| Friday, 18th July 2025, 5:02 pm

യോഗി മുഖ്യമന്ത്രിയായ ശേഷം യു.പിയില്‍ പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത് 238 പേര്‍; 14,900 വെടിവെപ്പുകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെ 2017 മുതല്‍ ഉത്തര്‍പ്രദേശില്‍ നടന്നത് 14,900 വെടിവെപ്പുകളെന്ന് യു.പി പൊലീസ്. പൊലീസ് വെടിവെപ്പില്‍ 238 പേര്‍ കൊല്ലപ്പെട്ടെന്നും 30000 ത്തിലധികം ‘കുറ്റവാളിക’ളെയാണ് അറസ്റ്റ് ചെയ്തതെന്നും യു.പി പൊലീസ് പറയുന്നു.

എന്നാല്‍ നടന്ന വെടിവെപ്പുകളില്‍ പലതും ഏകപക്ഷീയമാണെന്ന് സമാജ്‌വാദി പാര്‍ട്ടി ആരോപിച്ചു.

‘കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ 14,973 ഓപ്പറേഷനുകളാണ് പൊലീസ് നടത്തിയത്. ഇതില്‍ 30,694 പേരെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞു,’ എന്നായിരുന്നു ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലീസ് രാജീവ് കൃഷ്ണ പറഞ്ഞത്.

ഇവരില്‍ പൊലീസിനെ ആക്രമിച്ച 9,467 പേരുടെ കാലില്‍ പൊലീസ് വെടിവെച്ചെന്നും 238 പേര്‍ ഏറ്റുമുട്ടലുകളില്‍ കൊല്ലപ്പെട്ടെന്നും പൊലീസ് പറഞ്ഞതായി ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു.

മുഖ്യമന്ത്രി ആദിത്യനാഥിന്റെ നിര്‍ദ്ദേശപ്രകാരം സംസ്ഥാനത്തെ കുറ്റകൃത്യങ്ങള്‍ക്കെതിരെ പൊലീസ് ശക്തായ നടപടി സ്വീകരിച്ചിട്ടുണ്ടെന്നാണ് രാജീവ് കൃഷ്ണ പറഞ്ഞത്. ഇതുവഴി രാജ്യത്ത് ഏറ്റവും മികച്ച നിയമ നിര്‍വഹണം നടത്തിയ സംസ്ഥാനമായി യു.പി മാറിയെന്നും അദ്ദേഹം അവകാശപ്പെട്ടു.

2017 ല്‍ യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെ ഉത്തര്‍പ്രദേശില്‍ കുറ്റവാളികള്‍ക്ക് ഇനി ഇടമുണ്ടാകില്ലെന്നും ഒന്നുകില്‍ അവര്‍ കുറ്റകൃത്യങ്ങള്‍ അവസാനിപ്പിക്കുകയോ അല്ലെങ്കില്‍ സംസ്ഥാനം വിടുകയോ വേണമെന്ന് നിര്‍ദേശിച്ചിരുന്നെന്നും പൊലീസ് പറയുന്നു.

പൊലീസ് പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം ഏറ്റവും കൂടുതല്‍ വെടിവെപ്പ് നടന്നിരിക്കുന്നത് പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ മീററ്റ് മേഖലയിലാണ്. 7,969 പേരെയാണ് അവിടെ നിന്നും പൊലീസ് അറസ്റ്റ് ചെയ്തത്. പൊലീസ് വെടിവെപ്പില്‍ 2,911 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ടെന്ന് രാജീവ് കൃഷ്ണ പറയുന്നു.

ആഗ്ര മേഖലയില്‍ 5,529 പേരെ അറസ്റ്റ് ചെയ്‌തെന്നും അതില്‍ 741 പേര്‍ക്ക് പരിക്കേറ്റെന്നും അദ്ദേഹം പറഞ്ഞു. ബറേലി മേഖലയില്‍ 4,383 പേരെ പിടികൂടി, അതില്‍ 921 പേര്‍ക്ക് പരിക്കേറ്റു.

എസ്.ടി.എഫും, ജില്ലാ കമ്മീഷണറേറ്റ് പൊലീസും ഉള്‍പ്പെട്ടതായിരുന്നു ഈ ഓപ്പറേഷനുകളില്‍ പലതും,’ അദ്ദേഹം പറഞ്ഞു.

ഭൂമി കൈയേറ്റം, കൊലപാതകം, മോഷണം എന്നീ കുറ്റകൃത്യങ്ങളില്‍ പങ്കാളികളായവരെ ലക്ഷ്യം വെച്ചുള്ളതാണ് പൊലീസ് നടപടിയെന്ന് രാജീവ് കൃഷ്ണ പറഞ്ഞു.

എന്നാല്‍ പൊലീസ് പുറത്തുവിട്ട ഈ റിപ്പോര്‍ട്ടിനെതിരെ പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസും രംഗത്തെത്തി. പൊലീസ് അവകാശപ്പെടുന്ന ഏറ്റുമുട്ടലില്‍ പലതും വ്യാജമാണെന്നും ഏകപക്ഷീയമാണെന്നും കോണ്‍ഗ്രസ് ആരോപിച്ചതായി ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു.

ഈ ഏറ്റുമുട്ടലുകളില്‍ ഇരയായ ആളുകളുടെ ജാതി, മതം, മറ്റ് സാമുദായിക വിശദാംശങ്ങള്‍ എന്നിവ കൂടി പൊലീസ് പുറത്തുവിടണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

ചില പ്രത്യേക സാമുദായിക വിഭാഗങ്ങളില്‍ നിന്നുള്ള ആളുകളെ പൊലീസ് മനപൂര്‍വം ലക്ഷ്യംവെക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് ഷാനവാസ് ആലം പറഞ്ഞു. നിലവിലെ സര്‍ക്കാരിനെതിരെ വിമര്‍ശനമുന്നയിക്കുന്നവര്‍ ടാര്‍ഗറ്റ് ചെയ്യപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടണമെന്നും ഷാനവാസ് ആലം പറഞ്ഞു.

2017 ല്‍ ഉത്തര്‍പ്രദേശില്‍ ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം വധശിക്ഷകളുടെ എണ്ണത്തിലും വര്‍ധനവുണ്ടായിട്ടുണ്ട്.

ആദിത്യനാഥ് അധികാരത്തിലെത്തിയ 2017 മാര്‍ച്ച് മുതല്‍ 2021 ഓഗസ്റ്റ് വരെ ഏകദേശം 8,500 ഏറ്റുമുട്ടലുകള്‍ നടന്നതായി ഔദ്യോഗിക രേഖകള്‍ പറയുന്നു. ഈ കാലയളവില്‍ ഏകദേശം 150 പേരാണ് പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത്.

Content Highlight: In U.P 238 killed in 14,900 gunfights since 2017: Uttar Pradesh Police

We use cookies to give you the best possible experience. Learn more