| Tuesday, 8th September 2026, 4:28 pm

വനിതാ ജീവനക്കാരെ ഒഴിവാക്കിയ സംഭവം; ഈഫല്‍ ടവര്‍ അടച്ചിട്ടു: മാപ്പ് പറഞ്ഞ് ബി.എ.പി.എസ്

അഞ്ജു ചന്ദ്രന്‍

പാരീസ്: ഈഫല്‍ ടവറില്‍ സന്ദര്‍ശനത്തിനെത്തിയ ഹിന്ദു സംഘടനയായ ബി.എ.പി.എസിന്റെ പ്രതിനിധി സംഘത്തിന്റെ ആവശ്യപ്രകാരം വനിതാ ജീവനക്കാരെ മാറ്റി നിര്‍ത്തിയെന്ന ആരോപണത്തില്‍ ജീവനക്കാര്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് ഈഫല്‍ ടവര്‍ അടച്ചിട്ടതായി റിപ്പോര്‍ട്ട്. സംഭവത്തില്‍ അന്വേഷണം നടത്താന്‍ പാരീസ് അധികൃതര്‍ ഉത്തരവിട്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സന്ദര്‍ശനത്തിനിടെ വനിതാ ജീവനക്കാരെ ജോലി സ്ഥലങ്ങളില്‍ നിന്ന് മാറ്റിനിര്‍ത്തിയെന്ന ആരോപണത്തില്‍ സംഘടന ഖേദം പ്രകടിപ്പിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. സന്ദര്‍ശകര്‍ക്ക് ഈഫല്‍ ടവറില്‍ പ്രവേശനം നിഷേധിച്ചെന്ന ആരോപണം ബി.എ.പി.എസ് തള്ളി.

വലിയ സംഘമായതിനാല്‍ മറ്റ് സന്ദര്‍ശകര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാനായി ഈഫല്‍ ടവര്‍ അധികൃതരുമായി ഏകോപിപ്പിച്ചാണ് സന്ദര്‍ശനം നടത്തിയതെന്നാണ് ബി.എ.പി.എസ് വിശദീകരണം.

എന്നാല്‍ സന്ദര്‍ശനത്തിനിടെ വനിതാ ജീവനക്കാരെ അവരുടെ ജോലിസ്ഥലങ്ങളില്‍ നിന്ന് മാറ്റിനിര്‍ത്തി പകരം പുരുഷ ജീവനക്കാരെ നിയോഗിക്കാന്‍ ആവശ്യപ്പെട്ടതായി സംഘടനയ്‌ക്കെതിരെ വിമര്‍ശനം ശക്തമായിരുന്നു.

സംഭവത്തില്‍ പ്രതിഷേധിച്ച് ഈഫല്‍ ടവര്‍ ജീവനക്കാര്‍ ഇന്നലെ സമരം നടത്തിയതോടെ ഈഫല്‍ ടവര്‍ സന്ദര്‍ശകര്‍ക്കായി അടച്ചിടേണ്ടിവന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വനിതാ ജീവനക്കാരെ മാറ്റിനിര്‍ത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് ജീവനക്കാരില്‍ നിന്നും കടുത്ത പ്രതിഷേധം ഉയര്‍ന്നതായി യൂണിയന്‍ പ്രതിനിധികള്‍ പറഞ്ഞു.

സംഭവത്തില്‍ പാരിസ് അധികൃതര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. വനിതാ ജീവനക്കാരെ ഒഴിവാക്കുന്ന തരത്തിലുള്ള ക്രമീകരണങ്ങള്‍ അനുവദിച്ചത് അംഗീകരിക്കാനാകാത്ത നടപടിയായിരുന്നുവെന്ന് ഈഫല്‍ ടവര്‍ നടത്തിപ്പുകാരായ സെറ്റ-യും വ്യക്തമാക്കിയതായി റിപ്പോര്‍ട്ടുകളുണ്ട്.

Content Highlights: Incident involving the exclusion of female staff; Eiffel Tower closed: BAPS apologizes.

അഞ്ജു ചന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം. കാലിക്കറ്റ് പ്രസ്‌ക്ലബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more