| Thursday, 6th March 2025, 8:32 am

തൃശൂരില്‍ റെയില്‍വേ ട്രാക്കില്‍ ഇരുമ്പ് തൂണ്‍ കയറ്റിവെച്ചു; തട്ടിത്തെറിപ്പിച്ച് ചരക്ക് ട്രെയിന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശൂര്‍: തൃശൂരില്‍ റെയില്‍വേ ട്രാക്കില്‍ ഇരുമ്പ് തൂണ്‍ കയറ്റിവെച്ചതായി കണ്ടെത്തി. ഇന്ന് (വ്യാഴം) പുലര്‍ച്ചെ 4.55നാണ് സംഭവം. തൃശൂര്‍ റെയില്‍വേ സ്റ്റേഷന് സമീപത്തായാണ് ട്രാക്കില്‍ ഇരുമ്പ് തൂണ് കയറ്റിവെച്ചതായി കണ്ടെത്തിയത്. തൃശൂര്‍-എറണാകുളം ഡൗണ്‍ലൈന്‍ പാതയിലാണ് അട്ടിമറി ശ്രമം നടന്നത്.

ട്രാക്കിലൂടെ കടന്നുപോയ ചരക്ക് ട്രെയിന്‍ ഈ ഇരുമ്പ് തൂണ്‍ തട്ടിത്തെറിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ചരക്ക് ട്രെയിനിന്റെ പൈലറ്റ് വിവരം റെയില്‍വേ അധികൃതരെ അറിയിച്ചു.

സംഭവത്തെ തുടര്‍ന്ന് ആര്‍.പി.എഫ് ഇന്റലിജന്‍സ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. റെയില്‍വേ സ്റ്റേഷനില്‍ നിന്ന് 100 മീറ്റര്‍ അകലെയാണ് സംഭവം നടന്നത്.

അടുത്തിടെ കൊല്ലം റെയില്‍വേ സ്റ്റേഷന് സമീപത്തായി ട്രാക്കില്‍ ടെലിഫോണ്‍ പോസ്റ്റ് കയറ്റിവെച്ചതായി കണ്ടെത്തിയിരുന്നു. ഫെബ്രുവരി 22നാണ് സംഭവം നടന്നത്. സംഭവത്തില്‍ രണ്ട് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കുണ്ടറ സ്വദേശി രാജേഷ്, പെരുമ്പുഴ സ്വദേശി അരുണ്‍ എന്നിവരാണ് പിടിയിലായത്.

തുടര്‍ന്ന് ഫെബ്രുവരി 23ന് പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു. കുണ്ടറ പൊലീസ് പ്രതികള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറില്‍, ട്രെയിന്‍ അപകടമുണ്ടാക്കി ജീവഹാനി വരുത്തണമെന്ന ഉദ്ദേശത്തോടെയാണ് പ്രതികള്‍ ട്രാക്കില്‍ പോസ്റ്റ് വെച്ചതെന്നാണ് പറയുന്നത്.

എന്നാല്‍ മുറിച്ച് വില്‍ക്കാന്‍ വേണ്ടിയാണ് പാളത്തില്‍ ടെലിഫോണ്‍ പോസ്റ്റ് കൊണ്ടുവെച്ചതെന്നാണ് പ്രതികള്‍ നല്‍കിയ മൊഴി.

കുണ്ടറയില്‍ ഓള്‍ഡ് ഫയര്‍ ഫോഴ്‌സ് ജങ്ഷന് സമീപത്തെ ട്രാക്കില്‍ ടെലിഫോണ്‍ പോസ്റ്റ് കണ്ട പ്രദേശവാസിയായ ഒരു യുവാവ്റ റെയില്‍വേ ജീവനക്കാരെയും എഴുകോണ്‍ പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് ട്രാക്കില്‍ നിന്ന് പോസ്റ്റ് നീക്കം ചെയ്തു. ട്രാക്കില്‍ രണ്ട് തവണ പോസ്റ്റ് വെച്ച് പ്രതികള്‍ അപകടമുണ്ടാക്കാന്‍ ശ്രമിച്ചുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

Content Highlight: In Thrissur, an iron pole was put on the railway track

We use cookies to give you the best possible experience. Learn more