ധാക്ക: ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനക്കെതിരെ കൂടുതല്‍ കുറ്റങ്ങള്‍ ചുമത്തിയതായി റിപ്പോര്‍ട്ട്. അവാമി ലീഗ് സര്‍ക്കാരിനെതിരായ പ്രതിഷേധത്തിനിടെ കൂട്ടക്കൊലയ്ക്ക് പ്രേരണ നല്‍കിയെന്ന് ആരോപിച്ചാണ് നടപടി.
2024 ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ നടന്ന പ്രതിഷേധത്തിനിടെ ഷെയ്ഖ് ഹസീന കൂട്ടക്കൊലയ്ക്ക് പ്രേരിപ്പിച്ചെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.
പ്രതിഷേധക്കാര്‍ക്കെതിരെ ഹസീനയുടെ നിയന്ത്രണത്തിലുണ്ടായിരുന്ന സര്‍ക്കാര്‍ വ്യാപകമായി അക്രമം അഴിച്ചുവിട്ടിട്ടുണ്ടെന്ന് ചീഫ് പ്രോസിക്യൂട്ടര്‍ താജുല്‍ ഇസ്‌ലാം പറഞ്ഞു. കലാപം അടിച്ചമര്‍ത്താന്‍ എല്ലാ ഏജന്‍സികളെയും ഉപയോഗിച്ചതായും പ്രോസിക്യൂട്ടര്‍ ആരോപിച്ചു.
ഫെബ്രുവരി 12ന് ഐക്യരാഷ്ട്രസഭ പുറത്തുവിട്ട ഒരു റിപ്പോര്‍ട്ടില്‍, ബംഗ്ലാദേശില്‍ ജൂലൈ-ഓഗസ്റ്റ് മാസങ്ങളിലുണ്ടായ ആഭ്യന്തര കലഹത്തില്‍ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങള്‍ നടന്നതായി പറഞ്ഞിരുന്നു.
ഈ കാലയളവില്‍ കൊല്ലപ്പെട്ട 1400 പേരില്‍ ഭൂരിഭാഗവും ബംഗ്ലാദേശ് സുരക്ഷാ സേനയുടെ വെടിയേറ്റാണ് മരിച്ചതെന്നും അതില്‍ 15 ശതമാനത്തോളം കുട്ടികളാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. നിലവിൽ ഷെയ്ഖ് ഹസീനക്കെതിരായ വിചാരണകൾ ആരംഭിച്ചിട്ടുണ്ട്.
ആഭ്യന്തര സംഘര്‍ഷം രൂക്ഷമായതോടെ ഓഗസ്റ്റ് അഞ്ചിന് പ്രധാനമന്ത്രി സ്ഥാനം രാജിവെച്ച് ഹസീന രാജ്യം വിട്ടിരുന്നു. രാജ്യം വിട്ട ദിവസം മുതല്‍ ഷെയ്ഖ് ഹസീന ഇന്ത്യയില്‍ പ്രവാസത്തിലാണ്.
ജമാഅത്തെ ഇസ്‌ലാമി പാര്‍ട്ടിയുടെ വിദ്യാര്‍ത്ഥി വിഭാഗത്തിലെ അംഗങ്ങളുംഅടക്കം നടത്തിയ പ്രതിഷേധത്തെ തുടര്‍ന്നാണ് ഹസീന രാജിവെച്ചത്. തുടര്‍ന്ന് നോബല്‍ ജേതാവായ മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തില്‍ ബംഗ്ലാദേശില്‍ ഒരു ഇടക്കാല സര്‍ക്കാര്‍ ഭരണത്തിലേറുകയും ചെയ്തു.
ഇതിനിടെ ഏകദേശം 51 കേസുകളാണ് ഹസീനക്കെതിരെ ഫയല്‍ ചെയ്തത്. ഇതില്‍ 42 എണ്ണം കൊലപാതക കുറ്റങ്ങളാണ്. ഷെയ്ഖ് ഹസീനക്കെതിരെ അറസ്റ്റ് വാറണ്ടുകളും പുറപ്പെടുവിച്ചിട്ടുണ്ട്.
പാര്‍ട്ടി നേതാക്കളുടെ മേല്‍ ചുമത്തപ്പെട്ട യുദ്ധക്കുറ്റങ്ങളിലെ വിചാരണകള്‍ പൂര്‍ത്തിയാകുന്നതുവരെ രാജ്യത്ത് അവാമി ലീഗ് പാര്‍ട്ടിയെ നിരോധിച്ചിട്ടുമുണ്ട്. തീവ്രവാദ വിരുദ്ധ നിയമപ്രകാരം പാര്‍ട്ടിയുടെ ഓണ്‍ലൈന്‍ സാന്നിധ്യം ഉള്‍പ്പെടെ എല്ലാ പ്രവര്‍ത്തനങ്ങളും നിരോധിക്കുകയായിരുന്നു.
Content Highlight: Inciting massacre, unleashing violence; More charges filed against Sheikh Hasina