‍സായ് അഫ്ഗാനെ വന്‍ തകര്‍ച്ചയില്‍ നിന്നും കരകയറ്റി. ഇരുവരും ചേര്‍ന്ന് പടുത്തുയര്‍ത്തിയ 83 റണ്‍സിന്റെ കൂട്ടുകെട്ടാണ് സന്ദര്‍ശകര്‍ക്ക് തുണയായത്.

ടീം സ്‌കോര്‍ 126ല്‍ നില്‍ക്കവെ ആറാം വിക്കറ്റായി മുഹമ്മദ് നബിയെ മടക്കി അര്‍ഷ്ദീപ് സിങ് ഇന്ത്യയ്ക്കാവശ്യമായ ബ്രേക് ത്രൂ നല്‍കി. 27 പന്തില്‍ 33 റണ്‍സ് നേടിയാണ് താരം കളം വിട്ടത്.

നബി പുറത്തായെങ്കിലും ഒമര്‍സായ് ടീമിനെ താങ്ങിനിര്‍ത്തി. ഒടുവില്‍ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റിന് അഫ്ഗാന്‍ 156ലെത്തി.

44 പന്തില്‍ പുറത്താകാതെ 64 റണ്‍സാണ് ഒമര്‍സായ് നേടിയത്. നാല് വീതം സിക്‌സറും ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.

മൂന്ന് പന്തില്‍ ഒമ്പത് റണ്‍സുമായി മുജീബ് ഉര്‍ റഹ്മാനും സ്‌കോര്‍ 150 കടത്തുന്നതില്‍ നിര്‍ണായകമായി.

അവസാന ഓവറില്‍ ശിവം ദുബെ വഴങ്ങിയ 21 റണ്‍സാണ് അഫ്ഗാനെ മോശമല്ലാത്ത നിലയിലെത്തിച്ചത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് മൂന്നാം ഓവറിലെ ആദ്യ പന്തില്‍ തന്നെ സഞ്ജുവിന്റെ വിക്കറ്റ് നഷ്ടമായി. എട്ട് പന്തില്‍ പത്ത് റണ്‍സാണ് സഞ്ജുവിന് നേടാന്‍ സാധിച്ചത്.

എന്നാല്‍ മൂന്നാമനായി ക്രീസിലെത്തിയ ഇഷാന്‍ കിഷനെ ഒപ്പം കൂട്ടി അഭിഷേക് ബാറ്റിലൊളിപ്പിച്ച കൊടുങ്കാറ്റഴിച്ചുവിട്ടു. പത്ത് ഓവറില്‍ സ്‌കോര്‍ 130ലെത്തിച്ച ഇരുവരും സെഞ്ച്വറി കൂട്ടുകെട്ടും പടുത്തുയര്‍ത്തി.

22 പന്തില്‍ ഫിഫ്റ്റി പൂര്‍ത്തിയാക്കിയാണ് അഭിഷേക് ശര്‍മ അഫ്ഗാന് മേല്‍ ആളിപ്പടര്‍ന്നത്.

11ാം ഓവറിലെ അവസാന പന്തില്‍ പുറത്താകും മുമ്പ് 32 പന്തില്‍ 82 റണ്‍സാണ് താരം അടിച്ചെടുത്തത്. ഏഴ് വീതം സിക്‌സറും ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.

33 പന്തില്‍ 42 റണ്‍സുമായാണ് ഇഷാന്‍ കിഷന്‍ അഭിഷേകിന് പിന്തുണ നല്‍കിയത്. അഞ്ച് ഫോറും ഒരു സിക്‌സറുമാണ് താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നത്.

ശേഷം, ക്യാപ്റ്റന്‍ ശ്രേയസ് അയ്യരും വൈസ് ക്യാപ്റ്റനും ചേര്‍ന്ന് ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു.

സെപ്റ്റംബര്‍ 15നാണ് പരമ്പരയിലെ രണ്ടാം മത്സരം. ദല്‍ഹി തന്നെയാണ് വേദി.

Content Highlight: IND vs AFG: India defeated Afghanistan

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more