| Tuesday, 11th March 2025, 12:24 pm

ഉത്തര്‍പ്രദേശില്‍ ഉരുളക്കിഴങ്ങിന് വിഷ്ണുവിന്റെ അവതാരങ്ങളുടെ രൂപസാദൃശ്യമെന്ന് വാദം; ക്ഷേത്രത്തില്‍ പ്രതിഷ്ഠിച്ച് വിശ്വാസികള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ വയലില്‍ നിന്നും കുഴിച്ചെടുത്ത ഉരുളക്കിഴങ്ങിന് വിഷ്ണുവിന്റെ നാല് അവതാരങ്ങളുടെ രൂപ സാദൃശ്യമുണ്ടെന്ന് അവകാശപ്പെട്ട് സംഭാലിലെ തുളസി മാനസ് ക്ഷേത്രത്തില്‍ പ്രതിഷ്ഠിച്ച് വിശ്വാസികള്‍. ബറേലിയിലെ കൈമ ഗ്രാമത്തിലാണ് സംഭവം.

വയലില്‍ നിന്നും കുഴിച്ചെടുത്ത ഉരുളക്കിഴങ്ങിന് വിഷ്ണുവിന്റെ ദശാവതാരത്തില്‍ നാല് അവതാരങ്ങളായ ആമ, പാമ്പ്, മത്സ്യം, പന്നി എന്നീ രൂപങ്ങളുടെ സാദൃശ്യമുണ്ടെന്ന് അവകാശപ്പെട്ടാണ് പ്രതിഷ്ഠ. ഹയാത്‌നഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കര്‍ഷകനായ രാം പ്രകാശ് വിളവെടുത്ത ഉരുളക്കിഴങ്ങാണ് ക്ഷേത്രത്തില്‍ പ്രതിഷ്ഠിച്ചത്.

സാധാരണയില്‍ നിന്നും വ്യത്യസ്തമായ ആകൃതിയിലുള്ള ഉരുളക്കിഴങ്ങ് ലഭിച്ചതിന് പിന്നാലെ കര്‍ഷകന്‍ തുളസി മാനസ് ക്ഷേത്രത്തിലേക്ക് കൊണ്ടുപോവുകയായിരുന്നു. പിന്നാലെ ക്ഷേത്രത്തിലെ പൂജാരി ഉരുളക്കിഴങ്ങ് പരിശോധിക്കുകയും ശ്രീരാമ വിഗ്രഹത്തിന്റെ താഴെ വയ്ക്കുകയുമായിരുന്നു.

ഈ ഉരുളക്കിഴങ്ങിന് വിഷ്ണുവിന്റെ അവതാരങ്ങളുടെ വ്യക്തമായ രൂപങ്ങളുണ്ടെന്നും വന്‍ഷ് ഗോപാല്‍ തീര്‍ത്ഥ ക്ഷേത്രത്തിന്റെ സമീപത്ത് നിന്നും ഏകാദശി ദിനത്തിലാണ് ഇത് കണ്ടെത്തിയതെന്നുമാണ് വിശ്വാസികളുടെ വാദം.

ഭഗവാന്‍ കല്‍ക്കി സംഭലില്‍ അവതരിക്കുമെന്നും അതിന് മുമ്പുണ്ടായ ചിത്രമാണിതെന്നും വര്‍ഷങ്ങളോളം ഇത് ആഘോഷിക്കുമെന്നും വിശ്വാസികള്‍ അവകാശപ്പെടുന്നു.

സംഭാലില്‍ അത്ഭുതങ്ങള്‍ സംഭവിച്ച് കൊണ്ടിരിക്കുകയാണെന്നും നഷ്ടപ്പെട്ട ക്ഷേത്രങ്ങളെല്ലാം വീണ്ടും കണ്ടെത്തി കൊണ്ടിരിക്കുകയാണെന്നും അവര്‍ പറഞ്ഞു.

Content Highlight: In Uttar Pradesh, it is claimed that potatoes resemble the avatars of Vishnu; Devotees install them in the temple

We use cookies to give you the best possible experience. Learn more