| Tuesday, 1st September 2026, 8:00 am

മോദിയുടെ ചിത്രം നീക്കം ചെയ്ത സംഭവം: എനിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതില്‍ അഭിമാനം: അമിത് താക്കറെ

നിഷാന. വി.വി

പൂനെ: പൂനെയിലെ ഗവണ്‍മെന്റ് പോളി ടെക്‌നിക്ക് കോളേജില്‍ നിന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫോട്ടോ നീക്കം ചെയ്തതിന് പിന്നാലെ എം.എന്‍.എസ് മോധാവി രാജ് താക്കറെയുടെ മകന്‍ അമിത് താക്കറെയ്‌ക്കെതിരെ കേസ്.

അബേദ്ക്കറുടെയും ശിവജിയുടെയും ഫോട്ടോയ്ക്ക് അരികില്‍ പ്രധാന മന്ത്രിയുടെ ഫോട്ടോ വെച്ചതിനെ ചോദ്യം ചെയ്ത് അമിത്, അനുയായികളോട് അത് എടുത്ത് മാറ്റാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. പിന്നാലെയാണ് കേസ്.

അമിത് താക്കറെയെ കൂടാതെ 25 ഓളം പേര്‍ക്കെതിരെയും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഭാരതീയ ന്യായ സംഹിതയിലെ ക്രിമിനല്‍ അതിക്രമം, നിയമവിരുദ്ധമായി സംഘം ചേരല്‍, എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പൂനെയിലെ ശിവാജിനഗറിലുള്ള ഗവണ്‍മെന്റ് പോളിടെക്‌നിക് കോളേജിലാണ് സംഭവം.

വിദ്യാര്‍ത്ഥികളുടെ അടിസ്ഥാന സൗകര്യങ്ങള്‍ വിലയിരുത്തുന്നതിനും പരാതികള്‍ പരിഹരിക്കുന്നതിനുമായി അമിത് താക്കറെ കോളേജ് സന്ദര്‍ശിച്ചിരുന്നു. എന്നാല്‍ പ്രിന്‍സിപ്പലിന്റെ ഓഫീസില്‍ ശ്രിവാജിയുടെയും ഡോ. ബി.ആര്‍. അംബേദ്കറിന്റെയും ചിത്രങ്ങള്‍ക്ക് തൊട്ടടുത്തായി പ്രധാനമന്ത്രി മോദിയുടെ ചിത്രം സ്ഥാപിച്ചിരിക്കുന്നത് കണ്ടതോടെ അത് പ്രോട്ടോകോളിന് വിരുദ്ധമാണെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുകയായിരുന്നു.

സമകാലിക രാഷ്ട്രീയ നേതാക്കളെ ഇത്തരം ദേശീയ പ്രതീകങ്ങള്‍ക്ക് തുല്യമായി പ്രതിഷ്ഠിക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. പിന്നാലെ അദ്ദേഹത്തിന്റെ അനുയായികള്‍ ഓഫീസിന്റെ ചുമരില്‍ നിന്ന് പ്രധാനമന്ത്രിയുടെ ചിത്രം നീക്കം ചെയ്തു. നിലവിലെ ഭരണാധികാരികളുടെ ഔദ്യോഗിക ചിത്രങ്ങള്‍ വെവ്വേറെ ചുമരുകളില്‍ മാത്രമേ പ്രദര്‍ശിപ്പിക്കാവൂ എന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാല്‍ ഇതിന് പിന്നാലെ ബി.ജെ.പി രംഗത്തെത്തുകയും താക്കറെയുടേത് അപക്വമായ നിലപാടെന്ന് വിമര്‍ശിക്കുകയും ചെയ്തു. ഇത്തരത്തില്‍ പ്രധാനമന്ത്രിയുടെയും രാഷ്ട്രപതിയുടെയും ഫോട്ടോ വെക്കുന്നത് പ്രോട്ടോകോളിന്റെ ഭാഗമാണെന്നായിരുന്നു ബി.ജെ.പിയുടെ വാദം.

‘ഇത് ‘രാഷ്ട്രീയ അപക്വതയാണ്’ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ രാഷ്ട്രപതിയുടെയും പ്രധാനമന്ത്രിയുടെയും ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് ഔദ്യോഗിക പ്രോട്ടോക്കോളിന്റെ ഭാഗമാണ്,’ ബി.ജെ.പി നേതാക്കള്‍ പറഞ്ഞു.

പിന്നാലെയാണ് പൂനെ പൊലീസ് താക്കറെയ്ക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. ബി.ജെ.പി നേതാക്കളുടെ എതിര്‍പ്പിന് പിന്നാലെ കോളേജ് അധികൃതര്‍ ഫോട്ടോ പുനസ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ താന്‍ ചെയ്ത പ്രവര്‍ത്തിയില്‍ ‘അഭിമാനിക്കുന്നു’ എന്നായിരുന്നു അമിത് താക്കറെയുടെ പ്രതികരണം. തന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കുകയും ചെയ്തു.

Content Highlight: Incident of removing Modi’s picture: Proud to have a case registered against me – Amit Thackeray

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more