| Thursday, 26th November 2026, 11:07 am

ആശുപത്രി ശുചിമുറിയിൽ മൃതദേഹം കണ്ടെത്തിയ സംഭവം; പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന് ശേഷം തുടർനടപടിയെന്ന് കെ.മുരളീധരൻ

ശ്രീലക്ഷ്മി പി.പി

തിരുവനന്തപുരം: തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ശുചിമുറിയിൽ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.

ബൈസ്റ്റാൻഡർമാരില്ലാത്ത രോഗിയായിരുന്നു മരണപ്പെട്ടതെന്ന് മന്ത്രി വിശദീകരിച്ചു. ഇയാൾ ആശുപത്രിയിൽ നിന്ന് ഇറങ്ങിപ്പോയതിനെ തുടർന്ന് ആശുപത്രി അധികൃതർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. തുടർന്ന് 21-ാം തീയതിയാണ് അയാളുടെ മൃതദേഹം ബാത്റൂമിൽ കണ്ടെത്തിയത്. 19, 20 തീയതികളിൽ ഈ ശുചിമുറി ശുചീകരിച്ചിരുന്നതായാണ് ലഭിച്ച വിവരമെന്ന് അദ്ദേഹം പറഞ്ഞു.

അതിനാൽ മൃതദേഹം എത്രനേരം അവിടെ കിടന്നു എന്നതുൾപ്പെടെയുള്ള കൃത്യമായ വിവരങ്ങൾ പോസ്റ്റ്‌മോർട്ടം ഫലം വന്നാലേ വ്യക്തമാകൂ എന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ രോഗികളെ ഉപേക്ഷിച്ചുപോകുന്ന (നടതള്ളൽ) പ്രവണത വർധിച്ചുവരികയാണ്. ഓരോ മെഡിക്കൽ കോളേജിലും ഇത്തരത്തിൽ അറുപതോളം രോഗികൾ എത്തുന്നുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

ബൈസ്റ്റാൻഡർമാരില്ലാത്ത രോഗികൾക്ക് ഭക്ഷണം ഉൾപ്പെടെയുള്ള എല്ലാ സംരക്ഷണവും ആശുപത്രിയിൽ നിന്ന് സൗജന്യമായി നൽകുന്നുണ്ട്. എന്നാൽ, ഇവർക്ക് എന്തെങ്കിലും സംഭവിച്ചാൽ മാത്രമാണ് ബന്ധുക്കൾ എത്തുന്നത്. രോഗം ഭേദമായാൽ ഇവരെ ഡിസ്ചാർജ് ചെയ്ത് വിടുകയാണ് ചെയ്യുന്നത്, ആശുപത്രിയിൽ തന്നെ തുടരാൻ അനുവദിക്കാറില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

പരിയാരം മെഡിക്കൽ കോളേജിൽ രോഗികളുടെ കട്ടിൽ ഒടിഞ്ഞ് വീണ സംഭവത്തിൽ താൻ ചുമതലയേറ്റ ശേഷം കഴിഞ്ഞ 10 വർഷമായി തുടരുന്ന ഒരു ഡോക്ടറെയോ ജീവനക്കാരനെയോ മാറ്റിയിട്ടില്ലെന്ന് മന്ത്രി പറഞ്ഞു.

മഞ്ചേരി മെഡിക്കൽ കോളേജിലെ നേത്രവിഭാഗം അസോസിയേറ്റ് പ്രൊഫസറെ തിരുവനന്തപുരത്തേക്ക് മാറ്റിയതിനെക്കുറിച്ചുള്ള ചോദ്യത്തിന്, ആവശ്യമായ സൗകര്യങ്ങളില്ലാതെ ഒരു വിഭാഗം കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ലെങ്കിൽ അവിടുത്തെ ഡോക്ടർമാരെ സേവനം അത്യാവശ്യമുള്ള മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റുകയാണ് ചെയ്യുന്നതെന്ന് അദ്ദേഹം മറുപടി നൽകി.

സർക്കാർ ആശുപത്രികളിലെ പരിമിതികൾ താത്ക്കാലികമായി ക്രമീകരിച്ചാണ് മുന്നോട്ട് പോകുന്നതെന്നും, ഡോക്ടർമാരുടെ പുതിയ തസ്തികകൾ സൃഷ്ടിക്കുന്നതോടെ ഇതിന് ശാശ്വത പരിഹാരമാകുമെന്നും മന്ത്രി പറഞ്ഞു.

Content Highlight:Incident involving a body found in a hospital restroom; K. Muraleedharan states that further action will be taken following the post-mortem report.

ശ്രീലക്ഷ്മി പി.പി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കണ്ണൂര്‍ സര്‍വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more