| Saturday, 1st November 2025, 6:55 pm

തിരിച്ച് വരവിൽ ഫയറായി പന്ത്; ഫിഫ്‌റ്റിയിൽ ഇന്ത്യയ്ക്ക് പ്രതീക്ഷ

സ്പോര്‍ട്സ് ഡെസ്‌ക്

ദക്ഷിണാഫ്രിക്ക എക്കെതിരായ മൾട്ടി ഡേ ടെസ്റ്റിലെ രണ്ടാം ഇന്നിങ്സിൽ തിളങ്ങി റിഷബ് പന്ത്. മൂന്നാം ദിനം ബാറ്റിങ് അവസാനിക്കുമ്പോൾ പന്ത് അർധ സെഞ്ച്വറിയുമായി ബാറ്റിങ് തുടരുന്നത്. ഒപ്പം മറുവശത്ത് റൺസൊന്നും നേടാതെ ആയുഷ് ബദോനിയുമുണ്ട്.

നിലവിൽ ഇന്ത്യ എ നാല് വിക്കറ്റിന് 119 റൺസ് എന്ന നിലയിലാണ്. 275 റൺസാണ് ഇന്ത്യയുടെ വിജയലക്ഷ്യം. ജയിക്കാൻ ടീമിന് അവസാന ദിവസം 156 റൺസ് നേടേണ്ടതുണ്ട്. അതിനാൽ തന്നെ എല്ലാ പ്രതീക്ഷയും ക്യാപ്റ്റൻ പന്തിലായിരിക്കും.

സൗത്ത് ആഫ്രിക്ക ഉയർത്തിയ 275 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യക്ക് നാലാം ഇന്നിങ്സിന്റെ തുടക്കത്തിൽ തന്നെ തിരിച്ചടി ഏറ്റിരുന്നു. സ്കോർ ബോർഡിൽ 19 റൺസ് ചേർത്തപ്പോഴേക്കും രണ്ട് താരങ്ങളെ നഷ്ടമായിരുന്നു. മൂന്നാം ഓവറിൽ ആയുഷ് മാഹ്ത്രെയും മൂന്ന് ഓവറുകൾക്ക് ശേഷം ദേവ് ദത്ത് പടിക്കലും മടങ്ങി. അഞ്ച്, ആറ് റൺസ് യഥാക്രമം നേടിയിരുന്നു ഇരുവരുടെയും മടക്കം.

പിന്നാലെ എത്തിയ രജത് പടിദാറും സായ് സുദർശനും ടീമിന് മുതൽകൂട്ടാവാൻ ശ്രമം നടത്തിയെങ്കിലും ഏറെ വൈകാതെ ഈ സഖ്യം പിരിഞ്ഞു. ഇരുവരും 13 റൺസ് ചേർത്തപ്പോഴായിരുന്നു സായ് 12 റൺസുമായി മടങ്ങിയത്. അതോടെ ഇന്ത്യ മൂന്നിന് 32 എന്ന നിലയിലായി.

ശേഷം ക്രീസിലെത്തിയ പന്ത് പടിദാറുമായി ചേർന്ന് ഇന്ത്യയ്ക്ക് പുതുജീവൻ നൽകി. ഇരുവരും 87 റൺസാണ് സ്കോർ ബോർഡിലേക്ക് ചേർത്തത്. 87 പന്തിൽ നിന്ന് 28 റൺസെടുത്ത പടിദാർ മടങ്ങിയതോടെയാണ് ഈ സഖ്യം പിരിഞ്ഞത്. താരത്തിന്റെ വിക്കറ്റ് വീണതിന് ശേഷം മൂന്ന് ഓവറുകൾ കൂടി കഴിഞ്ഞ് മൂന്നാം ദിനം അവസാനിച്ചു.

81 പന്തുകളിൽ 64 റൺസുമായാണ് ക്രീസിലുള്ളത്. ഒപ്പം ആറ് പന്തിൽ ഒരു റണ്ണൊന്നുമില്ലാതെ ബദോനിയുമുണ്ട്. ഇരുവരുമാണ് നാളെ ഇന്ത്യയുടെ ബാറ്റിങ് പുനരാംരഭിക്കുക.

നേരത്തെ വിക്കറ്റ് നഷ്ടമില്ലാതെ 30 എന്ന നിലയിലാണ് സൗത്ത് ആഫ്രിക്ക എ മൂന്നാം ദിനം ബാറ്റിങ് ആരംഭിച്ചത്. എന്നാൽ, ഇന്ത്യ 49ാം ഓവറിൽ തന്നെ എതിരാളികളെ 199 റൺസിന് ഓൾ ഔട്ടാക്കി. 37 റൺസ് വീതമെടുത്ത സുബൈർ ഹംസയും ലെസെഗോ സെനോക്വാനെയുമാണ് സൗത്ത് ആഫ്രിക്കക്കായി മികച്ച പ്രകടനം നടത്തിയത്.

ഇന്ത്യ എക്കായി തനുഷ് കൊടിയാനും അന്‍ഷുല്‍ കാംബോജുമാണ് തിളങ്ങിയത്. കൊടിയാൻ നാലും കാംബോജ് മൂന്നും വിക്കറ്റുകൾ വീഴ്ത്തി. കൂടാതെ, ഗുര്‍നൂര്‍ ബ്രാര്‍ രണ്ട് വിക്കറ്റെടുത്തപ്പോൾ മാനവ് സുതാർ ഒരു വിക്കറ്റും സ്വന്തമാക്കി.

Content Highlight: Ind A vs SA A: Rishabh Pant scored fifty in multi day test against South Africa  A

We use cookies to give you the best possible experience. Learn more