| Tuesday, 6th October 2026, 8:30 am

ഉടുപ്പി ലോഡ്ജില്‍ മുസ്‌ലിം യുവതിക്ക് മുറി നിഷേധിച്ച സംഭവം: മതത്തിന്റെ പേരില്‍ താമസ സൗകര്യം നിഷേധിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് സി.പി.ഐ.എം

നിഷാന. വി.വി

ഉഡുപ്പി: കര്‍ണാടകയിലെ ഉഡുപ്പിയില്‍ മുസ്‌ലിം യുവതിക്ക് താമസസൗകര്യം നിഷേധിച്ചതായി പരാതി. ഒക്ടോബര്‍ മൂന്നിന് ഉഡുപ്പി ശ്രീ കൃഷ്ണ മഠത്തിന് സമീപമുള്ള ബിര്‍ള ചൗള്‍ട്രി (Birla Choultry) എന്ന ലോഡ്ജിലാണ് സംഭവം.

മുസ്‌ലിം യുവതി സുഹൃത്തായ ശകുന്തളയ്ക്കും കുടുംബത്തിനുമൊപ്പം ശ്രീകൃഷ്ണ മഠം സന്ദര്‍ശിക്കാന്‍ എത്തിയതായിരുന്നു. ശേഷം ലോഡ്ജില്‍ മുറിയെടുക്കുന്നതിനിടെയായിരുന്നു യുവതിക്ക് മാത്രം റൂം നല്‍കില്ലെന്ന് അറിയിച്ചത്.

ആധാര്‍ കാര്‍ഡ് പരിശോധിച്ച ശേഷം മുസ്‌ലിം യുവതിക്ക് മുറി നല്‍കാന്‍ ലോഡ്ജ് ജീവനക്കാര്‍ വിസമ്മതിക്കുകയായിരുന്നുവെന്ന് സി.പി.ഐ.എം ജില്ലാ കമ്മിറ്റി പറഞ്ഞു. മതത്തിന്റെ അടിസ്ഥാനത്തില്‍ താമസസൗകര്യം നിഷേധിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും സംഭവത്തില്‍ ഉഡുപ്പി ജില്ലാ ഭരണകൂടം അടിയന്തരമായി ഇടപെട്ട് നടപടിയെടുക്കണമെന്നും പാര്‍ട്ടി നേതൃത്വം ആവശ്യപ്പെട്ടു.

അതേസമയം, സംഭവത്തില്‍ ശ്രീ കൃഷ്ണ മഠത്തിന് പങ്കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. നിലവില്‍ മഠത്തിന്റെ ചുമതല വഹിക്കുന്ന ഷിരൂര്‍ മഠം ദിവാനും വക്താവുമായ ഉദയകുമാര്‍ സരളത്തായ ആരോപണം പൂര്‍ണമായും നിഷേധിച്ചു. പരാതിക്ക് ആസ്പദമായ ലോഡ്ജ് മഠത്തിന്റെ കീഴിലുള്ളതല്ലെന്നും അത് ഒരു സ്വകാര്യ ട്രസ്റ്റാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. മഠത്തിന്റെ പ്രതിച്ഛായ മോശമാക്കാനാണ് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തുടര്‍ന്ന്, വിഷയത്തില്‍ ഇടപെട്ട സി.പി.ഐ.എം പ്രവര്‍ത്തകര്‍ യുവതിക്ക് പാര്‍ട്ടി പ്രവര്‍ത്തകന്റെ വീട്ടില്‍ താമസസൗകര്യം ഏര്‍പ്പെടുത്തി നല്‍കുകയായിരുന്നു.

Content Highlight: Incident where a Muslim woman was denied a room at an Udupi lodge: CPI(M) states that denying accommodation based on religion is unacceptable.

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

Latest Stories

We use cookies to give you the best possible experience. Learn more