തിരുവനന്തപുരം: നോര്‍ക്ക കെയര്‍ 2026-27 പദ്ധതിയില്‍ പുതുതായി ഏര്‍പ്പെടുത്തിയ പ്രായാധിഷ്ഠിത പ്രീമിയം സംവിധാനം പ്രവാസികള്‍ക്ക് അതിഭീമമായ സാമ്പത്തിക ബാധ്യതയാണ് സൃഷ്ടിക്കുന്നതെന്ന് പ്രവാസി ലീഗല്‍ സെല്‍ സംസ്ഥാന കമ്മിറ്റി. പ്രവാസികളെ പ്രതിസന്ധിയിലാക്കുന്ന പുതിയ നിരക്കുകള്‍ അടിയന്തരമായി പിന്‍വലിച്ച്, മുന്‍വര്‍ഷത്തെ ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള പ്രീമിയം രീതി തന്നെ തുടരണമെന്ന് സംഘടന പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
കഴിഞ്ഞ 2025-26 വര്‍ഷത്തില്‍ നോര്‍ക്ക ഐഡി ഉടമ, പങ്കാളി, രണ്ട് ആശ്രിതര്‍ എന്നിവരുള്‍പ്പെടെയുള്ള കുടുംബത്തിന് അഞ്ച് ലക്ഷം രൂപയുടെ ഹെല്‍ത്ത് കവറേജിന് 13,411 രൂപയായിരുന്നു പ്രീമിയം. എന്നാല്‍ പുതിയ നിരക്ക് പ്രകാരം 51-60 വയസുള്ളവര്‍ക്ക് 35,664 രൂപയും, 61-70 വയസിലുള്ളവര്‍ 44,718 രൂപയും നല്‍കേണ്ടി വരുന്നു.
ഇത് നിലവിലെ പ്രീമിയത്തേക്കാള്‍ 166 മുതല്‍ 233 ശതമാനം വരെയുള്ള വന്‍ വര്‍ധനവാണെന്ന് പ്രവാസി ലീഗല്‍ സെല്‍ ചൂണ്ടിക്കാട്ടി. പോളിസി പുതുക്കുന്നതുമായി ബന്ധപ്പെട്ട് കുറഞ്ഞത് 45 ദിവസം മുന്‍പെങ്കിലും അറിയിപ്പ് നല്‍കണമെന്ന വ്യവസ്ഥ നിലനില്‍ക്കെ, നിലവിലെ പോളിസി അവസാനിക്കാന്‍ കേവലം 4 ദിവസം മാത്രം ബാക്കിയുള്ളപ്പോഴാണ് പുതിയ നിരക്കുകള്‍ പ്രഖ്യാപിച്ചതെന്നും സംഘടന കുറ്റപ്പെടുത്തി.
ഒക്ടോബര്‍ 31-ന് നിലവിലെ പോളിസി അവസാനിക്കുകയും നവംബര്‍ ഒന്ന് മുതല്‍ പുതിയ സംവിധാനം പ്രാബല്യത്തില്‍ വരികയും ചെയ്യും. ഇത്രയും കുറഞ്ഞ സമയത്തിനുള്ളില്‍ പ്രവാസികള്‍ക്ക് മറ്റ് ഇന്‍ഷുറന്‍സ് മാര്‍ഗ്ഗങ്ങള്‍ പരിശോധിക്കാനോ കൃത്യമായ തീരുമാനമെടുക്കാനോ സാധിച്ചിട്ടില്ല.
പുതിയ പ്രീമിയം നിരക്കുകള്‍ നിശ്ചയിച്ചതിന്റെ അടിസ്ഥാനം, ക്ലെയിം അനുപാതം, ഇന്‍ഷുറന്‍സ് കമ്പനിയുടെ നിരക്ക് നിര്‍ദ്ദേശങ്ങള്‍ എന്നിവ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കാന്‍ അധികൃതര്‍ തയ്യാറാകണം.
ഒരു പ്രവാസിക്കും ഇന്‍ഷുറന്‍സ് തുടര്‍ച്ചയോ നിലവിലുള്ള അസുഖങ്ങള്‍ക്കുള്ള കവറേജോ നഷ്ടപ്പെടരുതെന്നും, ഈ വിഷയത്തില്‍ മുഖ്യമന്ത്രിയും നോര്‍ക്ക വകുപ്പും നോര്‍ക്ക റൂട്സും അടിയന്തരമായി ഇടപെടണമെന്നും പ്രവാസി ലീഗല്‍ സെല്‍ ആവശ്യപ്പെട്ടു.
Content Highlight: Increase in ‘Norka Care’ premiums deals a severe blow to expatriates; Pravasi Legal Cell demands withdrawal of new rates.