ഇന്ത്യ – അഫ്ഗാനിസ്ഥാന്‍ ടി-20 പരമ്പരയിലെ മൂന്നാം മത്സരത്തിലും വിജയം സ്വന്തമാക്കിയ ഇന്ത്യ പരമ്പര ക്ലീന്‍ സ്വീപ് ചെയ്തിരിക്കുകയാണ്. ദല്‍ഹി അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 127 റണ്‍സിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.
ഇന്ത്യ ഉയര്‍ത്തിയ 222 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ അഫ്ഗാനിസ്ഥാന്‍ 94 റണ്‍സിന് പുറത്താവുകയായിരുന്നു.
സൂപ്പര്‍ താരം അഭിഷേക് ശര്‍മയുടെ സെഞ്ച്വറി കരുത്തിലാണ് ഇന്ത്യ മികച്ച സ്‌കോറിലെത്തിയത്. നേരിട്ട 30ാം പന്തില്‍ സെഞ്ച്വറി നേടിയ താരം 34 പന്തില്‍ 108 റണ്‍സുമായാണ് കളം വിട്ടത്.
11 സിക്‌സറും ഒമ്പത് ഫോറും അടക്കം 317.65 എന്ന വെടിക്കെട്ട് സ്‌ട്രൈക് റേറ്റിലാണ് താരം സ്‌കോര്‍ ചെയ്തത്. അതായത് ബൗണ്ടറികളില്‍ നിന്ന് മാത്രം അടിച്ചെടുത്തത് 102 റണ്‍സ്!
ഇതോടെ ഇന്ത്യയ്ക്കായി ഒരു ടി-20ഐ മത്സരത്തില്‍ ബൗണ്ടറികളില്‍ നിന്ന് മാത്രമായി ഏറ്റവുമധികം റണ്‍സ് നേടിയ താരങ്ങളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്താനും അഭിഷേകിന് സാധിച്ചു. രോഹിത് ശര്‍മ ഒന്നാമതുള്ള ലിസ്റ്റില്‍ അഭിഷേക് ശര്‍മ തന്നെയാണ് രണ്ടാമനും.
(താരം – എതിരാളികള്‍ – ബൗണ്ടറികളില്‍ നിന്നുള്ള റണ്‍സ്, ബ്രാക്കറ്റില്‍ ആകെ റണ്‍സ് എന്നീ ക്രമത്തില്‍)
രോഹിത് ശര്‍മ – ശ്രീലങ്ക – 108 (118)
അഭിഷേക് ശര്‍മ – ഇംഗ്ലണ്ട് – 106 (135)
അഭിഷേക് ശര്‍മ – അഫ്ഗാനിസ്ഥാന്‍ – 102 (108)*
തിലക് വര്‍മ – സൗത്ത് ആഫ്രിക്ക – 96 (120)
ഋതുരാജ് ഗെയ്ക്വാദ് – ഓസ്‌ട്രേലിയ – 94 (123)
സഞ്ജു സാംസണ്‍ – ബംഗ്ലാദേശ് – 92 (111)
സൂര്യകുമാര്‍ യാദവ് – ഇംഗ്ലണ്ട് – 92 (117)
രോഹിത് ശര്‍മ – അഫ്ഗാനിസ്ഥാന്‍ 92 – (121)
ശുഭ്മന്‍ ഗില്‍ – ന്യൂസിലാന്‍ഡ് – 90 (126)
അതേസമയം, മത്സരത്തില്‍ അഭിഷേകിന് പുറമെ സഞ്ജു സാംസണും തിളങ്ങിയിരുന്നു. രണ്ട് ഫോറും നാല് സിക്‌സറും അടക്കം 35 പന്തില്‍ 50 റണ്‍സുമായാണ് താരം പുറത്തായത്.
ശ്രേയസ് അയ്യര്‍ (20 പന്തില്‍ 29), ശിവം ദുബെ (പത്ത് പന്തില്‍ 14), ഇഷാന്‍ കിഷന്‍ (എട്ട് പന്തില്‍ പത്ത്) എന്നിവരാണ് ഇന്ത്യന്‍ നിരയില്‍ ഇരട്ടയക്കം കണ്ട മറ്റ് താരങ്ങള്‍.
ഒടുവില്‍ നിശ്ചിത ഓവറില്‍ ഇന്ത്യ ഏഴിന് 221ലെത്തി.
അഫ്ഗാനിസ്ഥാനായി അസ്മത്തുള്ള ഒമര്‍സായ് രണ്ട് വിക്കറ്റും അബ്ദുള്ള അഹമ്മദ്‌സായ്, റാഷിദ് ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാനിസ്ഥാനും മോശമല്ലാത്ത തുടക്കം ലഭിച്ചെങ്കിലും തുടര്‍ച്ചയായി വിക്കറ്റ് വീണത് തിരിച്ചടിയായി.
ആദ്യ വിക്കറ്റില്‍ 31 റണ്‍സുമായി ഓപ്പണര്‍മാര്‍ അടിത്തറയൊരുക്കിയെങ്കിലും നാലാം ഓവറില്‍ ഇരട്ട വിക്കറ്റുമായി അക്‌സര്‍ പട്ടേലാണ് വേട്ടയാരംഭിച്ചത്.
നാലാം ഓവറിലെ ആദ്യ പന്തില്‍ റഹ്മാനുള്ള ഗുര്‍ബാസിനെ പുറത്താക്കിയ അക്‌സര്‍, ഓവറിലെ അവസാന പന്തില്‍ സെദ്ദിഖുള്ള അടലിനെയും മടക്കി.
ഡാര്‍വിഷ് റസൂലിയെ ക്ലീന്‍ ബൗള്‍ഡാക്കി ജസ്പ്രീത് ബുംറയും അഫ്ഗാനെ സമ്മര്‍ദത്തിലേക്ക് തള്ളിയിട്ടു. ഒപ്പം യാഷ് താക്കൂര്‍, നിതീഷ് കുമാര്‍ റെഡ്ഡിയെന്നിവര്‍ കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തിയതോടെ അഫ്ഗാന്‍ തോല്‍വിയിലേക്ക് വീഴാന്‍ ആരംഭിച്ചു.
ഒടുവില്‍ 94 റണ്‍സിന് അഫ്ഗാനിസ്ഥാന്‍ ഓള്‍ ഔട്ടായി.
16 പന്തില്‍ 25 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ഇബ്രാഹിം സദ്രാനാണ് അഫ്ഗാനിസ്ഥാന്റെ ടോപ്പ് സ്‌കോറര്‍.
ഇന്ത്യയ്ക്കായി നിതീഷ് കുമാര്‍ റെഡ്ഡിയും രവി ബിഷ്‌ണോയിയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. അക്‌സര്‍ പട്ടേല്‍ രണ്ട് അഫ്ഗാന്‍ താരങ്ങളെ മടക്കിയപ്പോള്‍ ജസ്പ്രീത് ബുംറയും യാഷ് താക്കൂറും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
Content Highlight: IND vs AFG: Abhishek Sharma scored 102 out of 108 runs through boundaries