| Sunday, 22nd November 2026, 12:16 pm

രഹസ്യങ്ങളുടെ മൂകസാക്ഷിയും കഥാപാത്രവുമായി രൂപാന്തരന്തപ്പെടുന്ന 'റോസ് വില്ല'

അനുപമ കെ. സീത

ഭൗമ എന്നാല്‍ ഭൂമിയുമായി ബന്ധപ്പെട്ടത് എന്നാണ് അർത്ഥം. റെജിൻ എസ്. ബാബുവിന്റെ ഭൗമയിൽ എല്ലാ കഥാപാത്രങ്ങളെയും പോലെ ഒരു ക്യാരക്ടറായിട്ട് തന്നെ റോസ് വില്ലയും സിനിമയിൽ മാറുകയാണ്. ചിത്രത്തെ സംബന്ധിച്ചിടത്തോളം എല്ലാ കഥാപാത്രങ്ങൾക്കുമുള്ള അത്ര തന്നെ പ്രാധാന്യം റോസ് വില്ലക്കും അതിന്റെ ഭൂമികക്കുമുണ്ട്. കാരണം മൂന്ന് കാലഘട്ടങ്ങളിലായി നടക്കുന്ന കഥയിൽ രണ്ട് ഘട്ടങ്ങൾ നടക്കുന്നത് റോസ് വില്ലയിൽ വെച്ചാണ്, അത് നേരിട്ട് തന്നെ സിനിമയിൽ കാണിക്കുന്നുമുണ്ട്.

യഥാർത്ഥത്തിൽ സിനിമയുടെ കഥ നടക്കുന്ന ഭൂമി പീരുമേട്ടിൽ സ്ഥിതി ചെയ്യുന്ന റോസ് വില്ലയാണ്. നിഗൂഢതകളും, രഹസ്യങ്ങളും, ആചാരങ്ങളുമെല്ലാം നടക്കുന്നത് അവിടെ വെച്ചാണ്. കഥ തുടങ്ങുന്നതും തുടരുന്നതും ആ ഭൂമിയിൽ വെച്ചാണ്. ഒടുവിൽ ഇനിയുമെന്തൊക്കെയോ സംഭവിക്കുമെന്ന ഭീതിയോടെ സിനിമ അവസാനിക്കുന്നതും അതേ ഭൂമിയിൽ വെച്ചാണ്.

പീരുമേട്ടിലെ മഞ്ഞു മൂടിയ മലനിരകൾക്കിടയിൽ സ്ഥിതി ചെയ്യുന്ന ഒരു വിക്ടോറിയൻ കാലഘട്ടത്തിലെ ഒരു പഴയ എസ്റ്റേറ്റ് ബംഗ്ലാവാണ് റോസ് വില്ല. ചിത്രത്തിലെ കേന്ദ്രബിന്ദു അഥവാ കാലഘട്ടങ്ങളെയും കഥാപാത്രങ്ങളെയും ബന്ധിപ്പിക്കുന്ന കണ്ണിയാണ് ആ ബംഗ്ലാവ്. കാലങ്ങളായി അവിടെ വെച്ച് നടക്കുന്ന ആഭിചാരക്രിയകൾക്കും ആത്മഹത്യക്കും കൊലപാതകങ്ങൾക്കും മൂകസാക്ഷിയാവുന്നത് റോസ് വില്ല മാത്രമാണ്. അതുകൊണ്ടാണ് ആ ബംഗ്ലാവിനൊരു പേടിപ്പിക്കുന്ന മുഖം വരുന്നത്.

ഭൗമ.Photo:Screen Grab/Facebook.com

ചുരുക്കത്തിൽ സിനിമയിലെ കഥാപാത്രങ്ങളെയും അവരുടെ ജീവിതത്തെയും പൊലീസ് അന്വേഷണങ്ങളെയും ഹൊറർ എലമെന്റിനെയും ഒന്നിപ്പിക്കുന്ന ഒരു പ്രധാന കഥാപാത്രമായി മാറുന്നുണ്ട് ആ പഴയ എസ്റ്റേറ്റ് ബംഗ്ലാവ്. അല്ലെങ്കിൽ പ്രേക്ഷകനെ അങ്ങനെ തോന്നിപ്പിക്കുകയാണ് സിനിമ. നായികയായ സെലിൻ അഥവാ സൺസെറ്റ് (രേവതി ശർമ) ജനിച്ചത് തുടങ്ങി സിനിമയുടെ അവസാനത്തിൽ ഈശോ (ദിലീഷ് പോത്തൻ) എന്ന പൊലീസുകാരൻ അന്വേഷണത്തിന്റെ ഭാഗമായി എത്തുന്നതും ഒരേ പശ്ചാത്തലത്തിലേക്കാണ്, അത് റോസ് വില്ലയാണ്. എല്ലാം ഒത്തുചേരുന്ന ഇടമായും എല്ലാമറിയുന്ന ഒരാളായും റോസ് വില്ല അങ്ങനെ രൂപാന്തരം പ്രാപിക്കുകയാണ്.

സിനിമക്ക് വേണ്ട ഭീതിയും നിഗൂഢതയും കൃത്യമായി നൽകാൻ ആ പഴയ എസ്റ്റേറ്റ് ബംഗ്ലാവിനാകുന്നുണ്ട് എന്നത് എടുത്തു പറയേണ്ട സവിശേഷത തന്നെയാണ്. മൂന്നാമതൊരാൾ, കാണാകൺമണി, ഇയ്യോബിന്റെ പുസ്തകം എന്നീ സിനിമകളിലൂടെ മലയാളി സിനിമാ പ്രേമികൾക്ക് സുപരിചിതമായ ബംഗ്ലാവാണ് ഭൗമയിലേത്. ആദ്യ കാഴ്ചയിൽ തന്നെ അത് തിരിച്ചറിയുമെങ്കിലും മാനസികമായി ആ സിനിമകളിൽ തോന്നാത്ത ഒരുതരം ഭീതി സൃഷ്ടിക്കാൻ റോസ് വില്ലയായി മാറിയ ആഷ്‌ലി ബംഗ്ലാവിന് കഴിഞ്ഞുവെന്ന് നിസംശയം പറയാം.

Content Highlight: In the movie Bouma, Rose Villa also becomes a character just like all the other characters

അനുപമ കെ. സീത

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more